പുഷ്-പുൾ സാങ്കേതികവിദ്യയും 'ജർക്ക്-ഫ്രീ' യാത്രയും: അമൃത് ഭാരതിലെ സവിശേഷതകൾ

#നന്ദു ശേഖർ

അമൃത് ഭാരത് എക്സ്പ്രസ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സുരക്ഷിതമായ ദീർഘദൂര യാത്ര ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച പുതിയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്. വന്ദേഭാരത് പോലെ വലിയ നിരക്കിലുള്ള എസി ട്രെയിനല്ല. എസി ഇല്ലാത്ത പുത്തൻ കോച്ചുകൾ. അത്യാധുനിക സാങ്കേതികവിദ്യയും യാത്രാസൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമായും നോൺ-എസി സ്ലീപ്പർ, ജനറൽ ക്ലാസുകൾ മാത്രമുള്ള ദീർഘദൂര ട്രെയിനുകളാണ്. 800 കിലോമീറ്ററിലധികം ദൂരമുള്ള അല്ലെങ്കിൽ 10 മണിക്കൂറിലധികം യാത്രാസമയമുള്ള നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നുള്ളതാണ് അമൃത് ഭാരതിലൂടെ റെയിൽവേ ലക്ഷ്യം വെക്കുന്നത്.

പുഷ്-പുൾ സാങ്കേതികവിദ്യയാണ് അമൃത് ഭാരതിനുള്ളത്. ഇത്തരം ട്രെയിനുകളുടെ മുന്നിലും പിന്നിലും ഓരോ ലോക്കോമോട്ടീവുകൾ ഘടിപ്പിച്ചിരിക്കും. ഇത് പെട്ടെന്ന് വേഗത കൈവരിക്കാനും നിർത്താനും സഹായിക്കും. അതായത് എൻജിൻ മാറ്റിയിടാനുള്ള സമയവും ലാഭിക്കാം . കൂടാതെ മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും ഇവയ്ക്ക് സാധിക്കും. നിലവിൽ 22 കോച്ചുകളാണ് ലക്ഷ്യമിടുന്നത്, ഇതിൽ 10 സ്ലീപ്പർ കോച്ചുകളും 10 ജനറൽ കോച്ചുകളും 2 പാഴ്സൽ വാനുകളും ഉൾപ്പെടുന്നു.

സിസിടിവി ക്യാമറകൾ, ബയോ വാക്വം ടോയ്‌ലറ്റുകൾ, സെൻസർ അധിഷ്ഠിത വാട്ടർ ടാപ്പുകൾ, ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവ ഇതിലുണ്ട്. യാത്രയ്ക്കിടയിലുള്ള കുലുക്കം ഒഴിവാക്കുന്നതിനായി 'സെമി-പെർമനന്റ് കപ്ലറുകൾ' ഉപയോഗിച്ചിരിക്കുന്നു. 1,000 കിലോമീറ്ററിന് ഏകദേശം 500 രൂപയാണ് സ്ലീപ്പർ ക്ലാസ് നിരക്ക്. ഇതിൽ തിരക്കുള്ള സമയങ്ങളിൽ നിരക്ക് വർദ്ധിപ്പിക്കുന്ന ഡൈനാമിക് പ്രൈസിംഗ് ഇല്ല. കൂടാതെ, 2026 ജനുവരി മുതൽ സ്ലീപ്പർ ക്ലാസിൽ ആർഎസി (RAC) ടിക്കറ്റുകൾ ഉണ്ടാകില്ല; ടിക്കറ്റുകൾ കൺഫേം ആകുകയോ വെയ്റ്റിംഗ് ലിസ്റ്റിൽ ആകുകയോ ചെയ്യും.

അമൃത് ഭാരത് കേരളത്തിൽ

കേരളത്തിന് മൂന്ന് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഇവ സതേൺ റെയിൽവേ സോൺ ആണ് പ്രവർത്തിപ്പിക്കുന്നത്.

പ്രധാന റൂട്ടുകൾ

  1. തിരുവനന്തപുരം സെൻട്രൽ - താംബരം (ചെന്നൈ)
  2. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ചർലപ്പള്ളി (ഹൈദരാബാദ്). ഈ ട്രെയിനിന് വർക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് തുടങ്ങി 29 സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
  3. നാഗർകോവിൽ - മംഗളൂരു (കേരളത്തിലൂടെ): കേരളത്തിന്റെ തീരപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിർത്തും.

അമൃത് ഭാരതും വന്ദേ ഭാരതും

അമൃത് ഭാരത് എക്സ്പ്രസും വന്ദേഭാരത് എക്സ്പ്രസും ഇന്ത്യൻ റെയിൽവേയുടെ ആധുനിക ട്രെയിൻ സേവനങ്ങളാണെങ്കിലും, അവയുടെ ലക്ഷ്യസ്ഥാനവും യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. വന്ദേഭാരത് എക്സ്പ്രസ് ഉയർന്ന വേഗതയും ആഡംബരവും ആഗ്രഹിക്കുന്ന പ്രീമിയം യാത്രക്കാരെ ലക്ഷ്യം വെക്കുമ്പോൾ, അമൃത് ഭാരത് എക്സ്പ്രസ് സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സുരക്ഷിതമായ ദീർഘദൂര യാത്ര ഉറപ്പാക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വന്ദേ ഭാരത് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ചെയർ കാർ അല്ലെങ്കിൽ സ്ലീപ്പർ വേരിയന്റുകൾ മാത്രമുള്ള ട്രെയിനാണെങ്കിൽ, അമൃത് ഭാരത് നോൺ-എസി സ്ലീപ്പർ, ജനറൽ അൺറിസർവ്ഡ് കോച്ചുകൾ മാത്രമുള്ള സേവനമാണ്.

ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ അമൃത് ഭാരത് വളരെ കുറഞ്ഞ നിരക്ക് ഈടാക്കുമ്പോൾ, വന്ദേ ഭാരതിന്റേത് പ്രീമിയം സേവനമായതിനാൽ ഉയർന്ന നിരക്കാണ്. അമൃത് ഭാരതിൽ സ്ലീപ്പർ ക്ലാസിൽ ആർഎസി സീറ്റുകൾ ഉണ്ടാകില്ല എന്നതും ടിക്കറ്റുകൾ ഒന്നുകിൽ കൺഫേം അല്ലെങ്കിൽ വെയ്റ്റിംഗ് ലിസ്റ്റ് എന്ന രീതിയിലായിരിക്കും എന്നതും ഒരു പ്രധാന പ്രത്യേകതയാണ്. എന്നാൽ വന്ദേ ഭാരതിൽ വെയ്റ്റിംഗ് ലിസ്റ്റ് ഇല്ലാതെ കൺഫേം ആയ ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂ.

വേഗതയുടെ കാര്യത്തിൽ വന്ദേ ഭാരത് കൂടുതൽ വേഗത്തിൽ സഞ്ചരിക്കുകയും കുറഞ്ഞ സ്റ്റോപ്പുകൾ മാത്രം അനുവദിക്കുകയും ചെയ്യുമ്പോൾ, അമൃത് ഭാരത് സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് സമാനമായ വേഗതയിലാണ് (മണിക്കൂറിൽ 110-130 കി.മീ) സഞ്ചരിക്കുന്നത്. സൗകര്യങ്ങൾ പരിശോധിക്കുമ്പോൾ, വന്ദേ ഭാരത് പ്രീമിയം ഇന്റീരിയർ, കാറ്ററിംഗ് സൗകര്യങ്ങൾ, ശാന്തമായ യാത്ര എന്നിവ നൽകുമ്പോൾ അമൃത് ഭാരത് സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്. സിസിടിവി ക്യാമറകൾ, ബയോ വാക്വം ടോയ്‌ലറ്റുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, സെൻസർ അധിഷ്ഠിത വാട്ടർ ടാപ്പുകൾ എന്നിവ അമൃത് ഭാരതിലും ലഭ്യമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, അമൃത് ഭാരത് സാധാരണക്കാർക്കായുള്ള മിതമായ നിരക്കിലുള്ള ആധുനിക ട്രെയിനാണെങ്കിൽ, വന്ദേ ഭാരത് റെയിൽവേയുടെ ഏറ്റവും മികച്ച പ്രീമിയം സേവനമാണ്.