എമ്പുരാനും വീര ധീര സൂരനും 27ന് തന്നെ കാണും, ഭാര്യ ഏത് സിനിമ ആദ്യം കാണുമെന്ന് അറിയില്ല - വിക്രം
മലയാളത്തിൽ ഇപ്പോൾ ഇറങ്ങുന്ന സിനിമകളെല്ലാം മനോഹരമാണെന്ന് നടൻ വിക്രം. പൊന്മാൻ, രേഖാചിത്രം, മാർക്കോ എന്നീ പുതിയ മലയാള ചിത്രങ്ങളൊക്കെ കണ്ടിട്ടുണ്ട്. മാർക്കോയിലേത് പോലെയുള്ള ഫൈറ്റ് സീനുകൾ ഇന്ത്യൻ സിനിമയിൽ ഇല്ല. ഇനി റിലീസ് ചെയ്യാനൊരുങ്ങുന്ന എമ്പുരാൻ വലിയ വിജയമാകണമെന്ന് എനിക്കും എല്ലാ മലയാളികൾക്കും ആഗ്രഹമുണ്ട്. നടനായിരുന്ന പൃഥിരാജ് ലൂസിഫർ ചെയ്തപ്പോൾ ഞാൻ ഞെട്ടി. എമ്പുരാന്റെ ട്രെയിലർ കണ്ടപ്പോഴും വലിയ പ്രതീക്ഷയുണ്ട്. മലയാളം സിനിമയിൽ റെക്കോർഡുകൾ നേടുന്ന പാൻ ഇന്ത്യൻ ചിത്രമാവട്ടെ എമ്പുരാൻ എന്ന് ആശംസിക്കുകയാണ്. എമ്പുരാൻ ഇറങ്ങുന്ന 27ന് തന്നെയാണ് വീര ധീര സൂരനും റിലീസ് ആവുന്നത്. ഞാനും എന്റെ ഭാര്യയും അന്നേ ദിവസം തന്നെ രണ്ട് സിനിമയും കാണും. പക്ഷേ ഭാര്യ ഏത് ചിത്രമാവും ആദ്യം കാണുകയെന്ന് അറിയില്ലെന്നും വിക്രം പറഞ്ഞു. വീര ധീര സൂരന്‍ പാര്‍ട്ട്-2 സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ലുലു മാളില്‍ സംസാരിക്കുകയായിരുന്നു വിക്രം. സിനിമയിലെ മറ്റ് പ്രധാനതാരങ്ങളായ എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍, സംവിധായകന്‍ എസ്.യു. അരുണ്‍കുമാര്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.