പൈലറ്റ് എം.പി, പറപറക്കും റൂഡി; സ്വയം വിമാനം പറത്തി രാജീവ് പ്രതാപ് റൂഡി കൊച്ചിയിലെത്തി

കൊച്ചി: ''വിമാനം പറത്തിയെത്തിയ താങ്കൾക്ക് കൊച്ചിയുടെ കായലോളങ്ങളിലേക്ക് സ്വാഗതം...'' ജെബി മേത്തർ പുഞ്ചിരിയോടെ പറയുമ്പോൾ മുൻ വ്യോമയാന വകുപ്പ് മന്ത്രി കൂടിയായ രാജീവ് പ്രതാപ് റൂഡിയുടെ കൗണ്ടർ ഡയലോഗ് അതിവേഗത്തിലായിരുന്നു. ''പ്രധാനമന്ത്രി ഒഴിച്ച് മിക്ക മന്ത്രിമാരും എം.പി.മാരുമൊക്കെ എന്റെ യാത്രികരായിട്ടുണ്ട്. മന്ത്രിമാരെയൊക്കെ വെച്ച് വിമാനം പറത്തൽ രസകരമായ ഒരനുഭവമല്ലേ...'' റൂഡി പറയുമ്പോൾ ആകാശങ്ങളിൽ പറന്ന അനുഭവങ്ങളിൽ നിന്ന് കൊച്ചിയുടെ കായലോളങ്ങളുടെ രസത്തിലേക്ക് അദ്ദേഹം കൂടുമാറിയിരുന്നു.
പൈലറ്റിന്റെ കുപ്പായത്തിൽ വിമാനം പറത്തിയെത്തിയ ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എം.പി.യെ കൊച്ചിയുടെ കായലോളങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയത് സമിതി അംഗം കൂടിയായ ജെബി മേത്തർ എം.പി.യും വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ചേർന്നായിരുന്നു.
പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുക്കാനായി റൂഡി കൊച്ചിയിലെത്തിയത് സ്വയം വിമാനം പറത്തിയാണ്. ഇൻഡിഗോയുടെ ബെംഗളൂരു - കൊച്ചി വിമാനം പറത്തിയെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ രസകരമായിരുന്നു റൂഡിയുടെ മറുപടി.
''ഞാൻ സ്ഥിരമായി വിമാനങ്ങൾ പറത്താറുള്ള പൈലറ്റാണ്. അൻപതാം വയസ്സിൽ പൈലറ്റ് ലൈസൻസ് നേടിയ ഞാൻ ഇതിനകം 6000 മണിക്കൂറിലേറെ വിമാനം പറത്തിയിട്ടുണ്ട്. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ള ഏക പാർലമെന്ററി അംഗമാണ്. ആ ലൈസൻസ് നഷ്ടപ്പെടാൻ പാടില്ലല്ലോ...''
മൂന്നാർ സന്ദർശനത്തിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിയപ്പോഴാണ് റൂഡിക്കും സംഘത്തിനും വാട്ടർ മെട്രോയുടെ യാത്രയൊരുക്കിയത്. വില്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ നിന്ന് കായൽ യാത്രയ്ക്ക് ഇറങ്ങുംമുൻപ് കേരളത്തിന്റെ സ്വന്തം തിരുവാതിര കളിയും റൂഡിയും ഭാര്യ നീലവും ആസ്വദിച്ചിരുന്നു. വാട്ടർ മെട്രോയിൽ സഞ്ചരിക്കുമ്പോൾ കേരളത്തിന്റെ ഭംഗിയെക്കുറിച്ച് റൂഡി വാചാലനായി.
'കേരളത്തിൽ ഏറ്റവും ഭംഗിയുള്ളതായി താങ്കൾക്ക് തോന്നിയത് എന്താണ്?' ചോദ്യത്തിന് അരികിലിരുന്ന ജെബിയെയും ഹനീഷിനെയും ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി, ''ഏറ്റവും മനോഹരമായത് ഇവിടുത്തെ മനുഷ്യരാണ്. വിദ്യാഭ്യാസത്തിലും സാമൂഹിക ഇടപെടലുകളിലും കലയിലും രാഷ്ട്രീയത്തിലുമൊക്കെ മികച്ചവരല്ലേ നിങ്ങൾ. ജെബി അടക്കം രാഷ്ട്രീയത്തിന് അതീതമായ ഒരുപാട് മലയാളി സുഹൃത്തുക്കൾ എനിക്ക് പാർലമെന്റിലുണ്ട്.''
മുല്ലപ്പെരിയാർ: കേരളത്തിന്റെ ആവശ്യം; കേന്ദ്രത്തിൽ അവതരിപ്പിക്കുമെന്ന് റൂഡി
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്ന് രാജീവ് പ്രതാപ് റൂഡി എം.പി. മൂന്നാറിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ തമിഴ്നാടും കേരളവും അവരവരുടെ ആവശ്യങ്ങളും ആശങ്കകളും അറിയിച്ചിരുന്നു.
മുല്ലപ്പെരിയാർ കേരളത്തിലെ അഞ്ച് ജില്ലയിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ആശങ്കയാണെന്ന കാര്യം ജെബി മേത്തർ എം.പി. അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്നാടും കേരളവും രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളാണെന്നും അതേ ഗൗരവത്തിൽ തന്നെയാണ് വിഷയത്തെ സമീപിക്കുന്നതെന്നും റൂഡി പറഞ്ഞു.
Content Highlights: MP Rajiv Pratap Rudy piloted his own commercial flight from Bengaluru to Kochi., Rudy holds a commercial pilot license with over 6,000 flying hours., The visit was part of the Water Resources Parliamentary Standing Committee proceedings., Rudy experienced the Kochi Water Metro and praised Kerala's culture and people., Jebi Mather MP and APM Mohammed Hanish accompanied the delegation.