കാടെന്നാൽ വന്യത, എടുക്കേണ്ടത് കണക്കുകൂട്ടിയുള്ള റിസ്ക്; ട്രെക്കിങ്ങിന് പോകുന്നവരറിയണം ഇക്കാര്യങ്ങൾ

ട്രെക്കിങ്ങിന് പോകുന്നവർ വളരെയധികം കരുതേണ്ടതുണ്ടെന്ന് ഡിഫൻസ് പി.ആർ.ഓ ധന്യ സനൽ. മാതൃഭൂമി ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള യൗവനത്തിന്റേതായ ആഗ്രഹം അടച്ചുവെയ്ക്കാൻ ആർക്കും ആകില്ല. കണക്കുകൂട്ടിക്കൊണ്ടുള്ള റിസ്കാണ് എടുക്കേണ്ടതെന്നും അവർ പറഞ്ഞു.
കാട് എപ്പോഴും വന്യമായ അനുഭവമാണ് തരുന്നത്. കാടിനകത്ത് കുറച്ചുദൂരം മാത്രം സഞ്ചരിക്കുമ്പോൾത്തന്നെ പലതരം വെല്ലുവിളികൾ നേരിടേണ്ടിവരാറുണ്ട്. വന്യമൃഗങ്ങളാണ് അതിലൊന്ന്. കാലാവസ്ഥയിൽ പെട്ടന്ന് വരുന്ന മാറ്റങ്ങൾ തുടങ്ങി എല്ലാം പ്രത്യേകം പ്രത്യേകം വെല്ലുവിളികളാണ്. അപ്പോൾ എല്ലാത്തിനേയും നേരിടാനുള്ള ഉപകരണങ്ങൾ, വസ്ത്രം എല്ലാം ഒത്തൊരുമിപ്പിച്ചിട്ടേ ട്രെക്കിങ്ങിന് പോകാവൂ.
ഏറ്റവും പ്രധാനപ്പെട്ടത് വെള്ളമാണ്. ബാബു കുടുങ്ങിക്കിടക്കുന്ന വാർത്തകൾ വന്നതുമുതൽ എല്ലാവരും ചോദിച്ചുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ പക്കൽ വെള്ളമോ ഭക്ഷണമോ ഉണ്ടായിരുന്നോ എന്നാണ്. യാത്രയ്ക്ക് പോകുന്ന സമയത്ത് വ്യക്തിപരമായി ഞാൻ ചെയ്യുന്നത് ഹൈഡ്രേഷൻ പാക്ക് കയ്യിൽക്കരുതുക എന്നുള്ളതാണ്. ശരീരത്തോടുചേർത്തുകെട്ടുന്ന ഹൈഡ്രേഷൻ പാക്കുകൾ ഇന്ന് ലഭ്യമാണ്.
താഴെ വീഴുകയാണെങ്കിലും നമ്മുടെ കയ്യിൽ ഏറ്റവും അത്യാവശ്യം വേണ്ടത് വെള്ളമാണ്. ഇത്തരം വസ്തുക്കൾ കരുതിയിട്ടുവേണം ട്രെക്കിങ്ങിന് പോകാൻ. ട്രെക്കിങ് മാത്രമല്ല, ഏതുതരം സാഹസിക പ്രവർത്തനമാണെങ്കിലും ഇക്കാര്യങ്ങൾ ബാധകമാണ്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്ന് പറയാൻ ഒരിക്കലും പറ്റില്ല. കാരണം അത് ഓരോ മനുഷ്യന്റെയും രക്തത്തിലുള്ളതാണ്. പക്ഷേ അതിനൊപ്പം വേണ്ട മുൻകരുതലുകളെടുക്കണമെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും അവർ പറഞ്ഞു.
Content Highlights: Trekking preparations, Rescue operation of babu, Future trekking hydration packs usage
Content Highlights: