‘സ്വപ്നങ്ങളുണ്ടെന്ന് മനസിലാക്കി തന്നത് ഭർത്താവ്, ഇഷ്ടങ്ങൾ ത്യാഗം ചെയ്ത് ജീവിക്കേണ്ട കാര്യമില്ല’

ഞാനെന്റെ മക്കൾക്ക് കൊടുത്തിരിക്കുന്ന ധൈര്യം എന്റെ അച്ഛനുമമ്മയും എനിക്ക് തന്നിട്ടുണ്ടായിരുന്നില്ല. വിവാഹമാണ് പ്രധാനമെന്നാണ് എന്നെ പഠിപ്പിച്ചിരുന്നത്. പത്ത് പതിനെട്ട് വയസാവുമ്പോൾ വിവാഹമൊക്കെ കഴിച്ച് കുടുംബിനി ആയി ജീവിക്കാനാണ് എന്നെ പ്രാപ്തയാക്കിയത് എന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയ നായിക ആശ ശരത്. മോഹൻലാൽ - സിബി മലയിൽ കൂട്ടുകെട്ടിലിറങ്ങിയ കമലദളത്തിൽ അഭിനയിക്കാൻ വന്ന അവസരം വേണ്ടെന്ന് വച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ല, വീട്ടുകാരുടെ താത്പര്യമായിരുന്നുവെന്ന് ആശ പറയുന്നു. ആ കാലങ്ങളിലൊക്കെ സിനിമയുടെ പോസ്റ്ററും മറ്റും കാണുമ്പോൾ സങ്കടം തോന്നുമായിരുന്നു. പക്ഷേ ജീവിതത്തിന്റെ ഒഴുക്കിൽ അതെല്ലാം മറന്നുകളഞ്ഞുവെന്നും ആശ പറയുന്നു. ജീവിതത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് ആശ ശരത് Yours Truly യിൽ

നമുക്ക് ഒരു ജീവിതമേ ഉള്ളൂ അതിൽ ഇഷ്ടങ്ങൾ ത്യാഗം ചെയ്ത് ജീവിക്കേണ്ട കാര്യമില്ല. പക്ഷേ അങ്ങനെ ഇഷ്ടങ്ങളെ പിന്തുടരാൻ ഒരു വലിയ സപ്പോർട്ട് സിസ്റ്റം നമുക്ക് ആവശ്യമാണ്. എനിക്ക് മോഹങ്ങളും സ്വപ്നങ്ങളും ഉണ്ടെന്നും ഡാൻസറും അഭിനേത്രിയുമൊക്കെ ആവണമെന്നൊക്കെ ആഗ്രഹങ്ങളുണ്ടായിരുന്നുവെന്നും എനിക്ക് തിരിച്ചറിവുണ്ടാക്കി തന്നത് എന്റെ ഭർത്താവാണ്, ആശ പറയുന്നു.

അനുരാഗകരിക്കിൻവെള്ളത്തിലെ സുമ എന്ന് പറയുന്ന കഥാപാത്രം തന്റെ അമ്മ തന്നെയാണെന്നാണ് ആശ പറയുന്നത്. അച്ഛനെ അത്രയും ഭയഭക്തിബഹുമാനത്തോടെയാണ് അമ്മ കണ്ടിരുന്നത്. അച്ഛൻ സുമതി എന്നൊന്ന് നീട്ടി വിളിച്ചാൽ അമ്മ ഞെട്ടും അത്രയ്ക്ക് പേടിയായിരുന്നു. എന്തിനാ അങ്ങനെ ഞെട്ടുന്നതെന്ന് ഞാൻ ചോദിക്കാറുണ്ട്. ഭർത്താവിനോട് വേണ്ട വികാരം പ്രണയമല്ലേ എന്ന് ചോദിച്ചാൽ അതൊക്കെ നിനക്ക്, എനിക്ക് പേടിയാണെന്ന മറുപടിയാണ് അമ്മ തരാറുള്ളത്. വീട്ടിലെ ഏറ്റവും ഇളയ ആളാണ് ഞാൻ, രണ്ട് ചേട്ടന്മാരുണ്ടെനിക്ക്. എന്ത് ചെയ്താലും എവിടെ പോകണമെങ്കിലും അനുവാദം ചോദിച്ച് പോകേണ്ട സാഹചര്യമായിരുന്നു. ഞാൻ കണ്ട് വളർന്ന ഭർത്താവ് ഇങ്ങനെ ആയതുകൊണ്ട് എന്റെ വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് സംശയമായി ഇത് ഭർത്താവ് തന്നെയാണോ എന്ന്. അച്ഛന് അമ്മ എല്ലാം ചെയ്തുകൊടുക്കണമായിരുന്നു. നേരെ മറിച്ച് ശരത്തേട്ടനാണെങ്കിൽ എല്ലാം സ്വയം ചെയ്യുന്ന ആളും. എല്ലാം കൊണ്ടും വ്യത്യസ്നായ മനുഷ്യൻ. എനിക്കെന്തെങ്കിലും തെറ്റ് പറ്റിയതാണോ ഇങ്ങനെ തന്നെയാണോ വിവാഹം കഴിഞ്ഞാൽ എന്നൊക്കെ ഞാൻ ചിന്തിച്ചു കൂട്ടിയിട്ടുണ്ട്. നല്ല ചെറിയ പ്രായത്തിൽ വിവാഹം ചെയ്തത് കൊണ്ട് തന്നെ ഞങ്ങളൊന്നിച്ചാണ് വളർന്നത്. ജീവിതം കരുപിടിപ്പിച്ചത്, ആശ പറയുന്നു.

Content Highlights: Asha Sharath's Journey: Balancing Family, Films, and a Fulfilling Life