ചടുലനൃത്തം, അപാരസംഗീതം; സമാനതകളില്ലാത്ത 'ഖലിബലി'
സഞ്ജയ് ലീലാ ഭൻസാലി അറിയപ്പെടുന്നത് തന്നെ ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ എന്നാണ്. 'രാംലീല'യ്ക്കും 'ബാജിറാവോ മസ്താനി'ക്കും ഒടുവില്‍ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് പുറത്തിറങ്ങിയ ഭൻസാലിയുടെ സിനിമയാണ് 'പദ്മാവത്'. ചിറ്റോറിലെ രജപുത്ര മഹാരാജാവിന്റെ പത്നിയായ പദ്മാവതിയുടെ കഥ പറഞ്ഞ ചിത്രത്തിൽ ദീപിക പദുക്കോണും ഷാഹിദ് കപൂറും രൺവീർ സിങ്ങുമൊക്കെയാണ് തകർത്തഭിനയിച്ചിരിക്കുന്നത്.
പദ്മാവതിലെ 'ഖലിബലി' എന്ന ഗാനം പകരംവെക്കാനാവാത്ത എനർജി ലെവൽ കൊണ്ട് പ്രേക്ഷകമനസ്സുകൾ കീഴടക്കിയ പാട്ടാണ്. പടത്തിലെ അലാവുദ്ദീൻ ഖിൽജി എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന രൺവീർ സിങ്ങിന്റെ വില്ലനിസം മുഴുവൻ ഈ ഗാനത്തിൽ കാണാനാകും. പ്രണയവും പകയും കാമവുമെല്ലാം അതിന്റെ തീവ്രതയിൽ അഭിനയിച്ചു ഫലിപ്പിച്ച രൺവീറിന്റെ ഞൊടിയിടയിൽ മിന്നിമായുന്ന ഭാവാഭിനയമാണ് പാട്ടിലുടനീളമുള്ള ക്ലോസപ്പ് ഷോട്ടുകളിലുള്ളത്.