പോലീസ് ജോലി ഒരിക്കലും ആഗ്രഹിച്ച് നേടിയതല്ല, പട്ടിണി കിടക്കാതിരിക്കാൻ കയറിയതാണ് - ഷാഹി കബീർ

'പോലീസ് ജോലി ഒക്കെ ആരെങ്കിലും ആഗ്രഹിച്ച് നേടിയെടുക്കുമോ? പി.എസ്.സി എഴുതി, കിട്ടിയ ജോലിക്ക് പോയതാണ്. പട്ടിണി കിടക്കാൻ പറ്റില്ലല്ലോ. ചോര കണ്ടാൽ തല കറങ്ങുന്ന ആളാണ് ഞാൻ...' പറയുന്നത് പോലീസ് കഥകൾ കൊണ്ട് മലയാള സിനിമാ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീർ ആണ്. താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ റോന്തിന്റെ വിശേഷങ്ങളുമായി അഭിനേതാക്കളായ റോഷൻ മാത്യൂസിനും ലക്ഷ്മി മേനോനുമൊപ്പം Talkies ൽ സംസാരിക്കുകയായിരുന്നു ഷാഹി.

കാക്കി പൂർണമായും അഴിച്ചു വെച്ച് ഇനി സിനിമക്കൊപ്പം തന്നെയാണെന്നും ഷാഹി പറഞ്ഞു. 'സർവീസ് പിരിയഡിൽ അഞ്ച് വർഷമേ ലീവ് തരാൻ പറ്റൂ, ഒന്നുകിൽ തിരിച്ച് ജോയിൻ ചെയ്യണം അല്ലെങ്കിൽ എന്നെ പിടികിട്ടാപുള്ളിയാക്കും. എന്നെ പിടികിട്ടാപുള്ളിയാക്കാൻ പോലീസിന് പറ്റില്ല, അതുകൊണ്ട് തന്നെ ഒരു തീരുമാനമെടുക്കാൻ പറഞ്ഞ് കോട്ടയത്തെ എസ്.പി എന്നെ വിളിച്ചിരുന്നു. അങ്ങനെ കാക്കി കുപ്പായം ഞാൻ എന്നെന്നേക്കുമായി അഴിച്ചു വച്ചു.' 

സിനിമയിലൂടെയും മറ്റും കണ്ട് ശീലിച്ച പല പോലീസ് കഥാപാത്രങ്ങളുണ്ട്. ഷാഹി എത്തരത്തിലുള്ള പോലീസായിരുന്നുവെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'പോലീസ് വേഷത്തിൽ കണ്ടാൽ പോലും നാട്ടുകർ മോനേ എന്ന് വിളിച്ചിരുന്ന പോലീസ് ആയിരുന്നു ഞാൻ, സ്നേഹം കൊണ്ടുള്ള വിളിയാണ് കേട്ടോ... ഈ സർവീസിനിടയ്ക്ക് ഉണ്ടായ ഒരുപാട് അനുഭവങ്ങളുണ്ട്, പറഞ്ഞാൽ തീരാത്ത അത്ര കഥകളുണ്ട്. ഇനിയും രണ്ട് മൂന്ന് പോലീസ് സിനിമകൾക്കുള്ള കഥകൾ ഇപ്പോൾ തന്നെ കയ്യിലുണ്ട്', ഷാഹി പറയുന്നു. ദിലീഷ് പോത്തൻ, റോഷൻ മാത്യൂ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന റോന്ത് താൻ ഇതുവരെ ചെയ്ത സിനിമകളെ അപേക്ഷിച്ച് കുറച്ച് ലൈറ്റ് ആണെന്ന് പറയുന്നു ഷാഹി. ചിത്രം ജൂൺ 13ന് തീയേറ്ററുകളിലെത്തും

Content Highlights: Interview with Shahi Kabir, Roshan Mathew, and Lekshmi Menon for the movie Ronth