പാരീസിൽ റെയിൽവേ ട്രാക്കിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ്, ഗതാഗതം താറുമാറായി, യാത്രക്കാർ വലഞ്ഞു

ഗാരെ ഡു നോർഡിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ | Photo: AFP
ഗാരെ ഡു നോർഡിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ | Photo: AFP

പാരിസ്: രണ്ടാം ലോക മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തിയതിനെത്തുടർന്ന് പാരിസിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടതായി റിപ്പോർട്ട്. ഫ്രഞ്ച് ദേശീയ റെയിൽവേ ഓപ്പറേറ്റർമാരായ എസ്എൻസിഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. പാരീസിലെ തിരക്കേറിയ ഗാരെ ഡു നോർഡ് സ്റ്റേഷനിൽ വെള്ളിയാഴ്ച ട്രാക്കുകൾക്ക് സമീപത്തായാണ് ബോംബ് കണ്ടെത്തിയതെന്നാണ് വിവരം.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ട്രെയിൻ ഹബ് ആണ് ഗാരെ ഡു നോർഡ്. പ്രാദേശിക, സബർബൻ സർവീസുകൾക്ക് പുറമെ യൂറോസ്റ്റാർ ട്രെയിനുകളും ഇവിടെ നിന്ന് സർവീസ് നടത്തുന്നുണ്ട്. എസ്.എൻ.സി.എഫ്. രേഖകൾ പ്രകാരം ഇവിടെ നിന്ന് ദിനംപ്രതി ഏഴ് ലക്ഷത്തോളം പേർ യാത്ര ചെയ്യുന്നതുണ്ട്.

ഗാരെ ഡു നോർഡിലെ റെയിൽ ഗതാഗതം തടസപ്പെടുന്നതിനെക്കുറിച്ച് മന്ത്രി ഫിലിപ്പ് ടബറോട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച റെയിൽ ഗതാഗത തടസം രൂക്ഷമായിരിക്കുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. യാത്രകൾ ഒഴിവാക്കാനും സ്റ്റേഷനിൽ പോകുന്നത് മാറ്റിവെക്കണമെന്നും അദ്ദേഹം യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ ട്രെയിൻ സ്റ്റേഷനുകളിൽ ഒന്നാണ് ഗാരെ ഡു നോർഡ്. വർഷത്തിൽ 21.4 കോടി യാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നതായാണ് റിപ്പോർട്ട്. പാരീസിലെ പ്രധാന ആറ് സ്റ്റേഷനുകളിൽ ഒന്നാണ് ഇത്.  വിവിധ മെട്രോകളേയും ബസ് ലൈനുകളേയും പ്രാദേശിക റെയിൽ ഗതാഗതങ്ങളേയും ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ് ഇത്. 

Content Highlights: world war II bomb found on train tracks in paris traffic halted