നാല് മണിക്കൂറില്‍ ശ്രീലങ്കയില്‍, ടിക്കറ്റ് 4997 രൂപ; തമിഴ്‌നാട്ടില്‍നിന്ന് കപ്പല്‍യാത്ര ഇനി 5 ദിവസം

ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ ഇനി ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസ് നടത്തും. യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണിത്.
ഞായര്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കപ്പല്‍ ഉണ്ടാവുകയെന്ന് സര്‍വീസ് നടത്തുന്ന ഇന്‍ഡ്ശ്രീ ഫെറി അറിയിച്ചു.
മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനുശേഷം ഈ വര്‍ഷം ഓഗസ്റ്റ് 16-നാണ് കപ്പല്‍സര്‍വീസ് പുനരാരംഭിച്ചത്. തുടക്കത്തില്‍ യാത്രക്കാര്‍ കുറവായതുകാരണം സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമാക്കി കുറച്ചു. സെപ്റ്റംബര്‍ 21 മുതല്‍ നാലുദിവസമാക്കി.
യാത്രക്കാരുടെ എണ്ണം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് അഞ്ചുദിവസമാക്കിയത്. രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പല്‍ ഉച്ചയ്ക്ക് 12-ന് കാങ്കേശന്‍തുറയിലെത്തും. അതേ ദിവസം ഉച്ചയ്ക്ക് രണ്ടിന് കാങ്കേശന്‍തുറയില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് നാഗപട്ടണത്ത് തിരിച്ചെത്തും.
സര്‍വീസ് നടത്തുന്ന ഇന്‍ഡ്ശ്രീ ഫെറി സര്‍വീസിന്റെ വെബ്സൈറ്റ് (https://sailindsri.com) വഴി ടിക്കറ്റ് ബുക്കുചെയ്യാം. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍തുറയിലേക്ക് സാധാരണക്ലാസില്‍ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരിച്ചുള്ള നിരക്ക് 4613 രൂപയാണ്.
Content Highlights: Ship service between Tamilnadu and Srilanka now operates 5 days