തെക്കിന്റെ കൈലാസം, കാണാം സ്വയംഭൂ ശിവലിംഗം; വെള്ളിങ്കിരിമലയിൽ ഇതുവരെയെത്തിയത് 55,000 പേർ

കോയമ്പത്തൂർ: തെക്കിന്റെ കൈലാസം എന്നറിയപ്പെടുന്ന വെള്ളിങ്കിരിമലയിലെ സ്വയംഭൂ ശിവലിംഗം കാണാനെത്തുന്നവരുടെ എണ്ണത്തിൽ ഇത്തവണ വൻ വർധനയുണ്ടാവുന്നതായി വനംവകുപ്പ്.
പ്രവേശനം ആരംഭിച്ച ഫെബ്രുവരി ഒന്നുമുതൽ ഇതുവരെ 55,000 പേർ മല കയറി. മുൻ വർഷത്തേക്കാൾ അധികമാണിത്. ശിവരാത്രി ദിവസമാണ് ഏറ്റവും കൂടുതൽപേർ എത്തിയിരിക്കുന്നത്.
ഫെബ്രുവരി ഒന്നുമുതൽ മേയ് വരെയാണ് വെള്ളിങ്കിരിമല കറാൻ വനംവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്കുശേഷമാണ് ആളുകളെ കയറ്റിവിടുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ മല കയറാൻ വരരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
പ്ലാസ്റ്റിക് കൊണ്ട് അലമാരയും മേശയുമുണ്ടാക്കി
വെള്ളിങ്കിരി മലയിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലമാരയും മേശയും സോഫയുമുണ്ടാക്കി വനംവകുപ്പ്. സ്വകാര്യ റീസൈക്ലിങ് കമ്പനിയാണ് മാലിന്യം വീട്ടുപകരണങ്ങളാക്കി മാറ്റിയത്. 2025-ൽ 28 ടൺ മാലിന്യങ്ങളാണ് ശേഖരിച്ചത്.
ചോക്‌ളേറ്റ്, ബിസ്കറ്റ് തുടങ്ങിയവയുടെ കവറുകളാണ് അധികവും കിട്ടിയത്. ഇവ സംസ്‌കരിച്ചശേഷമാണ് അലമാരയും മറ്റും നിർമിച്ചതെന്ന് കമ്പനിയുടമ സി. പ്രശാന്ത് പറഞ്ഞു.
അലമാരയും മറ്റു സാധനങ്ങളും ബോളുവംപട്ടി വനം റേഞ്ച് ഓഫീസിൽ ഉപയോഗിക്കുന്നുണ്ട്. വെള്ളിങ്കിര മലയിലേക്ക് പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നതിൽ വിലക്കുണ്ടെങ്കിലും മല കയറാൻ വരുന്നവർ ബിസ്കറ്റും മറ്റു ലഘുഭക്ഷണങ്ങളും കൊണ്ടുപോകുന്നുണ്ട്.
മലമുകളിൽ കടകളൊന്നും ഇല്ലാത്തിനാൽ ക്ഷീണവും വിശപ്പും മാറ്റാൻ മറ്റു മാർഗങ്ങളില്ല. അതിനാൽ ലഘുഭക്ഷണം കൊണ്ടുപോകുന്നത് തുടരുന്നുണ്ട്.
Content Highlights: vellingiri Hills, known as `South`s Kailash`, experiences a massive visitor increase to see the self-manifested Shivalinga. Over 55,000 have climbed.