തളര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പ്, കാശ്മീര്‍ യാത്ര; മുനീറിന് സൈക്കിള്‍ ഒരു കളിപ്പാട്ടമല്ല

ആലത്തൂര്‍: കാറിടിച്ച് തലപൊട്ടി അബോധാവസ്ഥയില്‍ പാതയില്‍വീണുകിടന്ന 20കാരന്‍ മുനീറിനെ ആരോ ആശുപത്രിയിലാക്കി. ആലത്തൂര്‍ വാനൂരിലെവീട്ടില്‍ മുനീര്‍ തിരിച്ചെത്തിയത് ശരീരത്തിന്റെ ഒരുഭാഗത്തിന് തളര്‍ച്ചയും ഓര്‍മ്മക്കുറവുമായിട്ടാണ്. ഫിസിയോതെറാപ്പി പരാജയപ്പെട്ടിടത്തുനിന്ന് സൈക്കിള്‍ചവിട്ടി അവന്‍ തളര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. ആ യാത്ര 10 സംസ്ഥാനങ്ങള്‍ പിന്നിട്ട് ചെന്നെത്തിയത് കശ്മീരിലാണ്. യാത്രാനുഭവങ്ങള്‍ അക്ഷരങ്ങളായി ജീവന്‍വെച്ചപ്പോള്‍ അതൊരു പുസ്തകമായി. യാത്രയില്‍ പ്രതിബന്ധമായി പലതവണ പൊട്ടിപ്പോയ 'സൈക്കിള്‍ ചക്രത്തിന്റെ കമ്പികള്‍' എന്നര്‍ഥംവരുന്ന 'സ്പോക്സ്' എന്ന് പേരിട്ട 264 പേജുള്ള പുസ്തകം 27 കാരന്റെ അതിജീവനത്തിന്റെയും ഇന്ത്യയെ കണ്ടെത്തലിന്റെയും കഥയാണ്.
ബൈക്കപകടം
2016ലാണ് ബൈക്കില്‍ ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച് തലയ്ക്ക് ഗുതുതര പരിക്കേറ്റത്. ആശുപത്രിവാസത്തിനുശേഷം ഓര്‍മ്മക്കുറവിന് പരിഹാരമായെങ്കിലും വലതുവശത്തിനുണ്ടായ തളര്‍ച്ച ഫിസിയോതെറാപ്പി ചെയ്തിട്ടും മെച്ചപ്പെട്ടില്ല. സൈക്കിള്‍ ഹാന്‍ഡിലില്‍ ഇടത്-വലത് വശങ്ങളിലേക്ക് തുല്യബലം ചെലുത്തിയാണ് ബാലന്‍സ് ചെയ്യുന്നതെന്ന തത്ത്വം മനസ്സിലാക്കി വീട്ടുപരിസരത്ത് സൈക്കിള്‍ ചവിട്ടിത്തുടങ്ങി.
2019ഓടെ ശാരീരികാവസ്ഥ മെച്ചപ്പെട്ടെങ്കിലും കോവിഡും ലോക്ക്ഡൗണും വന്നു. പാലക്കാട് ഫോര്‍ട്ട് പെഡലേഴ്സ് ക്ലബ്, ആലത്തൂര്‍ സൈക്കിള്‍ റൈഡേഴ്സ് ക്ലബ് എന്നിവയുടെ ഭാഗമായി.
കൂട്ടുകാരന്റെ പിന്മാറ്റം
2022 ഒക്ടോബര്‍ 23-ന് ആലത്തൂരില്‍നിന്ന് ശ്രീനഗറിലേക്ക് സൈക്കിള്‍യാത്ര പുറപ്പെട്ടു. സൈക്കിള്‍ മെക്കാനിക്കുകൂടിയായ സുഹൃത്തും ഒപ്പമുണ്ടായിരുന്നെങ്കിലും കോഴിക്കോട് വരെ എത്തിയപ്പോള്‍ പിന്മാറിയത് വെല്ലുവിളിയായി. വിഷമിച്ച് ഉമ്മയെ വിളിച്ചു. 'പുറപ്പെട്ടതല്ലേ പോയിവാ മോനേ, പടച്ചോന്‍ കാത്തോളും' എന്ന വാക്കുകള്‍ ഊര്‍ജം പകര്‍ന്നു. സൈക്കിള്‍ടയറിന്റെ കമ്പി പലതവണ പൊട്ടി, ടയര്‍ പഞ്ചറായി. സ്വയം റിപ്പയര്‍ ചെയ്ത് യാത്രതുടര്‍ന്നു. ഗ്രാമങ്ങളും മലകളും കുന്നുകളും താണ്ടി മറുനാടന്‍ മലയാളികളെ പരിചയപ്പെട്ട് യാത്ര. കര്‍ണാടകയില്‍വെച്ച് ഫോണ്‍ താഴെവീണ് ഡിസ്പ്ലേ പോയി. ഗൂഗിള്‍മാപ്പ് നോക്കാന്‍ പറ്റാതായി. പഞ്ചാബില്‍വെച്ച് മറ്റൊരുവാഹനംതട്ടി പരിക്കേറ്റ് രണ്ടുദിവസം യാത്രമുടങ്ങി. കൊടുംതണുപ്പില്‍ മുറിവുകള്‍ക്ക് നാലിരട്ടി വേദന. എങ്കിലും പിന്മാറിയില്ല.
ഭാഷ പരിമിതിയായില്ല
മലയാളവും ഇംഗ്ലീഷും മാത്രമേ അറിയൂ. ഹിന്ദി അറിയില്ല. പക്ഷേ, സ്നേഹത്തിന് ഭാഷാ പരിമിതിയില്ല. കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലെ 4,100 കിലോമീറ്റര്‍ 52 ദിവസംകൊണ്ട് പിന്നിട്ടു. കശ്മീരില്‍നിന്ന് തീവണ്ടി മാര്‍ഗം ഡല്‍ഹിവഴി കേരളത്തില്‍ തിരിച്ചെത്തി.
പിതാവ് മുബാറക്കിനൊപ്പം ആലത്തൂര്‍ ബ്ലോക്കോഫീസിന് സമീപം സര്‍വീസ് റോഡില്‍ ബിരിയാണിക്കട നടത്തുകയാണ് മുനീര്‍. പ്യാരിജാനാണ് അമ്മ. സഹോദരന്‍ റഫീഖ്. ഇനിയും നിരവധിയാത്രതന്നെയാണ് മനസ്സില്‍. മുനീറിന്റെ യാത്രാഭാഷ എഡിറ്റ് ചെയ്യാതെ അതേപടി പ്രസിദ്ധീകരിക്കയാണെന്ന് ആമുഖത്തില്‍ ഡോ. പി.ആര്‍. ജയശീലന്‍. 'സൈക്കിള്‍ കളിപ്പാട്ടമല്ല, അത് ജീവിതത്തെ പ്രചോദിപ്പിക്കുന്നതാണ്' -മുനീര്‍ പറഞ്ഞു.
Content Highlights: Overcoming adversity, Munir cycled 4100 km across 10 states, documenting his journey in `Spokes`