ബ്രിട്ടനിൽ പോകുന്ന ഇന്ത്യക്കാർക്ക് ഇനി ഇ-വിസ നിർബന്ധം; ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷനും നിലവിൽവന്നു

ലണ്ടൻ: ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ബുധനാഴ്ച മുതൽ ഇലക്‌ട്രോണിക് വിസ (ഇ-വിസ) നിർബന്ധമായി. വിസ ആവശ്യമില്ലാത്ത സന്ദർശകർക്ക് ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷനും (ഇ.ടി.എ.) നിലവിൽവന്നു. ഇതോടെ പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിപ്പിക്കുന്ന രീതി അവസാനിക്കും.
എന്നാൽ, വിസ അപേക്ഷകർ ബയോമെട്രിക് രജിസ്ട്രേഷനുവേണ്ടി അപേക്ഷാകേന്ദ്രത്തിൽ പോകണം. പക്ഷേ, വിസാ അപേക്ഷ പരിഗണിക്കുന്ന കാലയളവിൽ പാസ്പോർട്ട് അപേക്ഷാകേന്ദ്രത്തിൽത്തന്നെ വെക്കേണ്ടതില്ല.
ഇ-വിസയോ ഇ.ടി.എ.യോ തത്തുല്യരീതിയിലുള്ള മറ്റ് സാധുവായ രേഖയോ ഇല്ലാത്ത യാത്രക്കാരെ വിമാനക്കമ്പനികൾ തടയും. യാത്ര സുഗമമാക്കുന്ന നടപടിയാണ് ഇലക്‌ട്രോണിക് സംവിധാനമെന്ന് കുടിയേറ്റ-പൗരത്വകാര്യങ്ങൾക്കുള്ള ബ്രിട്ടീഷ് മന്ത്രി മൈക്ക് ടാപ്പ് പറഞ്ഞു.
കഴിഞ്ഞവർഷമാണ് ബ്രിട്ടീഷ് സർക്കാർ ഇ-വിസ സംവിധാനം ആരംഭിച്ചത്. ഈയാഴ്ച അതു പൂർണമായി നടപ്പാക്കും. ഇക്കാലമത്രയും ഇതിലേക്കുള്ള പരിവർത്തനത്തിന്റെ കാലമായിരുന്നു.
വിസ പ്രക്രിയ പൂർണമായി ഡിജിറ്റലാക്കാനാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നത്. യു.എസ്., കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ബ്രിട്ടനിലേക്ക് യാത്രചെയ്യാൻ വിസ വേണ്ടായിരുന്നു. അത്തരക്കാർക്ക് ഇനിമുതൽ ഇ.ടി.എ. ആവശ്യമാണ്.
Content Highlights: E-Visas are now mandatory for Indian nationals traveling to the UK., The traditional visa sticker in passports is being phased out., A new Electronic Travel Authorisation (ETA) system is now in effect for visa-exempt travelers., Biometric registration at an application center is still a required step.