ഉയരങ്ങളോട് എന്നും അഭിനിവേശം, എവറസ്റ്റ് കീഴടക്കാനൊരുങ്ങി ശ്രീഷ രവീന്ദ്രൻ

പാലക്കാട്: മരംകോച്ചുന്ന തണുപ്പത്ത് ഹിമാലയൻ താഴ്വരയിലേക്കൊരു യാത്ര. വർഷത്തിലൊരിക്കൽ ഒരു ട്രെക്കിങ്. ചെങ്കുത്തായ മലനിരകളിലൂടെ സാഹസികമായി ദിവസങ്ങളോളമുള്ള യാത്ര. അച്ഛന്റെ കൈപിടിച്ച് കുന്നും മലയും താണ്ടിയ ബാലികയ്ക്ക് ഉയരങ്ങളോട് എന്നും അഭിനിവേശമായിരുന്നു. വർഷങ്ങൾക്കിപ്പുറം വലിയൊരു മോഹത്തിനൊപ്പം സഞ്ചരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആ പെൺകുട്ടി- എവറസ്റ്റ് കീഴടക്കുക. ഏപ്രിൽ ആദ്യവാരം ഇതിനായി നേപ്പാളിലേക്കു പോകാനൊരുങ്ങുകയാണ് ഷൊർണൂർ കണയം തിരുത്തിയിൽ ചാങ്കത്ത് വീട്ടിൽ ശ്രീഷ രവീന്ദ്രൻ.
രണ്ടു പതിറ്റാണ്ടു മുമ്പ് കൊച്ചിയിൽ സ്കൂളിൽ പഠിക്കുമ്പോൾ കുളു-മണാലി യാത്രപോയപ്പോഴാണ് കുന്നുകളോടും മലകളോടുമുള്ള തന്റെ ഇഷ്ടം ശ്രീഷ തിരിച്ചറിയുന്നത്. കൊച്ചിൻ റിഫൈനറിയിൽ ജോലിക്കാരനായ അച്ഛൻ സി.രവീന്ദ്രനൊപ്പം ജമ്മുകശ്മീരിലായിരുന്നു ആദ്യ മലകയറ്റം. വിവാഹം വരെ എല്ലാവർഷവും ശ്രീഷ പിതാവിനൊപ്പം മലകയറ്റത്തിനു പോകുമായിരുന്നു.
നിലവിൽ കുന്നുകളും ചുരങ്ങളുമായി രാജ്യത്തെ പതിനഞ്ചോളം ഉയരങ്ങളിലൂടെ സഞ്ചരിച്ചുകഴിഞ്ഞു ശ്രീഷ. സിക്കിമിലെ ഗോയച ലാ ചുരം, യുക്സം സോംഗ്രി, ലഡാക്ക് മേഖലയിലെ സ്റ്റോക്ക് പർവതനിരകളിലെ ഉയരംകൂടിയ പർവതമായ സ്റ്റോക്ക് കാംഗ്രി, ഹിമാചൽപ്രദേശിലെ ത്രിഉംഡ് തുടങ്ങിയവ അതിൽ ചിലതു മാത്രം. എവറസ്റ്റും ലോകത്തെ ഉയരംകൂടിയ പർവതങ്ങളിലൊന്നായ ലോട്സെയും കീഴടക്കാൻ പരിശീലനത്തിനും മറ്റുമായി പോകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീഷയിപ്പോൾ. ബെംഗളൂരുവിൽ ടാക്സ് മാനേജറായ ശ്രീഷ ഒരു നർത്തകി കൂടിയാണ്. ട്രെക്കിങ്ങിനുള്ള ശാരീരിക, മാനസിക കരുത്തിനുള്ള ഉപാധികൂടിയാണ് ശ്രീഷയ്ക്ക് നൃത്തം. ഭരതാട്യവും അൽപ്പം കഥക്കും പഠിച്ചിട്ടുണ്ടെന്ന് ശ്രീഷ പറയുന്നു.
ട്രെക്കിങ്ങിൽ തുടങ്ങി പർവതാരോഹണ(മൗണ്ടനിയറിങ്)ത്തിലെത്തിയ ആളാണ് ശ്രീഷ. ബൂട്ട്സ് ആൻഡ് ക്രാംപോൺസ് എന്ന സംഘത്തിനൊപ്പമാണ് ശ്രീഷയുടെ പർവതാരോഹണം. 15 മുതൽ 25 ദിവസം വരെയെടുത്താണ് പലപ്പോഴും മലകയറ്റം. 'ഒറ്റയ്ക്ക് ഇത്രയും ദിവസമോ'- എന്ന ചോദ്യങ്ങളെ വകവെക്കാതെയാണ് ശ്രീഷയുടെ മുന്നേറ്റം.
‘‘എനിക്ക് ആത്മവിശ്വാസവും സമാധാനവും നൽകുന്ന കാര്യമാണ് മലകയറ്റം. ഒറ്റയ്ക്കും കൂട്ടായും എന്റെ മകനൊപ്പവുമെല്ലാം ഞാൻ ട്രെക്കിങ്ങിനു പോയിട്ടുണ്ട്. ഒറ്റയ്ക്കു പോകുമ്പോൾ മകനെ കുടുംബാംഗങ്ങളെ ഏൽപ്പിച്ചാണ് പോകാറുള്ളത്’’- ശ്രീഷ പറയുന്നു. ഒരുകാര്യവും ചെയ്യാൻ വയസ്സ് ഒരു തടസ്സമേയല്ല. നിങ്ങൾക്ക് ആഗ്രഹമുള്ളത് നിങ്ങൾ ചെയ്യുക. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്തു നോക്കുകയെന്നത് ശ്രീഷയ്ക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്.
ലഡാക്കിലെ കെവൈടു ഇറങ്ങുമ്പോൾ കാലുതെന്നി മലയിടുക്കിൽ വീണ സംഭവം ശ്രീഷയ്ക്കു മറക്കാനാവില്ല. മൂന്നുനാലു മിനിറ്റു നേരത്തേക്ക് തന്റെയും കൂടെയുള്ളവരുടെയും ബോധം പോയതായി ശ്രീഷ പറയുന്നു. ചെറിയ പരിക്കുകളോടെ ഭാഗ്യംകൊണ്ടാണ് അന്നു രക്ഷപ്പെട്ടതെന്നു ശ്രീഷ ഓർക്കുന്നു. 12 വയസ്സുകാരൻ നിരഞ്ജന്റെ അമ്മകൂടിയാണ് ശ്രീഷ. നിരഞ്ജൻ തയ്ക്കോണ്ടോ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ്. അമ്മ: അനിത. സഹോദരി: രേഷ്മ. ഭർത്താവ്: ജയറാം നായർ.
എവറസ്റ്റ് ദൗത്യം ഇങ്ങനെ
ഏപ്രിൽ ആദ്യവാരം നേപ്പാളിലേക്ക്. ആദ്യം ആറായിരം അടിയിലേറെ ഉയരമുള്ള, നേപ്പാളിലെ ലോബുചെ പർവതം കയറും. തുടർന്ന് കുറച്ചുദിവസം വിശ്രമം. മേയ് 21 മുതൽ എവറസ്റ്റ് കയറ്റം. മൂന്ന് പുരുഷന്മാരും ശ്രീഷയടക്കം മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘമായിരിക്കും മലകയറുക.
വേണം സ്പോൺസർ
സ്വന്തം വരുമാനത്തിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ശ്രീഷ ഇതുവരെയുള്ള മലകയറ്റങ്ങളെല്ലാം പൂർത്തിയാക്കിയത്. എന്നാൽ, എവറസ്റ്റും ലോട്സെയും കീഴടക്കാനുള്ള പരിശീലനത്തിനും മലകയറ്റത്തിനുമായി 39 ലക്ഷത്തോളം രൂപയാണ് ചെലവ്. ഇതിനുള്ള സ്പോൺസർമാരെ കണ്ടെത്താനാകുമോ എന്ന അന്വേഷണത്തിലാണ് ശ്രീഷയിപ്പോൾ.
Content Highlights: sreesha raveendran ready to conquer everest