16 അല്ല 24 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പർ നിർമാണത്തിൽ; വരുന്നത് 50 എണ്ണം

#Travel Desk
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ.

ചെന്നൈ: പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ(ഐ.സി.എഫ്.) 24 സ്ലീപ്പർ കോച്ചുള്ള വന്ദേഭാരത് വണ്ടിയുടെ നിർമാണം പുരോഗമിക്കുകയാണെന്ന് ജനറൽ മാനേജർ സുബ്ബറാവു പറഞ്ഞു. വണ്ടിയുടെ രൂപകല്പന അവസാനഘട്ടത്തിലാണെന്നും ഈവർഷം അവസാനത്തോടെ പുറത്തിറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ(ബെമൽ) നിന്ന് നിർമിച്ച 16 കോച്ചുകളുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പർ വണ്ടി ഹൗറ-ഗുവാഹാട്ടി റൂട്ടിൽ ജനുവരി 17-ന് സർവീസ് ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവർത്തനവും നിരീക്ഷിച്ചുവരുകയാണ്. കൂടുതൽ സൗകര്യങ്ങളോടെയാണ് 24 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പർ നിർമിക്കുന്നത്.

ഇപ്പോൾ ഉദ്ഘാടനം ചെയ്തിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പറിലെ പോരായ്മകൾ പരിഹരിച്ചാകും 24 കോച്ചുകളുള്ള സ്ലീപ്പർ വണ്ടി നിർമിക്കുക.

ഐ.സി.എഫിൽ അമൃത് ഭാരത് വണ്ടികളുടെ കോച്ച് നിർമാണവും പുരോഗമിക്കുകയാണ്. ഇതുവരെ ഐ.സി.എഫിൽനിന്ന് 17 അമൃത് ഭാരത് വണ്ടികൾ പുറത്തിറക്കി. 492 കോച്ചുകളുടെ നിർമാണം നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നിർമിക്കുന്നവയിൽ എ.സി. കോച്ചുകളും നോൺ എ.സി. കോച്ചുകളുമുണ്ടാകും. ഇനി പുറത്തിറങ്ങുന്ന അമൃത് ഭാരത് വണ്ടിയിൽ എ.സി. കോച്ചുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ജനറൽ മാനേജർ പറഞ്ഞു.

Content Highlights: India`s Integral Coach Factory (ICF) is developing a 24-sleeper coach Vande Bharat train. Learn about its advanced features and expected launch.