എഥനോളിന് ഒരു മറുവശമുണ്ട്; ബെർണിഹാട്ടിന്റെ ഹൃദയത്തിലൂടെ

മരപ്പലകകൾ ഒരേ അകലത്തിൽ കുത്തിവെച്ച് പണിത വേലി. വേലി തീരുന്നിടത്ത് കടുംമഞ്ഞയായൊരു പുഴയൊഴുകുന്നുണ്ട്. ചെടികളും പൂക്കളുംകൊണ്ട് നിറഞ്ഞ മുറ്റത്തിനപ്പുറം വരാന്തയിൽ എലിൻ സിംഗ്ലി നിൽക്കുന്നു. അവൾ നട്ടുവളർത്തിയ പൂന്തോട്ടമാണ് നമ്മെ വരവേറ്റത്.
''നിങ്ങള് വേനൽക്കാലത്തായിരുന്നു വരേണ്ടത്. ഞങ്ങളുടെ ജീവിതം എന്താണ് എന്ന് കുറേക്കൂടി നന്നായി മനസ്സിലാകുമായിരുന്നു.'' സുന്ദരമായൊരു ചിരിയോടെ സിംഗ്ലി ഞങ്ങളെ സ്വീകരിച്ചു.
ബെർണിഹാട്ടിലെ ജീവിതത്തിന് പരിസ്ഥിതിയുമായി അടുത്ത ബന്ധമാണ്. മലനിരകൾ കൊണ്ട് ചുറ്റപ്പെട്ട മനോഹര ദേശം. വാഴയും പ്ലാവും കവുങ്ങും വെറ്റിലയും മുരിങ്ങയുമെല്ലാം നന്നായി വിളഞ്ഞു നിൽക്കുന്ന മണ്ണ്, നിറഞ്ഞൊഴുകുന്ന പുഴ. വയലുകളിൽ പലവിധ പച്ചക്കറികൃഷി. തൊടിയിൽ വിരിഞ്ഞു നിൽക്കുന്ന ചെക്കിപ്പൂ.
നിറയെ പച്ചപ്പു പടർന്നൊരു ഗ്രാമമെന്ന് ബെർണിഹാട്ടിന്റെ വഴികളിലൂടെ നടക്കുമ്പോൾ നമുക്ക് തോന്നും. പക്ഷേ, എല്ലാം പുറംകാഴ്ചകൾ മാത്രമാണ്. പാടവും പുഴയും മലയും അതിലെ കായ്കനികളുമായി കഴിഞ്ഞിരുന്ന മനുഷ്യരുടെ പ്രതീക്ഷകളിലേക്ക് തൊഴിലും വികസനവുമെല്ലാം പറഞ്ഞ്, 1970-കളുടെ തുടക്കത്തിൽ ആദ്യമായൊരു ഫാക്ടറി വന്നു. വൻമരങ്ങൾ ഉപയോഗിച്ച് പല സാധനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയാണ് അന്ന് സ്ഥാപിക്കപ്പെട്ടത്. നാട്ടിലേക്ക് വലിയ കെട്ടിടവും ലോറികളും കമ്പനി നടത്തിപ്പിന് ഉദ്യോഗസ്ഥരും തൊഴിലാളികളുമെല്ലാം വന്നുതുടങ്ങിയത് പ്രദേശവാസികൾ കണ്ടു നിന്നു. ഫാക്ടറിയിലെ ചില തൊഴിലുകളിലേയ്ക്ക് ഇന്നാട്ടുകാരും പരിഗണിക്കപ്പെട്ടു.
അത് തുടക്കം മാത്രമായിരുന്നു. മരം, പ്ലൈവൂഡ് വ്യവസായത്തിന് പിന്നാലെ എൺപതുകളിൽ പലതരം പാനീയങ്ങളുടെ വൻകിട നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ചു. വൈകാതെ നിരവധി സിമന്റ് ഫാക്ടറികൾ ബെർണിഹാട്ടിനെ തിരഞ്ഞെത്തി. ഒടുവിൽ എഥനോൾ ഫാക്ടറിയും സ്ഥാപിക്കപ്പെട്ടു. ജീവിതമെന്നാൽ കാടും പുഴയും വയലേലകളും തന്നെയായിരുന്ന ബെർണിഹാട്ടിലെ മനുഷ്യരിൽനിന്ന് അവയെല്ലാം കമ്പനികൾ സ്വന്തമാക്കി.
റി-ബോയ് കുന്നുകളിലെ ഉറവകളെല്ലാം സംഗമിച്ച് ഒഴുകിയെത്തുന്ന പുഴ ഇന്ന് ആരോഗ്യം നഷ്ടപ്പെട്ടൊരു അഴുക്കുചാൽ മാത്രമാണ്. മലഞ്ചരിവിലെ മനുഷ്യരുടെ ആത്മവിശ്വാസമായിരുന്ന വായു രോഗവാഹിനിയാണ്. വയലുകളിൽ വിളയുന്നത് വിഷം തന്നെയെന്ന് ഇന്നാട്ടിലെ ജനത ആശങ്കപ്പെടുന്നു. മുറ്റത്ത് വിരിയുന്ന പനിനീരിലും ചെമ്പരുത്തിയിലും മറ്റനേകം പേരറിയാപ്പൂക്കളിലും അപായത്തിന്റെ ഒരു കറ പറ്റിപ്പിടിക്കുന്നു. ചുമച്ചും ശ്വാസംമുട്ടിയും ഒടുവിൽ ചോര ഛർദിച്ചും ബർണിഹാട്ടിലെ ഗോത്രജനത മണ്ണോട് ചേരുന്നു.
ആദ്യത്തെ ഫാക്ടറി തുടങ്ങുന്ന കാലത്ത് മെച്ചപ്പെട്ട വായുവും ശുദ്ധമായ വെള്ളവും തെളിഞ്ഞൊഴുകുന്ന പുഴയുമെല്ലാം കൊണ്ട് സമൃദ്ധമായിരുന്നു ബെർണിഹാട്ട്. എന്നാലിന്ന് ലോകത്തെ ഏറ്റവും മലിനമായ പ്രദേശമാണ്. കഴിഞ്ഞ അൻപത് വർഷം കൊണ്ട് മനുഷ്യൻ ഒരു നാടിന് നൽകിയ സമ്മാനം.
ഇവിടെ വന്നിറങ്ങിയത് മുതൽ എനിയ്ക്ക് ശ്വാസം മുട്ടുന്നുണ്ട്. വല്ലാത്തൊരു കനമുള്ള ഗന്ധം വേട്ടയാടുംപോലെ പിന്തുടരുന്നുമുണ്ട്.
''നിങ്ങൾക്ക് ആ മണം കിട്ടുന്നുണ്ടോ? ഇവിടെ എപ്പോഴും ഇങ്ങനെ തന്നെയാണോ?''
വരാന്തയിൽനിന്ന് ഞങ്ങളെ ചിരിയോടെ സ്വാഗതം ചെയ്ത എലിൻ സിംഗ്ലിയോട് ചോദിച്ചു.
''ആ മണം നിങ്ങൾക്കേ കിട്ടു. ദിവസവും ഞങ്ങളിത് അനുഭവിക്കുകയല്ലേ. മരവിച്ച് പോയെന്ന് തോന്നുന്നു.''
ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാണോ?
''രോഗമില്ലാത്ത ഒരാളും ഈ നാട്ടിലില്ല. എന്റെ അച്ഛനെത്തന്നെ നോക്കു. മൂന്ന് മാസം മുൻപാണ് കാൻസറാണ് എന്നറിഞ്ഞത്. കാൻസറും ആസ്ത്മയും ത്വക്ക് രോഗങ്ങളുമെല്ലാം ഇവിടെയിപ്പോൾ സാധാരണയായി.''
ഈ നാട് ഇങ്ങനെയൊന്നുമായിരുന്നില്ല എന്ന് എലിൻ സിംഗ്ലി ഓർത്തെടുത്തു. ''പക്ഷേ ഇപ്പോൾ വീടിനു പുറത്തുവെച്ച് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പോലും പേടിയാണ്. അത്രയ്ക്ക് മലിനമാണ്. ഇവിടെ മാത്രമല്ല, അപ്പുറത്തെ ഗ്രാമത്തിലും പലർക്കും കാൻസറും ആസ്ത്മയും ത്വക്ക് രോഗങ്ങളുമുണ്ട്.''
അസം- മേഘാലയ അതിർത്തി പ്രദേശത്താണ് ബെർണിഹാട്ട്. മേഘാലയയിലാണ് നിൽപ്പെങ്കിലും അസമിലെ ഗുവാഹത്തിയിൽനിന്ന് 26 കിലോമീറ്റർ മാത്രമേ ബെർണിഹാട്ടിലേക്കുള്ളു. അതിർത്തി പ്രദേശമായത് കൊണ്ടുള്ള സാഹചര്യങ്ങൾ മുതലെടുത്താണ് പല കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടങ്ങളും മറ്റും മറികടക്കാൻ പല ഒഴിവുകഴിവുകളും അതിർത്തി പ്രദേശമെന്ന പരിഗണന കമ്പനികൾക്ക് നൽകുന്നു. ഇപ്പോഴും പരസ്പരം അതിർത്തി തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങളാണ് അസമും മേഘാലയയും.
കുന്നുകളിൽ സമൃദ്ധമായി വളരുന്ന മരങ്ങൾ ബെർണിഹാട്ടിൽ മര ഫാക്ടറികൾ വ്യാപകമാകാൻ കാരണമായി. കുന്നിടിച്ച് ചുരമിറക്കുന്ന മേഘാലയയിലെ കല്ല് സിമന്റിന് ഏറ്റവും അനുയോജ്യമാണ്, അത് ബെർണിഹാട്ടിൽ സിമന്റ് ഫാക്ടറികൾക്കുള്ള മണ്ണൊരുക്കി. നല്ല ജലലഭ്യതയും അതിഗംഭീരമായ പുഴയുടെ സാന്നിധ്യവും ആദ്യം പലതരം കുപ്പിവെള്ളത്തിന്റെ നിർമ്മാണ യൂണിറ്റുകൾക്കും, ഇപ്പോൾ എഥനോൾ ഫാക്ടറിയ്ക്കും കല്ലിട്ടു. ഇതെല്ലാം കൂടി ചേർന്നപ്പോൾ നാട് മനുഷ്യർക്കന്യമായി.
ദേശീയപാത ആറിന് ചുറ്റിലും ബെർണിഹാട്ട് വ്യവസായ മേഖലയിലുമായി ഏതാണ്ട് 15 കിലോമീറ്റർ ചുറ്റളവിൽ എൺപതോളം ഫാക്ടറികളാണ് ഉള്ളത്. 2024 മുതൽ വൻതോതിൽ എഥനോൾ ഉത്പാദിപ്പിച്ച് തുടങ്ങിയ കമ്പനിയ്ക്ക് പുറമെ നിരവധി സിമന്റ് ഫാക്ടറികളും ബ്രുവറികളും സ്റ്റീൽ കമ്പനികളും സ്റ്റീൽ റോളിംഗ് കമ്പനികളുമെല്ലാം ഈ പ്രദേശത്ത് സജീവമായി പ്രവർത്തിക്കുന്നു. മലീകരണം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ പലതവണ പ്രതിഷേധവുമായി ഫാക്ടറികൾക്ക് മുമ്പിലേയ്ക്ക് പോയി. പക്ഷേ, താൽക്കാലികമായ ചില അടച്ചിടലുകളല്ലാതെ ഒരു നേട്ടവും ജനങ്ങൾക്ക് ലഭിച്ചില്ല.
''ചുമയും ശ്വാസം മുട്ടലും സ്ഥിരമായി വന്നിരുന്നു. അങ്ങനെ ഡോക്ടറെ കാണാൻ പോയി. അപ്പോഴാണ് അസുഖത്തേക്കുറിച്ച് അവര് പറഞ്ഞത്. ഇപ്പൊ മരുന്നൊക്കെ കഴിക്കുന്നുണ്ട്.''
- മൂന്ന് മാസം മുൻപ് കാൻസർ സ്ഥിരീകരിച്ച, എലിന്റെ അച്ഛൻ സിംഗ്ലി വരാന്തയുടെ അറ്റത്ത് നിന്ന് നടന്നുവരുന്നതിനിടെ ബെർണിഹാട്ടിലെ ജീവിതം പറഞ്ഞു. സിംഗ്ലി ഇവിടെ ജനിച്ചു വളർന്നയാളാണ്. പക്ഷേ, ഈ നാടിന്റെ ഇന്നത്തെ ഈ കുഴപ്പത്തെ അതിജീവിക്കാൻ ഒന്നും ചെയ്യാൻ കഴിയാതെ, ജീവിതത്തിൽ ഇനിയെന്താണ് ബാക്കി എന്ന് മാത്രം ആലോചിച്ച് ഒരു ഫാക്ടറിയുടെ എതിർവശത്തുള്ള വീട്ടിൽ ദിവസങ്ങളോരോന്നായ് തള്ളിനീക്കുന്നു. ആ മനുഷ്യന്റെ മുഖത്ത് ദയനീയത മാത്രമാണ് കണ്ടത്. മരണമുഖത്തേക്ക് തന്നെ തള്ളിവിട്ട ഇന്നാട്ടിലെ സംവിധാനങ്ങളോട് ഒച്ചയുയർത്തി ഒന്ന് സംസാരിക്കാൻ പോലും ആരോഗ്യം അനുവദിക്കാത്ത ഈ മനുഷ്യനെയൊക്കെ എന്ത് വാക്ക് പറഞ്ഞാണ് നമ്മൾ ആശ്വസിപ്പിക്കുക?
ഭയമാണ് ഈ നാടിനെ ഭരിക്കുന്ന വികാരം. ബെർണിഹാട്ടിലെ ദേശീയപാതയിൽനിന്ന് താഴേക്കിറങ്ങി എഥനോൾ ഫാക്ടറിയ്ക്ക് അടുത്തേക്ക് പോയി. വിജനമായ പ്രദേശമാണ്. ഇടയ്ക്ക് രണ്ടോ മൂന്നോ തൊഴിലാളികൾ വന്നതല്ലാതെ ആരുമില്ലാത്ത ഇടം. വല്ലാത്തൊരു മണം എല്ലായിടത്തും തങ്ങിനിൽക്കുന്നു. വീടുകളുണ്ടെങ്കിലും വഴിയിലേക്കൊന്നും ആരെയും കണ്ടില്ല. ഫാക്ടറിക്ക് ഏതാണ്ട് ഒരു കിലോ മീറ്റർ ഇപ്പുറത്ത് ചെറിയൊരു കവല. ബാർബർ ഷോപ്പും പലചരക്കുകടയും പുഴമത്സ്യങ്ങൾ വിൽക്കുന്ന ചായ്പ്പുമെല്ലാമുള്ള ചെറിയ അങ്ങാടി. അവിടിവിടായി ചിലർ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നു. എന്നാൽ, ഫാക്ടറികളേയും ഇന്നാട്ടിലെ ജീവിതത്തേയും മലിനീകരണത്തേയും കുറിച്ചെല്ലാം സംസാരിക്കാൻ ആരും തയ്യാറാകുന്നില്ല. വിഷം ശ്വസിച്ചും കുടിച്ചുമാണ് ജീവിക്കുന്നത് എങ്കിലും മാധ്യമങ്ങളോട് കാര്യങ്ങൾ പറയുന്നതിന് പോലും പ്രദേശവാസികൾ ഭയക്കാൻ കാരണം ഫാക്ടറി ഉടമകളുടെ അധികാരവും ഇടപെടലുമാണ്. കോടികളുടെ കച്ചവടം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന മുതലാളിമാരുടെ പ്രഖ്യാപനം ഗ്രാമങ്ങളിലെ പാവപ്പെട്ട മനുഷ്യരെ ഭയത്തിൽ മുക്കിക്കളയുന്നു.
എന്നാൽ, കവലയിൽവെച്ചും ചിലർ തുറന്നുപറച്ചിലിന് തയ്യാറായി. കേരളത്തിൽനിന്നാണ്, ഇവിടുത്തെ ജീവിതത്തേക്കുറിച്ച് അറിയാൻ വന്നതാണ് എന്നെല്ലാം പറഞ്ഞപ്പോൾ ആദ്യം സംസാരിച്ച് തുടങ്ങിയത് ജിതിൻ ദാസാണ്.
''വയറിന് പ്രശ്നം, ഗ്യാസിന്റെ കുഴപ്പം, ശ്വാസ തടസ്സം, ചൊറിച്ചിൽ, പിന്നെ കാൻസർ. രോഗങ്ങൾ കൊണ്ട് ഞങ്ങൾ പൊറുതിമുട്ടുകയാണ്.''
നിങ്ങൾ സമരം ചെയ്യാറില്ലേ?
അദ്ദേഹത്തോട് ചോദിച്ചു.
''സമരമൊക്കെ ചെയ്തിട്ടുണ്ട്. ദാ, ആ കാണുന്ന ഫാക്ടറി സമരം ചെയ്തപ്പോൾ അടച്ചതാണ്. പക്ഷേ, ഇപ്പോൾ വീണ്ടും തുടങ്ങി. ഞങ്ങൾക്കെന്ത് ചെയ്യാൻ പറ്റും?''
പലതവണ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും, കവലയിലെ ക്ലബ്ബിന് പിറകിൽ നിന്ന് അവിനാശ് എന്ന ചെറുപ്പക്കാരനും ഒടുവിൽ സംസാരിച്ചു.
''ഇത് വലിയ പ്രശ്നമാണ് ഞങ്ങൾക്ക്. എന്റെ വീട്ടിൽ മൂന്ന് പേർക്ക് കാൻസറാണ്. ഒരുപാടാളുകൾക്ക് കുഴപ്പമുണ്ട്.''
അവന്റെ വാക്കുകളിൽ പൂണ്ടുകിടക്കുന്നത് നിർവികാരതയാണ്.
കവലയിൽനിന്ന് മുകളിലേക്കു കുത്തനെയുള്ള കയറ്റത്തിലൂടെ നടന്നു. ഇടതുവശത്തെ വീടിന്റെ നീണ്ടുവളഞ്ഞ വരാന്തയിൽ രണ്ട് മുത്തശ്ശിമാർ ഇരിക്കുന്നു. പക്ഷേ, അവർ പറയുന്നതെല്ലാം പ്രാദേശിക ഭാഷയിലാണ്. ഒന്നും മനസ്സിലാകുന്നില്ല. തിരിച്ചിറങ്ങാൻ നേരം അകത്തുനിന്നൊരു ചെറുപ്പക്കാൻ എണീറ്റു വന്നു. കപിൽ തിമു.
തന്റെ ചിത്രമോ വീഡിയോയോ എടുക്കരുതെന്ന് വന്നയുടനേ അവൻ പറഞ്ഞു. എന്നാൽ, മലനീകരണത്തിന്റെ ദുരന്തത്തേക്കുറിച്ച് വിശദമായി പറഞ്ഞുതരാൻ തയ്യാറായി. നാട് നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധിക്ക് കാരണം ആ കെട്ടിടങ്ങളാണെന്ന് പറഞ്ഞ് അനേകം ഫാക്ടറികൾ ഒന്നിച്ച് കാണാവുന്ന ഇടത്തേക്ക് അവൻ വിരൽചൂണ്ടി. ശേഷം ഞങ്ങളോടൊപ്പം ബെർണിഹാട്ടിനകത്തുള്ള ഗ്രാമങ്ങളിലേക്ക് വന്നു. മലിനവായുവിനാൽ, വിഷംപേറുന്ന ജലത്താൽ മുറിവേറ്റ മനുഷ്യരെ കാട്ടിത്തന്നു. വിഷം പറ്റിപ്പിടിച്ച മരങ്ങളും ചെടികളും ഈ കനത്ത മഴക്കാലത്ത് പോലും സ്വാഭാവികത വീണ്ടെടുത്തിട്ടില്ലെന്ന് കപിൽ പറഞ്ഞു. അവൻ കാട്ടിത്തന്ന ചെക്കിപ്പൂവിന്റെ ഇലയാകെ കറുത്തിരുണ്ടുകിടക്കുന്നു. ഈ വായുവാണ് ബെർണിഹാട്ടിലെ നമ്മുടെ സഹോദരങ്ങൾ ശ്വസിക്കുന്നത്.
പരിസ്ഥിതി സൗഹൃദമെന്ന് പറഞ്ഞ് നമ്മൾ ഉപയോഗിക്കാൻ നിർബന്ധിക്കപ്പെട്ട ഇ-20 പെട്രോളിനായുള്ള എഥനോളിൽ ബെർണിഹാട്ടിൽനിന്ന് ഉത്പാദിപ്പിക്കുന്നവയും ഉണ്ട്. വലിയ പാരിസ്ഥിതികാഘാതമാണ് എഥനോൾ നിർമ്മാണം കൊണ്ട് ഫാക്ടറിയുടെ പരിസരത്തുണ്ടാകുകയെന്ന് പഠനങ്ങൾ തെളിയിച്ചതും ബെർണിഹാട്ടുപോലുള്ള നാടുകൾ സാക്ഷ്യപ്പെടുത്തുന്നതുമാണ്. വ്യാവസായികാടിസ്ഥാനത്തിൽ എഥനോൾ വലിയതോതിൽ നിർമ്മിച്ച് തുടങ്ങിയ കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ബെർണിഹാട്ടിൽ ശ്വാസകോശ രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം 72 ശതമാനമാണ് വർധിച്ചത്.
നമ്മുടെ നാടിനേയും സഹോദരങ്ങളേയും മഹാരോഗങ്ങളിലേയ്ക്കും മരണത്തിലേക്കും തള്ളിവിട്ടിട്ട് വേണോ നമുക്ക് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിന്റെ മേനി പറയാൻ? നല്ല വെള്ളം കുടിക്കാനും നല്ല വായു ശ്വസിക്കാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള അവകാശം നമുക്കെല്ലാവർക്കുമുള്ളതുപോലെ ബെർണിഹാട്ടിലെ ജനങ്ങൾക്കും ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ലേ? ഉണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ എല്ലാം സഹിച്ച് ജീവിക്കാൻ വിധിക്കപ്പെട്ട കുറേ മനുഷ്യരുണ്ട്. ആ വിധി അവർ സ്വയം ഏറ്റുവാങ്ങുന്നതല്ല, ചിലർ അടിച്ചൽപ്പിക്കുന്നതാണ്. ബെർണിഹാട്ടിൽ വ്യവസായം നടത്തുന്ന മുതലാളിമാരിലൊരാൾപോലും ആ മലഞ്ചെരുവിൽ, പുഴയോരത്ത്, വയൽവരമ്പിനിപ്പുറം വീടുകെട്ടി താമസിക്കുന്നില്ല. അവരെല്ലാവരും ശുദ്ധവായുവും നല്ലവെള്ളവും കിട്ടുന്നിടത്താണ്.
ലോകത്തെ ഏറ്റവും മലിനമായ പ്രദേശമാണ് ഇന്ന് ബെർണിഹാട്ട്. സുന്ദരമായ മലഞ്ചരിവും അനേകലക്ഷം വൃക്ഷങ്ങളും കാടും കടവും അരുവികളുമെല്ലാമുണ്ടായിരുന്നിട്ടും ആ കൊച്ചു പ്രദേശം എങ്ങിനെ നാണക്കേടിന്റെയും ഭീതിയുടേയും ഈ മുൾക്കിരീടമണിഞ്ഞു?
അൻപത് വർഷം മുൻപ് എല്ലാവിധത്തിലും സുന്ദര ദേശമായിരുന്ന ബെർണിഹാട്ട് എങ്ങനെ മനുഷ്യർക്ക് നകരമായി?
നരകമായതല്ല, നരകമാക്കിത്തീർത്തതാണ്.
(തുടരും)
Content Highlights: Burnihat has transformed from a pristine natural paradise into one of the world's most polluted regions due to unchecked industrialization over the past 50 years., Residents suffer from severe health issues including cancer, asthma, and skin diseases, with respiratory illnesses surging by 72% in recent years., The Assam-Meghalaya border location allows factories to exploit regulatory loopholes and evade strict environmental controls., Despite protests and severe health hazards, locals live in fear of powerful factory owners, leaving them with no recourse.