ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ കളറായി; വയനാട്ടില്‍ ഒരുങ്ങുന്നു 'വേസ്റ്റ് വണ്ടര്‍ പാര്‍ക്ക്'

വേസ്റ്റ് വണ്ടർ പാർക്കിൽ അംബാസഡർ കാറുപയോഗിച്ച് സെൽഫി പോയിന്റൊരുക്കുന്നു
വേസ്റ്റ് വണ്ടർ പാർക്കിൽ അംബാസഡർ കാറുപയോഗിച്ച് സെൽഫി പോയിന്റൊരുക്കുന്നു

കല്പറ്റ(വയനാട്): വിശ്രമത്തിനും വിനോദത്തിനുമായി കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്കൊരുങ്ങുന്നു. ഡ്രീം സിവില്‍സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ പുനരുപയോഗിച്ച് പാര്‍ക്ക് നിര്‍മിക്കുന്നത്.

കളക്ടറേറ്റ് പരിസരത്തെ ഉപയോഗ്യശൂന്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പാര്‍ക്കിനായി പുനരുപയോഗിക്കുക. അംബാസഡര്‍ കാറില്‍ മനോഹരമായ ചിത്രപ്പണികള്‍ ചെയ്തുള്ള സെല്‍ഫി പോയിന്റ്, വിശ്രമിക്കാനായി ഭംഗിയുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് പാര്‍ക്കിലുണ്ടാവുക. കളക്ടറേറ്റിലെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തമാക്കി മനോഹരമാക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ സ്വച്ഛ് സര്‍വേക്ഷണ്‍ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തിയാണ് സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വേസ്റ്റ് വണ്ടര്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ശുചിത്വമിഷന്‍ അധികൃതര്‍ അറിയിച്ചു.

Content Highlights: wayanad kalpetta waste wonder park