'50 ഓളം പാട്ടുകൾ ചെയ്തുവെച്ചിട്ടുണ്ട്, പ്രത്യേകതരം കോമ്പിനേഷനാണ്, സമയമാകുമ്പോൾ ഇറക്കും' | Shane Nigam

ഓർത്തിരിക്കുമ്പോൾ സ്വയം പ്രചോദനം തോന്നുന്ന യാത്ര, റിയാലിറ്റി ഷോയിൽനിന്ന് തുടങ്ങി ഇപ്പോൾ ഇരുപത്തിയഞ്ചാമത് സിനിമയിൽ എത്തിനിൽക്കുന്ന യാത്രയെകുറിച്ച് ഷെയ്ൻ നിഗം പറയുന്നത് അങ്ങനെയാണ്. ‘ഒരു സാധാരണ പ്രേക്ഷകനെപോലെ എന്നെ തിരക്കഥ പിടിച്ചിരുത്തുന്നുണ്ടോ, ഞാൻ ചെയ്യുന്ന കഥാപാത്രം ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. തിരക്കഥയിൽ ഡെപ്ത്തുള്ള കഥാപാത്രം ഉണ്ടെങ്കിൽ മാത്രമേ എനിക്ക് അതിനുമുകളിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ’, സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഷെയ്ന്‌ പറയുന്നു. അടുത്തിടെ ഇറങ്ങിയ ബാൾട്ടി എന്ന ചിത്രത്തെകുറിച്ചും സിനിമാ ജീവിതത്തെകുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഷെയ്ന്‌ നിഗം.

‘സംഗീതം എനിക്ക് വളരെയധികം താത്പര്യമുള്ള മേഖലയാണ്. ഇപ്പോഴും എന്റെ കൈയ്യിൽ ഞാൻ ചെയ്ത ഒരു 50 ഓളം പാട്ടുകളുണ്ട്. അതെല്ലാം ഒരു സിനിമയ്ക്ക് ചേരുന്ന പാട്ടുകളല്ല. എന്റെ ജീവിതത്തിൽ ഞാൻ കടന്നുപോയ വികാരങ്ങളുള്ള, മോഡേൺ ഇൻസ്ട്രമേഷനുള്ള, മലയാളം മെലഡിയുള്ള പ്രത്യേകതരം കോമ്പിനേഷനാണ് ആ പാട്ടുകൾ. ഇന്നിപ്പോൾ കേൾക്കുന്ന പാട്ടുകളെ പോലെയല്ല അതൊന്നും. എങ്ങനെയാവും ആ പാട്ടുകൾ ഏറ്റെടുക്കപ്പെടുക എന്ന കാര്യത്തിൽ പേടിയാണ്. സമയമാകുമ്പോൾ പാട്ടുകൾ പുറത്തിറക്കും. കണ്ട് പരിചിതമല്ലാത്ത വിഷ്വലുകളും അതിലുണ്ടാവും’, ഷെയ്ന്‌ പറഞ്ഞു.

Content Highlights: Shane Nigam reflects on his journey from reality TV to his 25th film, emphasizing script depth and audience connection