എന്താണ് ഒ.സി.ഐ. കാർഡ്? കാർഡുള്ളവർക്ക് ഇന്ത്യയിൽ പ്രതിഷേധിക്കാമോ? അവകാശങ്ങളും നിയന്ത്രണങ്ങളും അറിയാം

മുംബൈയിൽ നടന്ന രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകാൻ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ.) നോട്ടീസ് നൽകി. അമേരിക്കൻ പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡുമുള്ള ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് വിവാദമായതോടെയാണ് നടപടി. ഇതോടെ ഒ.സി.ഐ. കാർഡ് ഉടമകളുടെ അവകാശങ്ങളും നിയന്ത്രണങ്ങളും വീണ്ടും ചർച്ചയാവുകയാണ്.

ഒക്ടോബർ 10-ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന ധർണ്ണയിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. എസ്‌.ഐ.ആർ. നടപടികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പ്രതിഷേധം. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.), വിവിധ രാഷ്ട്രീയ പാർട്ടികൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിനിടെ നടൻ ഇമ്രാൻ ഖാൻ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വിദേശ പൗരത്വമുള്ള ഒരാൾ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തത് ചോദ്യം ചെയ്ത് ബി.ജെ.പി. നേതാവ് കിരീട് സോമയ്യ പോലീസിലും എഫ്.ആർ.ആർ.ഒ.യിലും പരാതി നൽകുകയായിരുന്നു. സോമയ്യയുടെ പരാതിയെത്തുടർന്നാണ് ഒക്ടോബർ 28-നകം രാജ്യത്തുനിന്ന് പുറത്തുപോകാൻ എഫ്.ആർ.ആർ.ഒ. ഇമ്രാൻ ഖാന് നിർദ്ദേശം നൽകിയത്.

എന്താണ് ഒ.സി.ഐ. കാർഡ്?

വിദേശ പൗരത്വമുള്ള അർഹരായ ഇന്ത്യൻ വംശജർക്കായി 2005-ലാണ് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ.) പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത്. വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് ഇന്ത്യ സന്ദർശിക്കുന്നതിനും താമസിക്കുന്നതിനും നിശ്ചിത പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. പേരിൽ 'സിറ്റിസൺഷിപ്പ്' എന്നുണ്ടെങ്കിലും ഒ.സി.ഐ. എന്നത് ഇരട്ട പൗരത്വമല്ല. ഒ.സി.ഐ. കാർഡുടമ ഒരു വിദേശ പൗരനായിത്തന്നെ തുടരുകയും മറ്റൊരു രാജ്യത്തിന്റെ പാസ്‌പോർട്ട് കൈവശം വെക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യൻ പൗരത്വമോ ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കുന്ന പൂർണ്ണ അവകാശങ്ങളോ നൽകുന്നില്ല.

Content Highlights: Actor Imran Khan received an FRRO notice to leave India by October 28. The notice follows his participation in a political protest in Mumbai on October 10. The incident has reignited discussions on OCI cardholder rights, restrictions, and legal boundaries in India.