'പെര്‍ഫെക്ട് ഡേ'യില്‍ പുതിയ അഡള്‍ട്ട് ഒണ്‍ലി ബീച്ചുമായി റോയല്‍ കരീബിയന്‍

പുതിയ അഡള്‍ട്ട് ഒണ്‍ലി പ്രൈവറ്റ് ബീച്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് ലോകപ്രശസ്ത ടൂറിസം കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍. ബഹാമസിലെ കമ്പനിയുടെ സ്വകാര്യ ദ്വീപായ കോകോ കെയ് ലെ പെര്‍ഫകട് ഡേയിലാണ് ഈ ബീച്ച് തയ്യാറാക്കിയിരിക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസ് ആദ്യ യാത്ര പുറപ്പെടുന്ന 2024 ജനുവരിയിലാണ് ഈ ബീച്ചും തുറക്കുക.
ഒരു ഏക്കറോളമാണ് ഈ ബീച്ചിന്റെ വിസ്തൃതി. ഒരു സ്വകാര്യ ബീച്ചും രണ്ട് നീന്തല്‍ കുളങ്ങളും ഏഴ് ഓപ്പണ്‍ എയര്‍ റെസ്‌റ്റോറന്റുകളും ഉള്‍കൊള്ളുന്നതാണ് ഈ ബീച്ച്. 20 ബീച്ച് കബാനകളും തല്‍സമയ സംഗീതവുമെല്ലാം ബീച്ചിന്റെ പ്രത്യേകതകളാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇങ്ങോട്ട് പ്രവേശനം. സീസണ്‍ അനുസരിച്ച് 39 മുതല്‍ 89 ഡോളര്‍ വരെയാണ് എന്‍ട്രി ഫീസ്.
റിസോര്‍ട്ട് മാതൃകയിലുള്ള ലോഞ്ചറുകളും ഊഞ്ഞാലുകളുമെല്ലാം ഇവിടെയും ലഭ്യമാകും. പൂള്‍ ഏരിയയില്‍ ഡി.ജെയും സ്വിം അപ് ബാറുകളും സജ്ജീകരിക്കും. കടലിന് അഭിമുഖമായുള്ള ചൂടുവെള്ളം നിറച്ച ഇന്‍ഫിനിറ്റി പൂളാണ് മറ്റൊരു ആകര്‍ഷണീയത. ബീച്ചില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ ആഡംബര സൗകര്യങ്ങളും അവിടെ ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ലോകോത്തര ഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കുന്ന റെസ്‌റ്റോറന്റുകളും ഒരുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 22 ആഡംബര ക്രൂസ് ഷിപ്പുകള്‍ കോകോ കെയ്‌ലേക്ക് അടുത്ത വര്‍ഷം എത്തുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര ക്രൂസുകള്‍ പുറത്തിറക്കി പ്രശസ്തമായ കമ്പനിയാണ് റോയല്‍ കരീബിയന്‍. ക്രൂസ് സര്‍വീസിന് പുറമെ ടൂറിസം പാക്കേജുകളും കമ്പനിയുടേതായിട്ടുണ്ട്.
Content Highlights: Royal Caribbean reveals details of its adults-only beach