'ധോണി ഭായ്, പാലക്കാടും ഒരു ധോണിയുണ്ട്' -വ്യത്യസ്തമായ പിറന്നാളാശംസയുമായി സെവാഗ്

ധോനിയും സെവാഗും | Photo: instagram/ sehwag
ധോനിയും സെവാഗും | Photo: instagram/ sehwag

‘കേരളത്തിലെ പാലക്കാട്ട്, കാടിനകത്ത് ഒരു വെള്ളച്ചാട്ടമുണ്ട്. അതിന്റെ പേരാണ് ധോണി. മുകൾപ്പരപ്പിൽ തികച്ചും ശാന്തം. ഉള്ളിൽ അടങ്ങാത്ത വീര്യം. ഹാപ്പി ബർത്ത്‌ഡേ എം.എസ്. ധോണി’-മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് പിറന്നാളാശംസകൾ നേർന്നത് ഇങ്ങനെയായിരുന്നു. പാലക്കാട്ടെ ധോണി വെള്ളച്ചാട്ടത്തോട് ഉപമിച്ച് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ആശംസാക്കുറിപ്പ് കുറച്ചുസമയത്തിനകം അരലക്ഷത്തോളംപേരുടെ ലൈക്കും നേടി.

'ധോണി വെള്ളച്ചാട്ടത്തിനടുത്തേക്ക് എളുപ്പത്തിൽ ആർക്കും എത്താനാവില്ല. കേരള വനംവകുപ്പ് ഇതിന് ഒരു നിയമമുണ്ടാക്കിയിട്ടുണ്ട്. വഴി അല്പം ബുദ്ധിമുട്ടേറിയതാണ്. മൂന്നുമണിക്കൂർ നടന്നുപോയാലേ ഇത് കാണാനാവൂ. മുകളിൽ തികച്ചും ശാന്തമാണ്. ഉള്ളിൽ തീപോലെ തിളച്ചുമറിയുന്ന അടങ്ങാത്ത വീര്യമാണ്. ഉപരിതലം മിനുസമുള്ളതാണ്. അടുത്തുചെല്ലുമ്പോൾമാത്രമേ അത് എത്രത്തോളം ശക്തമാണെന്ന് മനസ്സിലാകൂ.

വെള്ളം കാണുമ്പോൾ ശാന്തമാണ്. പക്ഷേ, യഥാർഥത്തിൽ അല്ല. എനിക്കറിയില്ല, വനംവകുപ്പുണ്ടാക്കിയ നിയമം വെള്ളച്ചാട്ടത്തിനുവേണ്ടിയായിരുന്നോ അതോ നമ്പർ 7-ന് (ധോണിയുടെ ജേഴ്‌സി നമ്പർ) വേണ്ടിയായിരുന്നോ എന്ന്. മഹേന്ദ്രസിങ് ധോണി ജനിക്കുന്നതിനും എത്രയോമുൻപ് ഈ സ്ഥലം കേരളത്തിലുണ്ട്.

പ്രകൃതിക്ക് നേരത്തേതന്നെ അറിയാമായിരുന്നു, ആരോ ഒരാൾ വരും. അവൻ ഇങ്ങനെയായിരിക്കും. ബുദ്ധിമുട്ടേറിയ വഴികൾക്കുശേഷം, തികച്ചും അപ്രതീക്ഷിതമായ ഒരു സ്ഥലത്തുവെച്ച് അവനെ ഇങ്ങനെത്തന്നെ കണ്ടുമുട്ടും. ഒരിക്കൽ കണ്ടുമുട്ടിക്കഴിഞ്ഞാൽ പിന്നെ മറക്കാൻ ബുദ്ധിമുട്ടാണ്. ഹാപ്പി ബർത്ത്‌ഡേ എം.എസ്. ധോണി'' -ഇങ്ങനെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlights: Virender Sehwag's poetic birthday tribute to MS Dhoni., Comparison between Dhoni's calm demeanor and Palakkad's Dhoni waterfalls., Insight into the trek and beauty of the Dhoni waterfalls in Kerala., Viral social media engagement surrounding the cricket legend's birthday.