കേരളത്തിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്നത് ഇവിടെ..; വനാന്തരത്തിലെ അതേ സൂക്ഷ്മകാലാവസ്ഥ

#എ.കെ. ജയപ്രകാശ്
1. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ശുദ്ധവായു ഗുണനിലവാരം സംബന്ധിച്ച പഠനത്തിനെത്തിയ ഡോ. സ്റ്റെഫി ജെയിംസും എ.എല്‍. ജാക്സണും അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി.ടി. ഔസേപ്പിനൊപ്പം. 2. തട്ടേക്കാട് പക്ഷിസങ്കേതം
1. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ശുദ്ധവായു ഗുണനിലവാരം സംബന്ധിച്ച പഠനത്തിനെത്തിയ ഡോ. സ്റ്റെഫി ജെയിംസും എ.എല്‍. ജാക്സണും അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി.ടി. ഔസേപ്പിനൊപ്പം. 2. തട്ടേക്കാട് പക്ഷിസങ്കേതം

കോതമംഗലം: കേരളത്തിലെ വനമേഖലയോടുചേർന്ന പ്രദേശങ്ങളിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന സ്ഥലം തട്ടേക്കാടെന്ന് പഠനം. വനം വകുപ്പിന്റെ നിർദേശാനുസരണം വനമേഖലയോടുചേർന്ന സ്ഥലങ്ങളിലെ വായു ഗുണനിലവാരം സംബന്ധിച്ച് നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നടത്തിയ പഠനത്തിലാണ് മാലിന്യരഹിതമായ ശുദ്ധവായു ലഭിക്കുന്ന ഇടമായി തട്ടേക്കാടിനെ കണ്ടെത്തിയത്. വനാന്തരത്തിൽ അനുഭവപ്പെടുന്ന അതേ സൂക്ഷ്മകാലാവസ്ഥയാണ് ഇവിടേയും.

കേരളത്തിലെ വനം പരിസ്ഥിതി കേന്ദ്രങ്ങളിലെ വായു ഗുണനിലവാരം സംബന്ധിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ 30-ഓളം സ്ഥലങ്ങളിലെ സാഹചര്യങ്ങൾ സമഗ്രമായി വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേവലം 25.16 ചതുരശ്രകിലോമീറ്റർ വിസ്തീർണം മാത്രമാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിനുള്ളത്. വായു ഗുണനിലവാര സൂചികയിൽ വായുവിന്റെ ശുദ്ധവും അശുദ്ധവുമായ അളവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവും നല്ല ശുദ്ധവായു സൂചിക 0-50 ആണ്. 51-100 മിതനിരക്ക്, 101-150 മോശം, 151-200 അനാരോഗ്യകരം എന്നിങ്ങനെയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ച് തട്ടേക്കാട് 0-50 അളവിലെ ശുദ്ധവായുവാണ് ലഭിക്കുന്നത്. തട്ടേക്കാടിന് തൊട്ടുതാഴെ സൈലന്റ് വാലിയാണ്.

നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ ഓഡിറ്ററും ആരക്കുന്നം ടോക് എച്ച് എൻജിനിയറിങ് കോളേജ് സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ എക്‌സിക്യുട്ടീവ് കമ്മിറ്റി മെംബറുമായ ഡോ. സ്റ്റെഫി ജെയിംസ്, കൊച്ചിൻ ഷിപ്പ്യാർഡ് റിട്ട. ചീഫ് സേഫ്റ്റി ഓഫീസറും നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ ഓണററി സെക്രട്ടറിയുമായ എ.എൽ. ജാക്സൺ എന്നിവരാണ് പഠനം നടത്തി റിപ്പോർട്ട് നൽകിയത്.

Content Highlights: Thattekkad ranked #1 for cleanest air quality (0-50 AQI) in Kerala., Study conducted by National Safety Council Kerala Chapter across 30 locations., Air quality at Thattekkad matches the pristine micro-climate of deep forests., Silent Valley ranked second in the comprehensive air quality analysis.