‘മമ്മി ആൻഡ് മി’ ജീവിതത്തിലെ വഴിത്തിരിവ്, ഇഷ്ടം ജോസുട്ടിയോട് | Jeethu Joseph

#ശ്രീലക്ഷ്മി മേനോന്‍

ജീത്തു ജോസഫ് ചിത്രമെന്ന് പറയുമ്പോൾ പ്രേക്ഷകർ അമിത പ്രതീക്ഷ വയ്ക്കുന്നത് പലപ്പോഴും ഭാരമായി മാറാറുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ ടിപ്പിക്കൽ ജീത്തു ജോസഫ് ചിത്രം പോലെയൊന്നല്ലെന്നും ട്വിസ്റ്റുകൾ പ്രതീക്ഷിച്ച് കാണേണ്ടതല്ലെന്നും ജീത്തു പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകനൊപ്പം താരങ്ങളായ ലെന, ലിയോണ തിരക്കഥാകൃത്ത് ഡിനു തോമസ് എന്നിവർ Talkies ൽ

‘വലതു വശത്തെ കള്ളൻ ഒരു ക്രൈം ഡ്രാമയാണ്. ടീസറിൽ നിങ്ങൾ കണ്ടെത്തിയ ബ്രില്ലിൻസും മറ്റും എഡിറ്റർ വെറുതെ രസത്തിനു ചെയ്ത പരിപാടി ആണ്. ട്വിസ്റ്റുകൾ പ്രതീക്ഷിച്ചു പോകരുത്. മിറാഷ് ഇറങ്ങിയ സമയം ട്വിസ്റ്റുകളുടെ അയ്യരുകളി എന്നൊക്കെ റിവ്യൂ കണ്ടു. പക്ഷെ ഞങ്ങൾ അതിൽ ആകെ പ്ലാൻ ചെയ്ത ട്വിസ്റ്റ്‌ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ മാത്രമാണ്. ബാക്കി എല്ലാം പ്രേക്ഷകർ ആലോചിച്ചു എടുത്തതാണ്’- ജീത്തു പറയുന്നു

ഇത്ര സിനിമകൾ ചെയ്തിട്ടും ദൃശ്യം സംവിധായകൻ എന്ന് ബ്രാൻഡ് ചെയ്യപ്പെടുന്നുണ്ടെന്ന് പറയുന്നു ജീത്തു. ‘ദൃശ്യത്തിന്റെ വൻ വിജയത്തിന് ശേഷം പലരും എന്റെ മറ്റ്‌ സിനിമകൾ തേടിപിടിച്ചു കണ്ട് തുടങ്ങി. അങ്ങനെ നോർത്തിൽ ഉള്ളവർക്ക് വരെ ഇഷ്ടമായ സിനിമയാണ് മെമ്മറീസ്. പക്ഷെ എന്നും എന്റെ പ്രിയപ്പെട്ട സിനിമ ‘മമ്മി ആൻഡ് മി’യും ‘ലൈഫ് ഓഫ് ജോസുട്ടി’യുമാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതങ്ങളാണ് ആ സിനിമകൾ. അതിൽ എന്റെ കരിയറിൽ തന്നെ വഴിത്തിരിവായത് മമ്മി ആൻഡ് മി ആണ്’- ജീത്തു പറയുന്നു

Content Highlights: Director Jeethu Joseph discusses his latest film `Valathuvashathe Kallan. Stars Lena, Leona, and writer Dinu Thomas join him.