തരിയോട്: സ്വപ്നങ്ങളുറങ്ങുന്ന ഗ്രാമഭൂമി

#കെ.കെ.ആർ. വെള്ളമുണ്ട
ബാണാസുരസാഗർ
ബാണാസുരസാഗർ

മലനിരകളുടെ കണ്ണാടിയായി ബാണാസുരസാഗർ മുഖം നോക്കിനിൽക്കുമ്പോൾ ഈ ജലാശയത്തിന്റെ വിദൂരതയിലേക്ക് കണ്ണയച്ചു നിൽക്കുന്ന ഒരുപാട് ഓർമ്മകളുണ്ട്. പ്രതീക്ഷയുടേയും സ്വപ്നങ്ങളുടേയും ഇന്നലെകളിൽ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവരുടെ കണ്ണീർകയങ്ങൾക്ക് ഈ ജലാശയത്തേക്കാളും ആഴമുണ്ട്.

തരിയോട് എന്ന ഗ്രാമത്തോടൊപ്പം അണക്കെട്ട് കവർന്നെടുത്ത ചരിത്രവും കാലത്തിനൊപ്പം മാഞ്ഞുപോകുമ്പോൾ ഇവയെ പുതിയ കാലത്തിലേക്ക് വിളക്കി ചേർക്കാൻ ഒരു ഗ്രാമ ജീവിതത്തിന്റെ നന്മയാർന്ന കഥകളുണ്ട്. നഷ്ടപ്രതാപങ്ങളുടെ ചരിത്രം അയവിറക്കുകയാണ് ഇന്ന് തരിയോട് പൈതൃക ഗ്രാമം. ബാണാസുരസാഗർ ജലാശയം കൈകൾ നീട്ടിയതോടെ നാടും നഗരവുമെല്ലാം വെള്ളത്തിനടിയിലായി. പതിറ്റാണ്ടുകളായി ഇവിടെ വേരാഴ്ത്തിയ കുടുംബങ്ങളും നാനാഭാഗങ്ങളിലേക്കായി ഒഴിഞ്ഞുപോയി. അണക്കെട്ടെന്ന വികസനവിസ്മയത്തിന് മുമ്പിൽ ജീവിതം കൈവിട്ടുപോയവരും തിരികെപിടിച്ചവരും ധാരാളമുണ്ട്. കാർഷികസമ്പന്നതയുടെ അടയാളങ്ങളായിരുന്ന തറവാടുകൾ, കുടിയേറ്റത്തിന്റെ ചരിത്രം അവശേഷിപ്പിച്ച കൃഷിയിടങ്ങൾ എല്ലാമെല്ലാം ജലാശയം കവർന്നെടുത്തു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലാണ് ടിപ്പുസുൽത്താന്റെ പടയോട്ടം തരിയോടിനെ പ്രകമ്പനം കൊള്ളിച്ചത്. കുമ്പളവയൽ, പഴൂർ ക്ഷേത്രങ്ങൾ ടിപ്പുവിന്റെ പടയോട്ടത്തിൽ തകർക്കപ്പെട്ടു. തെക്കേ വയനാട്ടിൽനിന്ന് ബാവലി മുതൽ വൈത്തിരിവരെ ആയുധക്കടത്തിനായി നിർമിച്ച കുതിരപ്പാണ്ടി റോഡ് ടിപ്പുവിന്റെ പടയോട്ടത്തിന്റെ ചരിത്രം പറയും.

സൈന്യത്തെ പുതുശ്ശേരിപ്പുഴയുടെ മറുകര കടത്താൻ ചങ്ങാടത്തിനെ കുതിരകളെക്കൊണ്ട് വലിപ്പിച്ചതിനാണ് പുതുശ്ശേരിക്കടവിന് കുതിരപ്പാണ്ടി എന്ന പേരും ലഭിച്ചത്. ടിപ്പുസൈന്യവുമായി ഏറ്റുമുട്ടിയ പഴൂർ ക്ഷേത്രപരിസരം 'പടവെട്ടി' എന്ന പേരിൽ അറിയപ്പെടുന്നു. പൗരാണികമായ മാടത്തുവയൽ, കുനിയിന്മേൽ കുറിച്യത്തറവാടുകൾ ഇവിടെയുണ്ട്.

മലബാറിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ആധിപത്യം ഉറപ്പിച്ചതോടെ കുതിരപ്പാണ്ടി റോഡ് വാഹനഗതാഗതത്തിനായി പരിഷ്‌കരിച്ചു. ഇക്കാലത്താണ് വയനാടിന്റെ അടിത്തട്ടിൽ സ്വർണത്തരികൾ ധാരാളമുണ്ടെന്ന നിഗമനത്തിൽ സ്വർണഖനനക്കമ്പനികൾ ബ്രിട്ടനിൽനിന്നും മറ്റും ഇങ്ങോട്ടുതിരിച്ചത്.

'ബ്രിട്ടൻ ഇൻകോർപ്പറേറ്റ് ഗോൾഡ് മൈൻസ് ഇന്ത്യ' എന്ന കമ്പനി സ്വർണം തേടി എത്തിയത് തരിയോടാണ്. സ്മിത്ത് എന്ന ബ്രിട്ടീഷുകാരനായിരുന്നു ഇതിന്റെ മാനേജിങ് ഡയറക്ടർ. ഇംപീരിയൽ ബാങ്കിന്റെ ഒരു ശാഖയും ഇക്കാലത്ത് തരിയാട് തുടങ്ങിയിരുന്നു. സ്വർണത്തരികൾ കാണാനില്ല, ഖനനം കമ്പനിയെ നഷ്ടത്തിലാക്കിക്കൊണ്ടിരുന്നു. കമ്പനി പ്രവർത്തനത്തിലുള്ള അപാകതയാണ് നഷ്ടത്തിന് കാരണമെന്ന് പാർട്ണർമാർ സ്മിത്തിനെ കുറ്റപ്പെടുത്തുകയായിരുന്നു. 

ഇതോടെ സ്മിത്തിന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വാതിലുകളടഞ്ഞു. ഇതിനെത്തുടർന്ന് സ്ഥാപനം ഡൈനാമിറ്റ് വെച്ച് തകർത്ത് സ്മിത്ത് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. തരിയോടിന്റെ മണ്ണിൽ ഈ ദുരന്തത്തിന്റെ സ്മാരകങ്ങൾ ഇന്നും അവശേഷിക്കുന്നു. ഇരുമ്പുട്രോളികളും ഖനനമുഖങ്ങളും ഇവിടെ കാണാം. അനന്തര അവകാശിയായി ലേഡി സ്മിത്തിന് ഉടമസ്ഥാവകാശം കിട്ടിയെങ്കിലും കുടിശ്ശിക തീർക്കാൻ കഴിയാതെ ഇവർ വിദേശത്തേക്ക് മടങ്ങി. സർക്കാർ ഏറ്റെടുത്ത സ്ഥലം പിന്നീട് റിസർവ് വനമായി മാറി. 'ലേഡി സ്മിത്ത് വനം' എന്നാണ് ഈ ഹരിതവനത്തിന്റെ ഇപ്പോഴത്തെ പേര്. ബംഗ്ലാവ് കുന്നിൽ സ്മിത്ത് സായ്പിന്റെ സ്മരണകൾ ഇന്നും ഉറങ്ങുന്നു.

ടിപ്പുവിനെ ഭയന്നോടിയവർക്ക് സ്മിത്ത് അഭയം നൽകിയതായും ചരിത്രരേഖകളിലുണ്ട്. കുതിരവണ്ടി റോഡിന്റെയും പാലത്തിന്റെയും ഗാർഡുകളും മറ്റും ഏറെക്കാലം ഇവിടെ കാണാമായിരുന്നു. മഞ്ഞൂറയിലെ ചിങ്ങനൂർ കുന്നിൽ പിന്നീടുണ്ടായ കനത്ത ഉരുൾപൊട്ടലിലാണ് കർലാട് എന്ന പ്രകൃതിദത്ത തടാകം ഉടലെടുത്തത്. അതിനുമുമ്പ് ഗിരിവർഗക്കാരുടെ ആധിപത്യമുണ്ടായിരുന്ന മേഖലയിൽ കുടിയേറ്റവും പിന്നീട് തുടങ്ങി.

പാലക്കാട്, മങ്കര, മഞ്ചേരി. തലശ്ശേരി എന്നിവിടങ്ങളിൽനിന്ന് വന്ന നായർമാരും കോഴിക്കോട്, കൊടുവള്ളി, മലപ്പുറം തലശ്ശേരി, വടകര എന്നിവിടങ്ങളിൽനിന്ന് മുസ്ലിം സമുദായക്കാരും കോട്ടയം ഭാഗത്തുനിന്ന് ക്രൈസ്തവരും ഇവിടെയെത്തി. ജന്മിമാരുടെ പാട്ടക്കാരായാണ് ഇവർ ആദ്യകാലങ്ങളിൽ ചെലവഴിച്ചത്. ഏക്കർ സ്ഥലത്തിന് വെറും ഒന്നര അണ മാത്രമായിരുന്നു പാട്ടം.മരക്കച്ചവടകേന്ദ്രമായും പിന്നീട് തരിയോട് മാറി. റെയിൽവേ സൽപ്പർ നിർമാണത്തിന്റെ തിരക്കിട്ട നാളുകളായിരുന്നു പിന്നിട്ടത്. വനങ്ങൾ മിക്കതും ഈ വേളയിൽ ഇക്കാലത്ത് കൊള്ളയടിക്കപ്പെട്ടു.

ജീവിക്കാൻ മണ്ണുതേടി വന്നവർ

1940-കൾക്കുശേഷം ഇവിടേക്കുള്ള കുടിയേറ്റത്തിന് ശക്തികൂടി. രണ്ടാംലോകമഹായുദ്ധത്തെ തുടർന്നുണ്ടായ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിൽ തിരുവിതാംകൂറിൽനിന്ന് കൃഷിഭൂമി തേടി ഒട്ടനവധി കുടുംബങ്ങൾ തരിയോട്ടെത്തി. ഇഞ്ചിപ്പുല്ലും പുൽതൈല വാറ്റുമൊക്കെയായി കുടിയേറ്റക്കാലം അധ്വാനത്തിന്റേതായി. 1962-ൽ തരിയോട് പഞ്ചായത്ത് രൂപം കൊണ്ടു. ആതുരസേവനത്തിന്, മുൻപ് ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു അലോപ്പതി കൽനിക്കുണ്ടായിരുന്നു.

എസ്റ്റേറ്റുകൾക്കും മറ്റുമായി 1972-ൽ വൈത്തിരി കുതിരവണ്ടി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. 73-ൽ കോഴിക്കോടുനിന്ന് തരിയോട്ടേക്ക് കെഎസ്ആർടിസി സർവീസും തുടങ്ങി. വയനാടിന്റെ മറ്റ് ഉൾനാടൻ ഗ്രാമങ്ങളിൽ ഇത്തരത്തിലുള്ള ഒരു യാത്രാവാഹനം അന്ന് സങ്കല്പം മാത്രമായിരുന്നു. പോസ്റ്റോഫീസും ഇതിനിടയിൽതന്നെയെത്തി. വയനാടിന്റെ ചരിത്രത്തിലെതന്നെ വികസനമുന്നേറ്റത്തിന് ആദ്യകാലം മുതൽ ഒരുങ്ങിനിൽക്കുകയായിരുന്നു തരിയോട്.

പഴയ പ്രതാപങ്ങളുടെ ഊർജം ഉൾക്കൊണ്ട് മറ്റൊരു കുതിപ്പിനായി ഉണർന്നിരിക്കവെ അണക്കെട്ട് എന്ന ആശയം പ്രതീക്ഷകളെയെല്ലാം ആഴത്തിൽ മുക്കി. ജനവാസകേന്ദ്രങ്ങളും അങ്ങാടിയും കൃഷിയിടങ്ങളുമെല്ലാം പദ്ധതിക്കുവേണ്ടി ജനങ്ങൾക്ക് ഉപേക്ഷിക്കേണ്ടിവന്നു. പൊന്നുവിളയുന്ന മണ്ണും കൃഷിയും ഉപേക്ഷിച്ചുപോകാൻ പലരും വിസമ്മതിച്ചു. പക്ഷേ സർക്കാർ പ്രഖ്യാപിച്ച കാശു വാങ്ങി പടിയിറങ്ങാൻ അവർ നിർബന്ധിതരായി.

വേനലെത്തുമ്പോൾ ഇവിടെ കാലം ബാക്കിയാക്കിയ ശേഷിപ്പുകൾ വെള്ളത്തിനടിയിൽനിന്ന് പുറത്തുവരും. ടാറിട്ട പഴയ റോഡുകളും പാതാറുമെല്ലാം പഴയ തരിയോട്ടേക്ക് വിരൽ ചൂണ്ടും. കുടിയേറിയ കർഷകരൊക്കെ അതുപോലെത്തന്നെ കുടിയിറങ്ങിപ്പോയി. ജന്മിയും അടിയാനും ഒരുപോലെ ഭൂമി നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായി. ബാണാസുരസാഗറെന്ന ജലാശയത്തിന്റെ തീരത്ത് ശേഷിക്കുന്നവർ കുറച്ചുപേർ മാത്രം. ഗതകാല നാടിന്റെ തുടിപ്പുകളാണ് ഇവരുടെ മനസ്സിൽ ഇപ്പോൾ അലയടിക്കുന്നത്.

ഒഴിഞ്ഞുപോയവരുടെ ഓർമ്മകൾ

മാനം തൊടുന്ന മലനിരകൾക്ക് താഴെ വിശാലമായ പ്രദേശം. ധാരാളം വയലുകളും പൊന്നുവിളയുന്ന കൃഷിയിടങ്ങളും. വിയർപ്പൊഴുക്കിയ മണ്ണിൽ ജീവിതം വേരാഴ്ത്തി നിന്നപ്പോൾ അപ്രതീക്ഷിതമായിരുന്നു ആ കേൾവികൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയതും ആദ്യത്തേതുമായ മണ്ണണ ഇവിടെ വരുന്നു. എല്ലാവരും ഒഴിഞ്ഞുപോകണം. അതുവരെയും തലമുറകളായി ഗതകാല വയനാടിന്റെ ബ്രിട്ടീഷ് അധിനിവേശത്തിനെല്ലാം സാക്ഷ്യമായി നിന്നവരുടെ തലമുറകൾക്കെല്ലാം ഈ വാർത്ത അവിശ്വസനീയമായി തോന്നി.

അത് സത്യമാകാൻ നാളുകൾ വേണ്ടി വന്നില്ല. വർഷത്തിൽ കോരിച്ചൊരിഞ്ഞ പെയ്യുന്ന മഴയുടെ ആരവങ്ങളിൽ നിറഞ്ഞു നിന്ന ഗ്രാമത്തിന് മുകളിലേക്ക് ഒരു ജലാശയം കൈനീട്ടാനുള്ള ഒരുക്കങ്ങൾ സർക്കാർ തലത്തിൽ തുടങ്ങുകയായി. തരിയോട് മലനിരകളിൽ നിന്നും സദാസമയം അലയടിച്ച് കുതിച്ചെത്തിയ കാട്ടരുവികൾ ജീവൻ നൽകിയ കരമാൻ തോടിനെ തടയാൻ പദ്ധതികളായി.

ഒഴിയാൻ മനസ്സുകൊണ്ട് മടിച്ചവർക്കെല്ലാം പിടിച്ചു നിൽക്കാൻ കഴിയാതെയായി. ഇങ്ങനെ ഒരിക്കൽ ഈ ഗ്രാമങ്ങളെയും അവർ പങ്കുവെച്ച സൗഹൃദങ്ങളെയും പാതിവഴിയിൽ ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപോയവരുടെ ഓർമ്മകൾ കൂടിയാണ് ഇന്ന് ഈ ജലാശയം. 1962 മുതലാണ് ഇവിടെ ഇങ്ങനെയൊരു അണക്കെട്ടിന്റെ സാധ്യതകളിലേക്ക് അധികൃതരുടെ നോട്ടം വീഴുന്നത്. പതിയെ പതിയെ ഇതിന്റെ സാധ്യതകളിലേക്ക് ഇവർ പഠനങ്ങൾ നടത്തിക്കൊണ്ടിരുന്നു.80 കളിൽ പദ്ധതിക്ക് അംഗീകരാമായി. ആദ്യമൊക്കെ ഈ വാർത്തകൾ ബലപ്പെട്ടുവന്നപ്പോൾ പ്രദേശവാസികൾ.

Content Highlights: the history of Thariyodu Heritage Village