താജ്മഹലിലെ ഫോട്ടോ പങ്കുവെച്ച് US അംബാസഡർ; ‘സ്റ്റാച്യു ഓഫ് ലിബർട്ടി ഇതുപോലെ ഒഴിപ്പിക്കുമോ’? വിമർശനം

#Travel Desk
photo:Ambassador Sergio Gor/X
photo:Ambassador Sergio Gor/X

ഇന്ത്യയിലെ വിഐപി പ്രവേശന സംവിധാനം, പ്രത്യേകിച്ച് താജ്മഹൽ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറെക്കാലമായി ചർച്ചാവിഷയമാണ്. പലരും താജ്മഹലിലേക്ക് പെട്ടെന്ന് പ്രവേശനം ലഭിക്കുന്നതിനായി വലിയ തുക നൽകുന്നു. മറ്റുചിലരാകട്ടെ മണിക്കൂറുകളോളം വരിയിൽ നിൽക്കുന്നു. ഈയിടെ, യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ താജ്മഹൽ സന്ദർശനം വീണ്ടും ഈ വിവാദം ആളിക്കത്തിച്ചിരിക്കുകയാണ്.

താജ്മഹലിന് മുന്നിൽ ഒരു ബെഞ്ചിലിരിക്കുന്ന ചിത്രം എക്സിലൂടെയാണ് സെർജിയോ പങ്കുവെച്ചത്. "ലോകത്തിലെ വളരെ കുറച്ച് സ്ഥലങ്ങൾക്ക് മാത്രമേ താജ്മഹലിന്റെ സൗന്ദര്യത്തോട് കിടപിടിക്കാനാവൂ. ഏകദേശം 15 വർഷം മുൻപ്, എന്റെ മാതാപിതാക്കളോടൊപ്പം ഞാൻ ഇതേ സ്ഥലം സന്ദർശിച്ചിരുന്നു, വീണ്ടും വന്നതിൽ അതിയായ സന്തോഷം! എന്ന് ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചു.

എന്നാൽ, ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ലോക നേതാക്കൾക്ക് നൽകുന്ന പ്രത്യേക പരിഗണനയെക്കുറിച്ചും വിഐപികൾക്കായി പൊതുസ്ഥലങ്ങൾ അടച്ചിടുന്നതിനെക്കുറിച്ചും പലരും ചോദ്യങ്ങൾ ഉയർത്തി. തിരക്കുള്ള വാരാന്ത്യ സമയത്ത് ചിത്രത്തിലെ അസാധാരണമായ ശൂന്യത ശ്രദ്ധിക്കുകയും അദ്ദേഹത്തിനായി താജ്മഹൽ ഒഴിച്ചിട്ടതാണോ എന്ന് സംശയം ഉന്നയിക്കുകയും ചെയ്തു.

‘ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിനോദസഞ്ചാരി പോലും ഇല്ല. സെർജിയോ ഗോറിന് ഈ ചിത്രം എടുക്കാൻ വേണ്ടി സ്ഥലം മുഴുവൻ ഒഴിച്ചിട്ടതായി തോന്നുന്നുവെന്ന് ഒരു ഉപയോക്താവ് എഴുതി. ‘ഇന്ത്യൻ അംബാസഡറുടെ സന്ദർശനത്തിനായി സ്റ്റാച്യു ഓഫ് ലിബർട്ടി ഇതുപോലെ ശൂന്യമാക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ’ എന്ന് മറ്റൊരാൾ ചോദിച്ചു.

‘വൈസ്രോയി സാറിന് മുൻകാല ഭരണകർത്താക്കളായ കർസണെയും ഡൽഹൗസിയെയും പോലെ ഈ സ്ഥലം മുഴുവനായി ലഭിച്ചെന്നായിരുന്നു മറ്റൊരു പരിഹാസം. ഇന്ത്യ ഇപ്പോൾ ഒരു യുഎസ് കോളനി പോലെയാണ്. അദ്ദേഹത്തിന്റെ സന്ദർശനത്തിനായി മുഴുവൻ താജ്മഹലും ഒഴിപ്പിച്ചെന്ന് ഒരു വ്യക്തി വിമർശിച്ചു. ‘നിങ്ങളുടെ സന്ദർശനത്തിനായി സ്ഥലം മുഴുവൻ ഒഴിപ്പിച്ചതിൽ നിങ്ങൾക്ക് നാണമില്ലേ? എന്തുകൊണ്ടാണ് നിങ്ങൾ ഒരു വൈസ്രോയിയെപ്പോലെ പെരുമാറുന്നത്?’ മറ്റൊരാൾ ചോദിച്ചു.

Content Highlights: US Ambassador`s Taj Mahal visit reignites debate on VIP access in India. Was the iconic monument cleared for him? See reactions.