തൃശ്ശൂര്‍ ഡി.ടി.പി.സി. പറയുന്നു; സഞ്ചാരികളേ നിങ്ങള്‍ ഇവിടേയ്ക്ക് വരേണ്ട...

തുമ്പൂര്‍മുഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഡി.ടി.പി.സി.യുടെ ബസ്
തുമ്പൂര്‍മുഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഡി.ടി.പി.സി.യുടെ ബസ്

സഞ്ചാരികളേ, നിങ്ങള്‍ തൃശ്ശൂരിലേക്ക് പുറപ്പെടും മുമ്പ് ഒന്നാലോചിക്കൂ. ഇവിടെ നിങ്ങളെ കാത്ത് ആരുമില്ല. തൃശ്ശൂര്‍ ജില്ലയിലെ വിനോദ സഞ്ചാരമേഖല ഉറക്കത്തിലാണ്. കോവിഡ് ഭീതിയൊഴിഞ്ഞതും സഞ്ചാരികള്‍ വീണ്ടുമെത്തിത്തുടങ്ങിയതും ഇവിടെയാരും അറിഞ്ഞ മട്ടില്ല.

സംസ്ഥാനത്തിനുതന്നെ മാതൃകയായിരുന്നു തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തനം പേരിനുമാത്രം. 2019 മുതല്‍ ജില്ലയില്‍ പുതിയ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. ഡി.ടി.പി.സി.ക്ക് സെക്രട്ടറിയില്ലാത്ത ഏക ജില്ലയും തൃശ്ശൂരാണ്. മാസങ്ങള്‍ക്കുമുന്‍പ് നിയമിച്ച സെക്രട്ടറി ഏപ്രില്‍ 30ന് രാജിവെച്ചു. അതിനുശേഷം ജൂണ്‍ആദ്യം ചുമതല ആര്‍.ഡി.ഒ.യ്ക്ക് കൈമാറി. ഉത്തരവാദിത്വങ്ങളേറെയുള്ള ആര്‍.ഡി.ഒ. എങ്ങനെ ജില്ലയിലെ വിനോദസഞ്ചാരമേഖലയെ നിയന്ത്രിക്കും എന്ന ചോദ്യം മാത്രം ചോദിക്കരുത്.

ബസുകള്‍ കട്ടപ്പുറത്ത്

മഴയാത്ര, ജംഗിള്‍ സഫാരി,ബോട്ട് യാത്രകള്‍, നാലമ്പല തീര്‍ഥാടനം, കോള്‍ യാത്രകള്‍ വിവിധ പദ്ധതികളാല്‍ സമ്പന്നമായ യാത്രാക്കാലം തൃശ്ശൂര്‍ ഡി.ടി.പി.സി.ക്കുണ്ടായിരുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ക്ക് മാതൃകയായ പദ്ധതികള്‍. എന്നാലിപ്പോള്‍ ജില്ലയിലെ വിനോദസഞ്ചാരമേഖലയെ തുണയ്ക്കുന്ന പദ്ധതികളൊന്നും തന്നെയില്ല. തുമ്പൂര്‍മുഴിയില്‍ നിന്ന് ജംഗിള്‍ സഫാരി മാത്രം ബാക്കിയുണ്ട്.

ജംഗിള്‍ സഫാരിക്കും മഴയാത്രയ്ക്കുമായി ലക്ഷങ്ങള്‍ ചെലവാക്കി വാങ്ങിയ ബസുകളെല്ലാം കട്ടപ്പുറത്താണ്. തുമ്പൂര്‍മുഴിയിലും മണ്ണുത്തിയിലെ കാര്‍ഷികഭവന്‍ വളപ്പിലുമായി നിര്‍ത്തിയിട്ടിരിക്കുകയാണ് രണ്ടു ബസുകള്‍. കോവിഡാണ് തിരിച്ചടിയായതെന്ന് പറയാമെങ്കിലും അതിനു മുമ്പ് ഡി.ടി.പി.സി.യുടെ പ്രവര്‍ത്തനം നിലച്ച മട്ടായിരുന്നു. വിനോദസഞ്ചാരമേഖല സജീവമായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഈ ബസുകളുടെ സ്ഥിതിയെന്തെന്ന് പരിശോധിക്കാനോ അറ്റകുറ്റപ്പണി നടത്താനോ നീക്കമുണ്ടായില്ല.

കണക്കില്ല, ബാക്കിയും ഇല്ല

ജില്ലയില്‍ ഡി.ടി.പി.സി.ക്ക് സ്വന്തമായി എത്ര ബോട്ടുകളുണ്ടെന്നതിന് യാതൊരു കണക്കുമില്ല. തൃപ്രയാര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ സരയൂ തീരത്ത് ഒരു സ്പീഡ് ബോട്ട് പാതി വെള്ളത്തില്‍ മുങ്ങി നശിച്ചുകൊണ്ടിരുന്നത് 2021 സെപ്റ്റംബറില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 20 വര്‍ഷം മുന്‍പ് ചേറ്റുവയില്‍നിന്ന് കൊണ്ടുവന്ന ഹൗസ് ബോട്ട് കരയില്‍ക്കിടന്നാണ് നശിച്ചത്. പീച്ചി ഡാം പരിസരത്തും ഒരു ബോട്ട് കട്ടപ്പുറത്ത് കയറ്റിയിട്ടിട്ട് വര്‍ഷങ്ങളായി. കാടുപിടിച്ചു.

കേരളത്തിന് പുറത്തുള്ള ഏതാനും വിനോദസഞ്ചാരതീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ മാത്രമാണ് തൃശ്ശൂരിലെ ഡി.ടി.പി.സി. ആസൂത്രണം ചെയ്യുന്നത്. അടുത്തു തന്നെ മറ്റ് യാത്രകള്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.

ഡി.ടി.പി.സി.യെന്നാൽ

പ്രാദേശികമായി വിനോദ സഞ്ചാര മേഖലകൾ കണ്ടെത്തി അവയുടെ വികസനത്തിനും നടത്തിപ്പിനും ജില്ലാതലത്തിൽ നേതൃത്വം നൽകുകയും പദ്ധതികളൊരുക്കുകയുമാണ് ഡി.ടി.പി.സി.യുടെ ചുമതല. ഇതിൽ അർഹമായ പദ്ധതികൾക്ക് സർക്കാരോ വിനോദ സഞ്ചാര വകുപ്പോ അനുമതി നൽകും. ജില്ലാതലത്തിൽ ടൂറിസം വകുപ്പിന്റെ പദ്ധതികളുടെ നടത്തിപ്പ് ചുമതലയും ഡി.ടി.പി.സി.ക്കാണ്.

എക്സിക്യുട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നില്ല

കളക്ടർ ചെയർമാനായ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഡി.ടി.പി.സി.യുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കളക്ടർക്ക് പുറമേ മൂന്ന് എം.എൽ.എ. മാർ, എം.പി., ഡി.ടി.പി.സി. സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, സർക്കാർ നിർദേശിക്കുന്ന മറ്റ് നാലുപേർ എന്നിവരാണ് അംഗങ്ങൾ. അടുത്തൊന്നും കമ്മിറ്റി ചേർന്നിട്ടില്ല. രണ്ടാം എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലേറിയിട്ട് കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടുമില്ല.

ഡി.പി.ആർ. പോലുമാകാതെതീർഥാടന ടൂറിസം

ടൂറിസം വകുപ്പിന്റെ പെരിങ്ങാട്- ചേറ്റുവ ഇക്കോ തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതി ഇഴയുന്നു. ചേറ്റുവ പുഴയും പക്ഷിസങ്കേതവും കണ്ടൽക്കാടുകളും ചേറ്റുവ കോട്ടയും ഗുരുവായൂർ ക്ഷേത്രമുൾപ്പെടെയുള്ള ആരാധനാലയങ്ങളും ഉൾപ്പെടുത്തിയുള്ളതാണ് സർക്യൂട്ട്. 2021 ജനുവരി ഒന്നിനാണ് പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കി സമർപ്പിക്കാൻ ടൂറിസം ഡയറക്ടർ ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി പല തവണ ടൂറിസം ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പഠനം നടത്തുകയും ചെയ്‌തെങ്കിലും ഡി.പി.ആർ. മാത്രം ആയില്ല.

ഓരോ തദ്ദേശസ്ഥാപനങ്ങളിൽനിന്നും ലഭ്യമാക്കാവുന്ന ഭൂമിയെക്കുറിച്ചുള്ള വിവരം റിപ്പോർട്ട് ആയി സമർപ്പിക്കാൻ ടൂറിസം വകുപ്പ് നിർദേശം നൽകിയിരുന്നെങ്കിലും പാവറട്ടി പഞ്ചായത്ത് മാത്രമാണ് ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതെന്ന് അറിയുന്നു. ഏങ്ങണ്ടിയൂർ, പാവറട്ടി, വെങ്കിടങ്ങ്, ഒരുമനയൂർ, കടപ്പുറം എന്നീ പഞ്ചായത്തുകളിലും ഗുരുവായൂർ, ചാവക്കാട് നഗരസഭകളിലുമായാണ് പദ്ധതിപ്രദേശം.

വൈകാൻ കാരണം വിവരം ലഭിക്കാത്തത്

പെരിങ്ങാട് -ചേറ്റുവ ഇക്കോ തീർഥാടന ടൂറിസം സർക്യൂട്ടിനായി തദ്ദേശസ്ഥാപനങ്ങളിൽനിന്ന് എത്രത്തോളം ഭൂമി ലഭ്യമാക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തമായ വിവരം ലഭിക്കാത്തതാണ് ഡി.പി.ആർ. വൈകുന്നതിന് കാരണമെന്ന് ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണപിള്ള പറഞ്ഞു. പദ്ധതിക്കായി ലഭ്യമാക്കേണ്ട ഭൂമിയെ സംബന്ധിച്ച കൃത്യമായ വിവരമില്ലാതെ ഡി.പി.ആർ. സമർപ്പിച്ചാൽ തള്ളാൻ കാരണമാകുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

Content Highlights: thrissur district tourism promotion council travel