മഞ്ഞിൽ കുളിക്കാൻ ഊട്ടിയിലെ തലകുന്തയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഊട്ടി: ഊട്ടിയിലെ തലകുന്ത ഇപ്പോൾ ശൈത്യകാലത്തെ ഉല്ലാസകേന്ദ്രമായി മാറുന്നു. ഊട്ടിയിൽനിന്ന് എട്ടുകിലോമീറ്റർ അകലെ ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്ന ചതുപ്പുനിലമുള്ള പ്രദേശമാണ് തലകുന്ത. ഊട്ടിയിലെ ഏറ്റവും വിസ്തൃതിയുള്ള സമതല പ്രദേശം. അതുകൊണ്ടുതന്നെ ഇവിടെ മഞ്ഞുവീഴ്ചയുടെ കാഠിന്യം കൂടുതലാണ്.
പത്തുദിവസമായി ഊട്ടിയിൽ അതിശൈത്യം തുടരുകയാണ്. മൂന്നുദിവസംമുൻപ് കുറഞ്ഞ താപനില മൈനസ് ഒന്നുവരെ ആയിരുന്നു. തലകുന്തയിൽ പൂജ്യത്തിൽത്താഴെയാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.
മഞ്ഞുവീഴ്ചയും കുളിരും ആസ്വദിക്കാനാണ് കഴിഞ്ഞവർഷങ്ങളേക്കാൾ സഞ്ചാരികൾ കൂടുതലായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ റീലുകൾ വൈറലായതോടെ സഞ്ചാരികൾ പ്രവഹിക്കയാണ്. രാത്രി ഊട്ടിയിൽ മുറിയെടുത്ത് താമസിച്ച് പുലർച്ചെ പ്രകൃതിയൊരുക്കിയ ഈ വിസ്മയക്കാഴ്ച കാണാനെത്തും.
ഉദയത്തോടെ സൂര്യപ്രകാശമേറ്റ് മഞ്ഞുരുകുന്നതും ബാഷ്പീകരിച്ചുപോകുന്നതുമൊക്ക ക്കണ്ട് ആസ്വദിക്കാനാണ് സഞ്ചാരികളെത്തുന്നത്. അധികം ശ്രദ്ധിക്കപ്പെടാതെപോയ തലകുന്തയിപ്പോൾ സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറിയിരിക്കയാണ്.
അതിരാവിലെ നൂറുകണക്കിന് വാഹനങ്ങൾ റോഡരികിൽ സ്ഥാനംപിടിച്ചത് കാണാം. അതിനിടെ അതിശൈത്യത്തിന്റെ പിടിയിലാണ് ഊട്ടി. ഞായറാഴ്ച പുലർച്ചെ കുറഞ്ഞ താപനില പൂജ്യത്തിനുംതാഴെ രേഖപ്പെടുത്തി.
Content Highlights: Experience Ooty`s thalaikundha, a winter paradise with heavy snowfall! Enjoy the chill, witness melting snow, and capture viral moments. Plan your visit!