ട്രംപിന്റെ ഭരണം ഇഷ്ടമല്ലേ, വരൂ നാടുവിടാം;4 വര്‍ഷം നീളുന്ന കടല്‍യാത്രാ പാക്കേജുമായി ട്രാവൽ കമ്പനി

യു.എസ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെ രസകരമായ ടൂര്‍ പാക്കേജുമായി എത്തിയിരിക്കുകയാണ് ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവൽ കമ്പനി. ഒരു വര്‍ഷം മുതല്‍ നാലുവര്‍ഷം വരെ നീളുന്ന ടൂര്‍ പാക്കേജാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ലോകം ചുറ്റിസഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമല്ല, ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍കീഴില്‍ നാട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും ആഡംബര കപ്പലിലെ യാത്രയുടെ ഭാഗമാകാം എന്നാണ് കമ്പനിയുടെ ഓഫര്‍. വില്ല വിയെ റെസിഡന്‍സസ് എന്ന ടൂറിസ്റ്റ് കമ്പനിയാണ് ഈ ആകര്‍ഷകമായ പാക്കേജ് മുന്നോട്ടുവെച്ചിരിക്കുന്നത്.
ലോകംമുഴുവന്‍ സഞ്ചരിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന ടൂര്‍ പാക്കേജില്‍ ലോകത്തെവിടെയുള്ള പോര്‍ട്ടില്‍നിന്നും സഞ്ചാരികള്‍ക്ക് കയറാം, യാത്രയുടെ ഭാഗമാകാം. 2024-ലെ യു.എസ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ടൂര്‍ പാക്കേജിന് 'സ്‌കിപ്പ് ഫോര്‍വേഡ്' എന്ന പേര് നല്‍കിയിരിക്കുന്നതെന്ന് കമ്പനി ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള പ്രസ്താവനയില്‍ പറയുന്നു. ജനങ്ങള്‍ക്ക് പ്രയോജനമായിക്കോട്ടേ എന്നതിലുപരി എന്തെങ്കിലും പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായല്ല ഇത്തരത്തിലൊരു പാക്കേജ് ഒരുക്കിയതെന്ന് വില്ല വിയേ കമ്പനി സി.ഇ.ഒ. മിഖായേല്‍ പീറ്റേഴ്‌സണ്‍ പറയുന്നു.
'തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുന്നേ പുറത്തിറക്കിയ പാക്കേജാണിത്. ഇന്നയാളുടെ ഭരണത്തിന്‍കീഴില്‍ എങ്ങനെ നാട്ടില്‍ ജീവിക്കും, ഇന്നയാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഞങ്ങള്‍ നാടുവിട്ടുപോകും എന്നൊക്കെ ബെറ്റ് വെച്ചിട്ടുള്ളവര്‍ ഉണ്ടാവില്ലേ, അതില്‍ ഏതെങ്കിലും ഒരു ടീം എന്തായാലും ബെറ്റില്‍ തോറ്റിട്ടുണ്ടാവുമല്ലോ. അത്തരക്കാര്‍ക്ക് ഒരു സഹായമായിക്കോട്ടേ എന്നുവെച്ചാണ് ഞങ്ങള്‍ ഇങ്ങനെയൊരു പ്രോജക്ട് മുന്നോട്ടുവെച്ചത്. അക്കാരണം കൊണ്ടായാലും ശരി, ലോകം മുഴുവന്‍ ഒറ്റയടിക്ക് ചുറ്റിസഞ്ചരിക്കാനുള്ള ആഗ്രഹമുള്ളവരാണെങ്കിലും ശരി, രണ്ടുകൂട്ടര്‍ക്കും പറ്റിയ കിടിലന്‍ പാക്കേജാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്,' മിഖായേല്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
Content Highlights: villa vie residences introduces tour package to roam around the world