വന്ദേഭാരതിൽ യാത്രക്കാർ കൂടി, വരുമാനവും; ഈ വർഷം മാത്രം ലഭിച്ചത് 803 കോടി

#ട്രാവൽ ഡെസ്ക്
വന്ദേ ഭാരത് എക്സ്പ്രസ് | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
വന്ദേ ഭാരത് എക്സ്പ്രസ് | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി

ചെന്നൈ: ഓരോ സ്റ്റേഷനിലും തീവണ്ടിയെത്തുന്നതിന് 15 മിനിറ്റു മുൻപുവരെ തത്‌സമയ റിസർവേഷൻ (കറന്റ് റിസർവേഷൻ) സൗകര്യം നടപ്പാക്കിയതോടെ ദക്ഷിണ റെയിൽവേയിലെ വന്ദേഭാരത് തീവണ്ടികളിൽ യാത്രക്കാരുടെ എണ്ണവും വരുമാനവും കുതിച്ചുയർന്നു.

2025-26 സാമ്പത്തിക വർഷം ദക്ഷിണറെയിൽവേയിലെ 24 വന്ദേഭാരത് വണ്ടികളിലായി 77.38 ലക്ഷം പേരാണ് യാത്ര ചെയ്തതെന്ന് റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. 803.86 കോടി രൂപയാണ് വരുമാനം. 2024-25 സാമ്പത്തിക വർഷം 54.12 ലക്ഷം യാത്രക്കാരെയും 540.65 കോടി രൂപ വരുമാനവും ലഭിച്ച സ്ഥാനത്താണിത്. 2024-25 സാമ്പത്തിക വർഷം കറന്റ് ബുക്കിങ് വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 2,98,989-ഉം വരുമാനം 2181 ലക്ഷം രൂപയുമായിരുന്നു. 2025-26 സാമ്പത്തിക വർഷം യാത്രക്കാർ 7,42,428-ഉം വരുമാനം 5706 ലക്ഷം രൂപയുമായി ഉയർന്നു.

2025 ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലായാണ് എട്ടുവണ്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 മിനിറ്റു മുൻപുവരെ കറന്റ് ബുക്കിങ് സംവിധാനം തുടങ്ങിയത്. ഈ വണ്ടികളിൽ അതിനുശേഷം കറന്റ് ബുക്കിങ് വഴിയുള്ള വരുമാനത്തിൽ 78 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ 80 ശതമാനവും വർധനയുണ്ടായി. അതിനുശേഷം 17 വണ്ടികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിച്ചു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ വന്ദേഭാരത് വണ്ടികളെ അപേക്ഷിച്ച് ദക്ഷിണറെയിൽവേയിലെ വണ്ടികളാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ. മംഗളൂരു-തിരുവനന്തപുരം, കാസർകോട്-തിരുവനന്തപുരം, ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേഭാരത് വണ്ടികളിൽ യാത്രക്കാരുടെ അനുപാതം സ്ഥിരമായി 100 ശതമാനത്തിൽ കൂടുതലാണ്. ഇടയ്ക്കുവെച്ച് ഇറങ്ങുകയും കയറുകയും ചെയ്യുന്നവരുടെ എണ്ണംകൂടി കണക്കിലെടുക്കുമ്പോഴാണ് യാത്രക്കാരുടെ എണ്ണം സീറ്റിന്റെ എണ്ണത്തെക്കാൾ കൂടുന്നത്.

Content Highlights: The implementation of a last-minute current reservation facility up to 15 minutes before departure has significantly boosted Southern Railway's Vande Bharat revenue to ₹803.86 crore, with Kerala routes constantly recording over 100% occupancy.