വർക്കല കുന്നുകൾക്ക് 'തിളക്കം'; യുനെസ്കോ കരട് പട്ടികയിൽ, താരതമ്യം ഇംഗ്ലണ്ടിലെ വൈറ്റ് ക്ലിഫുമായി

photo:X
photo:X

ന്യൂഡൽഹി: പ്രകൃതി രമണീയമായ വർക്കല കുന്നുകൾ (വർക്കല ക്ലിഫ്) ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പൈതൃകമേഖലകൾ യുനെസ്കോയുടെ കരട് ലോക പൈതൃകപ്പട്ടികയിൽ. ഇതോടെ കരട് പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയുടെ പൈതൃക മേഖലകളുടെ എണ്ണം 69 ആയി. ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പരിഗണിക്കുന്നതിന്റെ പ്രാഥമിക നടപടിയാണിത്. യുനസ്കോയിലെ ഇന്ത്യയുടെസ്ഥിരം ദൗത്യം വിഭാഗമാണ് നിർദേശം സമർപ്പിച്ചത്.

വർക്കല കുന്നിനുപുറമേ മഹാബലേശ്വറിലെ ഡെക്കാൻ ട്രാപ്‌സ് (മഹാരാഷ്ട്ര), ഉഡുപ്പിയിലെ സെയ്‌ന്റ് മേരീസ് ഐലന്റ് ക്ലസ്റ്റർ (കർണാടക), മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ് (മേഘാലയ), നാഗാ ഹിൽ ഒഫിയോലൈറ്റ് (നാഗാലാൻഡ്), എറാ മട്ടി ദിബ്ബാലു (ആന്ധ്രപ്രദേശ്), തിരുമല ഹിൽസ് (ആന്ധ്രപ്രദേശ്) എന്നിവയാണ് താത്‌കാലിക പട്ടികയിൽ ഇടംപിടിച്ചത്. 

കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്താനായി വർക്കല കുന്നുകളെ യുനെസ്കോയിലെ ഇന്ത്യൻ ദൗത്യസംഘം നിർദേശിച്ചത്. സ്വാഭാവികവും പ്രകൃതിദത്തവുമായ പൈതൃകങ്ങളുടെ വിഭാഗത്തിലാണ് വർക്കല കുന്നുകളെ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ വൈറ്റ് ക്ലിഫുമായി വർക്കല ക്ലിഫിനെ താരതമ്യപ്പെടുത്തിയിട്ടുണ്ട്.
 

Content Highlights: India`s Varkala Cliffs, UNESCO`s heritage sites