ജലനഗരം കാണാന്‍ ചിലവേറും; സഞ്ചാരികളുടെ എണ്ണം കുറയ്ക്കാന്‍ പ്രവേശടിക്കറ്റുമായി വെനീസ്

ലോകം ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയുടെയും സ്വപ്ന നഗരങ്ങളിലൊന്നാണ് വെനീസ്. ജലനഗരമെന്നറിയപ്പെടുന്ന വെനീസില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും എത്താറുള്ളത്. ഇത് ഒരു ഘട്ടം കഴിഞ്ഞതോടെ അമിത ടൂറിസത്തിനും കാരണമായി. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ജനജീവിതത്തെയും ബാധിക്കാന്‍ തുടങ്ങിയതോടെ വെനീസ് ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നഗരത്തില്‍ പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് വെനീസ്.
അഞ്ച് യൂറോയാണ് വെനീസില്‍ പ്രവേശിക്കാന്‍ ആവശ്യമായ ടിക്കറ്റ് നിരക്ക്. ഇത് പരിശോധിക്കാനായി വെനീസിന്റെ പ്രവേശന കവാടങ്ങളില്‍ ഉദ്യോഗസ്ഥരെയും നിയമിക്കും. സീസണ് സമയങ്ങളിലെ തിരക്കുള്ള ദിവസങ്ങളില്‍ മാത്രമാണ് തുടക്കത്തില്‍ ടിക്കറ്റ് വേണ്ടിവരിക. അല്ലാത്ത സമയങ്ങളില്‍ സാധാരണ രീതിയില്‍ തന്നെയായിരിക്കും പ്രവേശം.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നഗരമെന്നറിയപ്പെടുന്ന വെനീസിലേക്ക് സമീപകാലങ്ങളില്‍ വന്‍ ജനക്കൂട്ടമായിരുന്നു എത്തിയത്. സീസണ് സമയങ്ങളിലെ രാത്രികളില്‍ നഗരത്തിലെ ജനസംഖ്യയുടെ ഇരട്ടിയോളം ടൂറിസ്റ്റുകളാണ് വെനീസ് താമസിക്കുന്നതെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് പിന്നെയും വര്‍ധിക്കുകയും നഗരത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാവുകയും ചെയ്തതോടെയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
ഇറ്റലിയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന 412 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പട്ടണമാണ് വെനീസ്. റോമാ സാമ്രാജ്യത്തില്‍നിന്ന് രക്ഷപ്പെട്ട് ദ്വീപുകളില്‍ അഭയംതേടിയവരാണ് വെനീസിലെ പൂര്‍വികര്‍. ഇവര്‍ നിര്‍മിച്ചതാണ് ഇവിടത്തെ കനാലുകളില്‍ ഭൂരിഭാഗവും. വെനീസിനെ യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒഴുകുന്ന നഗരമെന്നും മുങ്ങുന്ന നഗരമെന്നും വിളിപ്പേരുണ്ട്. കായലിനു നടുവില്‍ ഉയര്ന്നുനില്ക്കുന്ന കെട്ടിടങ്ങളുടെ നഗരമാണ് വെനീസ് എന്നും വേണമെങ്കില്‍ വെനീസിനെ വിശേഷിപ്പിക്കാം.
അടുത്തടുത്തുനില്ക്കുന്ന 118 ദ്വീപുകള്‍ ഇവിടെയുണ്ട്. അതിനുചുറ്റുമായി 177 കനാലുകളും. വെനീസില്‍ റോഡുകള്‍ കാണാനേ സാധിക്കില്ല. ഒരു ദ്വീപില്‍നിന്ന് മറ്റൊന്നിലേക്കു പോകാന്‍ വള്ളങ്ങളാണ് ആശ്രയം. ചില ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളുമുണ്ട്. ഗൊണ്ടോള എന്നറിയപ്പെടുന്ന വള്ളങ്ങളില്‍ കയറിയാണ് സഞ്ചാരികള്‍ വെനീസ് ചുറ്റിക്കാണുക.
Content Highlights: venice introduces day tickets To battle mass tourism