വരൂ, കയറാം ബ്രഹ്മഗിരി മല; വനത്തിന്റെ ശാന്തതയിൽ അഞ്ചരക്കിലോമീറ്റർ സാഹസിക ട്രക്കിങ്

#സ്വന്തം ലേഖകൻ
ബ്രഹ്മഗിരി മലയിലൂടെ ട്രക്കിങ് നടത്തുന്ന സഞ്ചാരികൾ
ബ്രഹ്മഗിരി മലയിലൂടെ ട്രക്കിങ് നടത്തുന്ന സഞ്ചാരികൾ

തിരുനെല്ലി: സാഹസികസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി തിരുനെല്ലി ബ്രഹ്മഗിരിമല. വനത്തിന്റെ ശാന്തതയിൽ സമയംചെലവിടാൻ നൂറുകണക്കിനാളുകളാണ് തിരുനെല്ലി ഇക്കോ ടൂറിസം സെന്ററിലെത്തുന്നത്. ബ്രഹ്മഗിരിമലയിലേക്കുള്ള ട്രക്കിങ്ങാണ് ഏറ്റവും ആകർഷകം. നോർത്ത് വയനാട് വനംഡിവിഷൻ ബേഗൂർ റെയ്ഞ്ചിൽ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്റെ മേൽനോട്ടത്തിലാണ് ഇക്കോ ടൂറിസം സെന്റർ പ്രവർത്തിക്കുന്നത്.

ഇക്കോ ടൂറിസം സെന്ററിൽനിന്ന് മലമുകളിലേക്ക് അഞ്ചരക്കിലോമീറ്ററാണ് ട്രക്കിങ്. ഇടതൂർന്ന വനത്തിലൂടെ ആദ്യത്തെ മൂന്നുകിലോമീറ്റർ സഞ്ചരിച്ചാൽ ആന്റി പോച്ചിങ് ക്യാമ്പിലെത്തും. ഇവിടെ തിരുനെല്ലിയുടെ ദൃശ്യങ്ങൾ കാണാനായി നാല്പതടി ഉയരത്തിലുള്ള വാച്ച് ടവറുണ്ട്. അഞ്ചോളം അരുവികൾ കടന്നാണ് ആന്റി പോച്ചിങ് ക്യാമ്പിലെത്തുക. 1600-ലേറെ അടിയുള്ള മലമുകളിലെത്താൻ മൂന്നുകുന്നുകൾ കയറണം.

മുൻപ്‌ ആന്റി പോച്ചിങ് ക്യാമ്പിൽനിന്ന് അഞ്ചരക്കിലോമീറ്റർ ദൂരത്തിൽ പക്ഷിപാതാളംവരെ ട്രക്കിങ് അനുവദിച്ചിരുന്നു. മാവോവാദി ഭീഷണിയാലും പക്ഷിപാതാളമുൾപ്പെടുന്ന സ്ഥലം കർണാടക വനംവകുപ്പിനു കീഴിലായതിനാലും പിന്നീട് ഇത്‌ നിർത്തി.

ക്യാമ്പ് സൗകര്യവും

പെയ്‌ഡ് ക്യാമ്പുകൾ നടത്താനും ഇക്കോ ടൂറിസം സെന്ററിൽ സൗകര്യമുണ്ട്. ട്രക്കിങ്ങും ഭക്ഷണവും ഉൾപ്പെടെയാണ് ക്യാമ്പ്. വൈകീട്ടാണ് ക്യാമ്പ് തുടങ്ങുക. രാത്രിയിലെ ഭക്ഷണവും പ്രാതലും ട്രക്കിങ്ങിനുപോയി തിരിച്ചെത്തിയാലുള്ള ഭക്ഷണവും ഉൾപ്പെടെ മൂന്നുനേരം ഭക്ഷണമുണ്ടാകും. ചായയും ലഘുഭക്ഷണവുമുണ്ട്. ഏറ്റവും ചുരുങ്ങിയത് മുപ്പതുപേർ ക്യാമ്പിലുണ്ടാവണം. കുട്ടികളാണെങ്കിൽ 700 രൂപയും മുതിർന്നവരാണെങ്കിൽ 1100 രൂപയുമാണ് ഒരാൾക്ക് ക്യാമ്പ് ഫീസായി നൽകേണ്ടത്.

തിരുനെല്ലി ക്ഷേത്രം, പാപനാശിനി സന്ദർശനം. കാളിന്ദിപ്പുഴ സന്ദർശനം, പക്ഷിനിരീക്ഷണം, വനം-വന്യജീവികളുമായി ബന്ധപ്പെട്ടുള്ള ക്ലാസുകൾ എന്നിവയും ക്യാമ്പിലുൾപ്പെടും. 34 പേർക്ക് താമസിക്കാനുള്ള ഡോർമിറ്ററിയും രണ്ടുമുറികളും തിരുനെല്ലി ഇക്കോ ടൂറിസം സെന്ററിലുണ്ട്. മുതിർന്നവർക്ക് 350 രൂപയും സ്ഥാപനമേലധികാരുടെ കത്തുമായി എത്തുന്ന കുട്ടികൾക്ക് 120 രൂപയുമാണ് ഡോർമിറ്ററി ലഭിക്കാൻ നൽകേണ്ടത്. ഇതിനുപുറമേ രണ്ട് ഡബിൾ മുറികളും താമസത്തിനു ലഭിക്കും. 1500 രൂപയാണ് മുറികൾക്ക് നൽകേണ്ടത്.

ട്രക്കിങ്ങിനും താമസസൗകര്യത്തിനു മുറികൾ ബുക്കുചെയ്യുന്നതിനും ഓൺലൈൻ സൗകര്യമില്ല. മാനന്തവാടി-കാട്ടിക്കുളം- തിരുനെല്ലി ക്ഷേത്രം പ്രധാനപാതയിൽ ക്ഷേത്രം എത്തുന്നതിന് മൂന്നുകിലോമീറ്റർ മുൻപേയാണ് ഇക്കോ ടൂറിസം സെന്ററുള്ളത്.

‘ഇടതൂർന്ന വനത്തിലൂടെയും പുൽമേടുകളിലൂടെയുമാണ് ട്രക്കിങ് നടത്തുന്നതെന്നതിനാൽ ജാഗ്രത വേണം. കുടിവെള്ളാവശ്യത്തിനുൾപ്പെടെ ഉപയോഗിക്കുന്ന അരുവികൾ ട്രക്കിങ് നടത്തുന്ന വഴികളിലുണ്ട്. ഇവ മലിനപ്പെടുത്താതെ ശ്രദ്ധിക്കണം. തീപ്പൊരി പടർന്നാൽ കാട് കത്തിച്ചാമ്പലാകുന്ന സ്ഥിതിയാണുണ്ടാവുക. സിഗരറ്റ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ട്രക്കിങ് നടത്തുന്നതിന് അനുമതിയില്ല’.

ജയേഷ് ജോസഫ്

ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ

Content Highlights: Explore the serene Brahmagiri Hills in Tirunelli with a 5.5km trek through lush forests. Experience nature`s tranquility and wildlife. Book your adventure now!