ചെറി വസന്തം കാണാന്‍ ജപ്പാനില്‍ പോകേണ്ട; ബ്ലോസം ഫെസ്റ്റിവലുമായി ഷില്ലോങ് നഗരം

ചെറിപ്പൂക്കള്‍, ബ്ലോസം ഫെസ്റ്റിവലില്‍ നിന്നുള്ള കാഴ്ച
ചെറിപ്പൂക്കള്‍, ബ്ലോസം ഫെസ്റ്റിവലില്‍ നിന്നുള്ള കാഴ്ച

ചെറി വസന്തം കാണുക എന്നത് ഏത് സഞ്ചാരിയുടെയും സ്വപ്നമാണ്. പക്ഷെ, അതിനായി ജപ്പാനില്‍ പോകണമെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ചെറി പൂവുകള്‍ പൂത്തുനില്‍ക്കുന്ന മനോഹരമായ കാഴ്ച നമ്മുടെ രാജ്യത്തും കാണാനാവും. ലോകത്തിലെ ഏറ്റവും മനോഹരമായ ചെറി ബ്ലോസം ഫെസ്റ്റിവല്‍ നടക്കുന്നത് മേഘാലയയിലെ ഷില്ലോങിലാണ്.

അമേരിക്കയിലും ജപ്പാനിലുമെല്ലാം ഏപ്രില്‍ മാസം മുതലാണ് ചെറി പൂക്കള്‍ പൂക്കുന്നതെങ്കില്‍ ഷില്ലോങില്‍ അത് നവംബറിലാണെന്ന പ്രത്യേകതയുണ്ട്. ഈ സമയത്ത് സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ഈ സഞ്ചാരികള്‍ക്കായാണ് ഷില്ലോങ്ങില്‍ ചെറി ബ്ലോസം ഫെസ്റ്റിവല്‍ നടക്കുന്നത്.

മേഘാലയയിലെ ഏറ്റവും വലിയ ഫെസ്റ്റിവലില്‍ ഒന്നാണ് ചെറി ബ്ലോസം ഫെസ്റ്റിവല്‍. ചെറി വസന്തത്തിന്റെ കാഴ്ചകള്‍ക്കൊപ്പം മേഘാലയയിലെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഈ മേള. മികച്ച കാലാവസ്ഥയും അതിമനോഹരമായ കാഴ്ചകളുമാണ് ഈ പരിപാടിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. നവംബര്‍ 17 മുതല്‍ 19 വരെയാണ് ഈ വര്‍ഷത്തെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ ഷില്ലോങില്‍ നടക്കുക. ഷില്ലേങ്ങിലെ മാവ്‌ലസ്‌നെയിലുള്ള ആര്‍.ബി.ഡി.എസ് കോംപ്ലെക്‌സാണ് ഇത്തവണത്തെ വേദി. 

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ നിരവധി സംഗീതജ്ഞരും ഇത്തവണ ഈ പരിപാടിയില്‍ പങ്കെടുക്കും. റൊണാന്‍ കീറ്റിങ് (ബോയ്‌സോണ്‍), ഗ്രാമി ജേതാവായ ആര്‍ ആന്‍ഡ് ബി ആര്‍ട്ടിസ്റ്റ് നെ-യോ, ഡിജെ മ്യൂസിക് പ്രൊഡൂസര്‍ ജൊനാസ് ബ്ലൂ, ഇന്ത്യന്‍ ബാന്‍ഡായ സനം, ഡിജെ പിങ്ക് പാണ്ട തുടങ്ങിയ ലോകോത്തര കലാകാരന്‍മാര്‍ ഫെസ്റ്റിവലിന്റെ ഭാഗമാവുന്നുണ്ട്. മറ്റ് അനവധി സാംസ്‌കാരിക പരിപാടികളും നിരവധി മത്സരങ്ങളും അരങ്ങേറും. 

മേഘാലയയിലെ രുചി വൈവിധ്യങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങളും ആസ്വദിക്കാന്‍ സാധിക്കുന്ന ഭക്ഷ്യമേളയും ഇതോടൊപ്പമുണ്ടാകും. 1200 രൂപ മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. ഒരു ദിവസത്തേക്ക് മാത്രമായും മൂന്ന് ദിവസത്തേക്കുള്ള പാക്കേജായും ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം.

Content Highlights: Shillong is gearing up for Cherry Blossom Festival 2023