'നായ്ക്കുട്ടി തലചായ്ച്ചുകിടക്കുന്നതുപോലെ'; വൈറലായി 'പപ്പി മൗണ്ടെയ്ന്‍', ആളുകളുടെ ഒഴുക്ക്

മലകളും താഴ്‌വരകളുമെല്ലാം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കിലോമീറ്ററുകളോളം താണ്ടി മലമുകളിലെത്തുന്നവരും നിരവധിയാണ്. വിനോദസഞ്ചാരികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇത്തരം സ്‌പോട്ടുകളുണ്ടാവുമെന്നുറപ്പാണ്. ഇപ്പോഴിതാ അത്തരത്തിലൊരു മലനിരയാണ് ചര്‍ച്ചാവിഷയമാകുന്നത്. മറ്റൊന്നും കൊണ്ടല്ല, മലയുടെ കിടപ്പ് ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ്.
ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള ഈ മല കണ്ടാല്‍ ഒരു നായ്ക്കുട്ടി തലചായ്ച്ചുകിടക്കുന്നതാണെന്നേ ആര്‍ക്കും തോന്നൂ. അങ്ങനെയാണ് അതിന്റെ കിടപ്പ്. അതിനാല്‍ തന്നെ പപ്പി മൗണ്ടെയ്ന്‍ എന്ന വിളിപ്പേരുമുണ്ടിതിന്. എന്നാല്‍ പ്രണയദിനത്തില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റാണ് ഈ സ്‌പോട്ടിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. ഇദ്ദേഹം പങ്കുവെച്ച ചിത്രം കണ്ടതോടെ ആളുകള്‍ അവിടേക്ക് ഒഴുകിയെത്താന്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലും ചിത്രം തരംഗമായതോടെ നിരവധിപേര്‍ കമന്റുകളുമായെത്തി. ഇതിന് മുമ്പ് ഇങ്ങനെയൊരു സാദൃശ്യം തോന്നിയിട്ടില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ സ്‌പോട്ട് ആളുകളെകൊണ്ട് നിറയാനും തുടങ്ങി. സ്‌കൈന്യൂസിന്റെ റിപ്പോര്‍ട്ട്പ്രകാരം നിരവധിപേര്‍ അവരുടെ നായയുമായി എത്തി ചിത്രങ്ങള്‍ എടുക്കുന്നുണ്ട്.
Content Highlights: Puppy Shaped Mountain Tourist Spot In China