എല്ലാ ടൂറിസ്റ്റ് വാഹനങ്ങളിലും മാലിന്യസഞ്ചിയുണ്ടാകണം; പുതിയ നിയമം കര്‍ശനമാക്കി ഈ സംസ്ഥാനം

ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമാണ് സിക്കിം. ജനസംഖ്യയിലും ഏറ്റവും പിന്നിലാണ്. എന്നാല്‍ പ്രകൃതിഭംഗികൊണ്ട് മുന്നില്‍ തന്നെയാണ് സിക്കിം. സെവന്‍ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഏഴ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണിത്. ബുദ്ധാശ്രമങ്ങളും പര്‍വതങ്ങളും താഴ്‌വരകളും തടാകങ്ങളും തുടങ്ങി സിക്കിമില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഇടങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും ശുചിത്വപൂര്‍ണമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സിക്കിമിന്റെ സ്ഥാനം. പ്ലാസ്റ്റിക് ബാഗുകള്‍ ഇവിടെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പുതിയൊരു നിയമം കൂടെ കൊണ്ടുവന്ന് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് സിക്കിം. സംസ്ഥാനത്തേക്ക് പ്രവേശിച്ചിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഒരു മാലിന്യ സഞ്ചി ഉണ്ടായിരിക്കണമെന്നതാണ് നിയമം. ടൂറിസം, സിവില്‍ ഏവിയേഷന്‍ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവിനെ കുറിച്ച് സഞ്ചാരികളെ അറിയിക്കേണ്ടത് ട്രാവല്‍ ഏജന്‍സികളുടെയും ടൂറിസം ഓപ്പറേറ്റര്‍മാരുടെയും ഉത്തരവാദിത്വമായിരിക്കും. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനമായ പരിശോധനകളുണ്ടാവും. ലംഘിക്കുന്ന യാത്രക്കാരില്‍ നിന്ന് പിഴയീടാക്കും.
സുസ്ഥിരമായ വിനോദസഞ്ചാര മാതൃകകള്‍ സംസ്ഥാത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാലിന്യ സംസ്‌കരണത്തെ കുറിച്ചും സുസ്ഥിരമായ ടൂറിസത്തെ കുറിച്ചും സഞ്ചാരികളെ ബോധവത്കരിക്കാനായി ക്യാംപെയിനുകളും നടത്താന്‍ തീരുമാനമായിട്ടുണ്ട്.
രാജ്യത്തെ ആദ്യത്തെ ഓര്‍ഗാനിക് സംസ്ഥാനമായി സിക്കിം മാറിയത് സമീപകാലത്താണ്. വലിയൊരു ശതമാനം ജൈവകൃഷിരീതികളും സുസ്ഥിരമായ ജീവിതരീതികളും സ്വീകരിച്ചുകൊണ്ടാണ് ഈ കുഞ്ഞന്‍ സംസ്ഥാനം രാജ്യത്തിന് അത്ഭുതമായി മാറിയത്. ഹിമാലയത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയിലും കാലവസ്ഥയിലുമായതിനാല്‍ സിക്കിം യാത്ര മറക്കാനാകാത്ത അനൂഭൂതിയായിരിക്കും ഓരോ സഞ്ചാരിക്കും സമ്മാനിക്കുക.
Content Highlights: Sikkim mandates tourist vehicles to carry garbage bags