ഇത് കിടിലൻ 'സീനിയർ ട്രിപ്പ്', മുത്തശ്ശൻമാർക്കും മുത്തശ്ശിമാർക്കും കൂട്ടായി ഒരു വാട്സാപ്പ് ഗ്രൂപ്പ്

#സോമി മുണ്ടയ്ക്കൽ
കെഎസ്‌സിജി സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കെടുത്തവർ
കെഎസ്‌സിജി സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കെടുത്തവർ

തൊടുപുഴ: അറുപത് കഴിഞ്ഞാൽ എന്തുചെയ്യണം? ആശയങ്ങൾ പലതുണ്ടാകും. ആഘോഷിക്കണമെന്നാണ് കേരള സീനിയർ സിറ്റിസൺസ്‌ ഗ്രൂപ്പിന് (കെഎസ്‌സിജി) പറയാനുള്ളത്. ചെറുപ്പമുള്ള മനസ്സിന് ഉടമകളായ മുത്തശ്ശൻമാരുടെയും മുത്തശ്ശിമാരുടെയും ഈ വാട്സാപ്പ് ഗ്രൂപ്പിലൂടെ വിനോദയാത്ര സംഘടിപ്പിച്ചിരിക്കുകയാണ് അവർ.

ഇടുക്കിയിൽനിന്ന് ഭൂതത്താൻകെട്ടിലേക്കും പൂയംകുട്ടിയിലേക്കും ഒരു കിടിലൻ യാത്ര. വാട്സാപ്പ് ഗ്രൂപ്പിന്റെ ഇടുക്കി ഘടകമാണ് യാത്ര സംഘടിപ്പിച്ചത്. 2021-ലാണ് കോട്ടയം സ്വദേശി രാജൻ പി.തോമസ് വാട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചത്. 60 കഴിഞ്ഞവർക്ക് ഒരുകൂട്ട് എന്ന നിലയിലായിരുന്നു ഇത്.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽനിന്നുള്ള മുതിർന്ന പൗരൻമാർ ഗ്രൂപ്പിൽ ചേർന്നു. മുൻ സർക്കാർ ഉദ്യോഗസ്ഥരും കർഷകരും കൂലിപ്പണിക്കാരുമൊക്കെ അംഗങ്ങളായി. പലരും ജീവിതസായാഹ്നത്തിന്‍റെ ഒറ്റപ്പെടൽ അനുഭവിക്കുന്നവരായിരുന്നു. അവർ പരസ്പരം പരിചയപ്പെട്ടു, കൂട്ടുകൂടി. ഇടയ്ക്ക് യാത്രചെയ്ത് നേരിൽ കണ്ടു. ഓണാഘോഷം ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചു.

എല്ലാവർക്കും പങ്കെടുക്കാനൊന്നും കഴിയില്ല. എന്നാൽ, ഗ്രൂപ്പിലൂടെ വിശേഷങ്ങളെല്ലാം അറിഞ്ഞു. ഇപ്പോൾ ഓരോ ജില്ലയ്ക്കും ഓരോ ഗ്രൂപ്പുണ്ട്.അങ്ങിനെയിരിക്കെയാണ് ഇടുക്കി ഘടകം വിനോദയാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 25 പേരെത്തി. തൊടുപുഴയിൽ ഒത്തുചേർന്നു. ഞായറാഴ്ച രാവിലെ എട്ടിന് യാത്രതിരിച്ചു. പൂയംകുട്ടിയിലെയും ഭൂതത്താൻകെട്ടിലെയും മനോഹര കാഴ്ചകൾ കണ്ടു. ഇതിനിടെ പാട്ടുപാടി. മതിമറന്ന് ആടി.

രാത്രി എട്ടോടെയാണ് തൊടുപുഴയിൽ തിരിച്ചെത്തിയത്. ഇനിയും ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കും. വയോധികരായ പലരും ഏകാന്തതയെത്തുടർന്ന് വിഷാദ രോഗത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയുണ്ട്. അത്തരം അവസ്ഥയിൽ വീഴാതിരിക്കാൻ ഗ്രൂപ്പ് സഹായകമാകുന്നുണ്ടെന്ന് അംഗങ്ങൾ പറയുന്നു.

Content Highlights: Discover how a WhatsApp group for seniors is combating loneliness with fun trips, gatherings, and a vibrant community. Read about their latest adventure in Idukki!