ഒന്ന് തല ചൊറിഞ്ഞാൽ അപ്പോൾ 'പാ..പ..മാ' ട്രോളാവും, 'പസിക്കിത് മണി'യെന്ന പേരിൽ ഹോട്ടൽ വരെ തുടങ്ങി

"കണ്ണൻ വലുതായത് ഇപ്പോഴും പലരും അറിഞ്ഞിട്ടില്ല. അവനെയിന്നും ആ കൊച്ചു കുഞ്ഞായിട്ടാണ് പലരും കാണുന്നത്. കാളിദാസെന്ന് പോലും പറയാറില്ല. കണ്ണൻ തന്നെയാണ് അവർക്ക്. എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിൽ എവിടെ വച്ച് നിർത്തിയോ അവിടെ നിന്ന് വീണ്ടും തുടങ്ങുന്ന ഫീലാണെന്നാണ് ആശകൾ ആയിരത്തെക്കുറിച്ച് കണ്ണൻ പറയുന്നത്". ജയറാമും കാളിദാസും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ആശകൾ ആയിരത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജയറാം. ഒപ്പം ഷറഫുദ്ധീനും.
ക്യൂട്ട് ആയ ഒരു ടീസറോടെയാണ് ചിത്രത്തെ പ്രേക്ഷകർ ആദ്യം ഏറ്റെടുത്തത്. മദ്യപിച്ചെത്തുന്ന അച്ഛനും മകനും അമ്മയുടെ കണ്ണ് വെട്ടിച്ച് വീട്ടിൽ കയറിപറ്റുന്ന രംഗം. എത്ര തവണ വീട്ടിൽ ഈ സാഹചര്യത്തിൽ പിടികൂടിയിട്ടുണ്ടെന്ന ചോദ്യത്തിന് ജയറാമിന്റെ മറുപടി ഇങ്ങനെ .. ‘എന്ത് കള്ളത്തരം ചെയ്താലും എന്റെ മുഖം കണ്ടാൽ അശ്വതിക്ക് മനസിലാവും. അതുകൊണ്ട് ആ പരിപാടി അവിടെ നടക്കില്ല. കണ്ണന്റെ കാര്യവും അങ്ങനെത്തന്നെയാണ്.’
സോഷ്യൽ മീഡിയയിൽ ഹിറ്റായ മേജർ ശ്രീകുമാർ ട്രോളിനെക്കുറിച്ചും ജയറാം സംസാരിച്ചു. സ്വസ്ഥമായി തല ചൊറിയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വീട്ടിലുള്ളവർ പ്രത്യേകിച്ച് മകൾ ട്രോൾ ചെയ്ത് കൊല്ലാക്കൊല ചെയ്യാറുണ്ടെന്നും ജയറാം സമ്മതിക്കുന്നു. തന്റെ പൂരപ്രേമവും ആനപ്രേമവും കണ്ട് പണ്ടൊരു സുഹൃത്ത് ആനപിണ്ടം പൊതിഞ്ഞ് കൊടുത്താൽ ജയറാമിന്റെ ഡേറ്റ് കിട്ടുമെന്ന് പറഞ്ഞ കാര്യവും ജയറാം പൊട്ടിച്ചിരിയുടെ അകമ്പടിയോടെ പങ്കുവയ്ക്കുന്നു
Content Highlights: Jayaram and Kalidas Jayaram Reunite: 'Aashakal Aayiram'- interview with Jayaram and Sharaf U Dheen