എവറസ്റ്റിൽ നിന്ന് ബഹിരാകാശത്തേക്ക്, സ്പേസ് എക്സ് മുതൽ നാസ വരെ; ചരിത്രം കുറിക്കാൻ അനിൽ മേനോൻ
ബഹിരാകാശ ചരിത്രത്തിലേക്ക് ആദ്യമായൊരു മലയാളി. നാസയുടെ പുതിയ ബഹിരാകാശ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിക്കാനൊരുങ്ങുകയാണ് നാസാ ശാസ്ത്രജ്ഞൻ അനിൽ മേനോൻ.
അമേരിക്കയിലെ മിനിയാപൊളിസിൽ ജനിച്ചുവളർന്ന അനിലിന് എന്താണ് മലയാളി ബന്ധം. അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. മുതുമുത്തച്ഛൻ പ്രശസ്ത നിയമജ്ഞനും സ്വാതന്ത്ര്യസമര സേനാനിയുമായ സർ ചേറ്റൂർ ശങ്കരൻ നായർ. അമ്മ എലിസബത്ത് ഉക്രെയ്നിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ്. പലതവണ കേരളത്തിലെത്തിയിട്ടുണ്ട്. "ബഹിരാകാശത്തുനിന്ന് കേരളത്തിന്റെ മനോഹരമായ തീരപ്രദേശങ്ങളും കായലുകളും കാണാൻ ഞാൻ കാത്തിരിക്കുകയാണ്" എന്നാണ് അനിലിന്റെ വാക്കുകൾ.
ബഹിരാകാശ യാത്രികനിലേക്കെത്തും മുൻപ് ആരായിരുന്നു അനിൽ മേനോൻ? ഹാർവഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടി. സ്റ്റാൻഫഡിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ മറ്റൊരു ബിരുദം. പിന്നീട് മെഡിക്കൽ സ്കൂളിൽനിന്ന് മെഡിക്കൽ യോഗ്യത നേടി. എമർജൻസി മെഡിസിൻ ഫിസിഷ്യനായി. എയ്റോസ്പേസ് മെഡിസിനിൽ ആഴത്തിലുള്ള പഠനം നടത്തി. നാഡീവ്യവസ്ഥയെ ദുർബലമാകുന്ന ഹണ്ടിങ്ടൻ ഡിസീസ് എന്ന രോഗാവസ്ഥയെപ്പറ്റി നടത്തിയ ഗവേഷണം ശ്രദ്ധേയമായി.
യുഎസ് എയർഫോഴ്സിൽ പ്രവർത്തിക്കുന്നതിനിടെ ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലും ജോലി ചെയ്തു. ഈ സമയം ഹെയ്റ്റിയിലും നേപ്പാളിലുമുൾപ്പെടെ ഭൂകമ്പ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തിരുന്നു. എവറസ്റ്റിൽ പർവതാരോഹകർക്ക് വൈദ്യസഹായം നൽകുന്ന ഹിമാലയൻ റെസ്ക്യൂ അസോസിയേഷനിലും പ്രവർത്തിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾക്കായി റോട്ടറി അംബാസേഡോറിയൽ സ്കോളർ എന്ന നിലയിൽ ഒരു വർഷം ഇന്ത്യയിലും ചിലവഴിച്ചു. പൈലറ്റായി 1,000 മണിക്കൂറിലധികം പ്രവർത്തിച്ച അനിൽ സർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയാണ്.
2014-ലാണ് ഫ്ലൈറ്റ് സർജനായി നാസയിൽ ചേരുന്നത്. അവിടെ ഐഎസ്എസിലെ ബഹിരാകാശയാത്രികരോടൊപ്പം പ്രവർത്തിച്ചു. 2018-ൽ സ്പേസ് എക്സിലേക്ക്. ആദ്യത്തെ ഫ്ലൈറ്റ് സർജനും പിന്നീട് അതിന്റെ മെഡിക്കൽ ഡയറക്ടറുമായി. സ്പേസ്എക്സിനെ ആദ്യത്തെ മനുഷ്യരഹിത ബഹിരാകാശ ദൗത്യങ്ങൾക്കായി തയ്യാറെടുക്കുന്നതിന് പിന്തുണ നൽകി. സ്പേസ് എക്സിന്റെ ആദ്യത്തെ ക്രൂ വിക്ഷേപണമായ ഡെമോ-2, ലോകത്തിലെ ആദ്യത്തെ സിവിലിയൻ ഓർബിറ്റൽ ഫ്ലൈറ്റ് ആയ ഇൻസ്പിരേഷൻ4 തുടങ്ങിയ ദൗത്യങ്ങളിലും പങ്കാളിയായി. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഹെവി-ലിഫ്റ്റ് ലോഞ്ച് സംവിധാനമായ സ്റ്റാർഷിപ്പിന്റെ വികസനത്തിന് പിന്നിലും അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. അങ്ങനെ പ്രായോഗിക തലത്തിൽ പ്രവർത്തിച്ചുള്ള പരിചയം ഒരുപാടുണ്ട്. 2021-ൽ നാസയുടെ ബഹിരാകാശ യാത്രികനായി അനിൽ തിരഞ്ഞെടുക്കപ്പെട്ടു. 12,000-ത്തിലധികം അപേക്ഷകരിൽ നിന്ന് ആസ്ട്രോനട്ട് ഗ്രൂപ്പ് 23-ൽ ചേരാൻ നാസ തിരഞ്ഞെടുത്ത വ്യക്തി. അങ്ങനെ രണ്ടു വർഷത്തെ പരിശീലനവും നേടി.
അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. 2024 സെപ്തംബറിൽ സ്പേസ്എക്സ് പോളാരിസ് ഡോൺ സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി അന്ന ഏകദേശം അഞ്ച് ദിവസം ഭ്രമണപഥത്തിൽ സഞ്ചരിച്ചിരുന്നു.
ബഹിരാകാശത്തേക്ക്...
കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് അനിൽ മേനോന്റെ സ്വപ്നയാത്ര. എട്ടുമാസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ റഷ്യൻ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരും ഒപ്പമുണ്ടാകും. ബഹിരാകാശനിലയത്തിലെ ഫ്ലൈറ്റ് എൻജിനീയറുടെ പതിവ് ജോലികൾക്ക് പുറമെ മൈക്രോ ഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിന്റെ രക്തയോട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തും. സൂക്ഷ്മഗുരുത്വാകർഷണത്തിൽ ശരീരത്തിലെ ദ്രാവകങ്ങൾ മുകൾഭാഗത്തേക്ക് തള്ളപ്പെടുന്നതും പഠനവിധേയമാക്കും. കുടിവെള്ളത്തിൽ നിന്ന് ഐവി ഫ്ലൂയിഡുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള മെഡിക്കൽ പരിശോധനകളും ഭാവിയിലെ ദീർഘദൂര ദൗത്യങ്ങൾക്ക് സഹായകമാകുന്ന പുതിയ മെഡിക്കൽ സാങ്കേതികവിദ്യകളും പരീക്ഷിക്കും.
പ്രശാന്ത് ബാലകൃഷ്ണൻ പിന്നാലെ മലയാളികൾക്ക് അഭിമാനവും പ്രചോദനവുമാവുകയാണ് അനിൽ. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാനായി തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ് ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ഇന്ത്യൻ എയർഫോഴ്സിലെ ഏറ്റവും പരിചയസമ്പന്നരായ ഫൈറ്റർ പൈലറ്റുകളിൽ ഒരാളായ അദ്ദേഹം പാലക്കാട് ജില്ലയിലെ നെന്മാറ സ്വദേശിയാണ്.
Content Highlights: Anil Menon is the first person of Malayali origin selected as a NASA astronaut. His historic mission involves an eight-month stay at the International Space Station. He has a distinguished background in aerospace medicine and emergency medicine. The mission includes cutting-edge research on microgravity and human health. Anil Menon is part of a new era of space exploration alongside Indian Gaganyaan astronaut Prasanth Balakrishnan Nair.