സീസണ്‍ നേരത്തേ തുടങ്ങി; മണ്‍റോത്തുരുത്തിലേക്ക് വിദേശ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി

മണ്‍റോത്തുരുത്ത് (ഫയല്‍ ചിത്രം) | ഫോട്ടോ: ശ്രീജിത്ത് പി രജ്‌
മണ്‍റോത്തുരുത്ത് (ഫയല്‍ ചിത്രം) | ഫോട്ടോ: ശ്രീജിത്ത് പി രജ്‌

വിദേശ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി. മണ്‍റോത്തുരുത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു സീസണ്‍കൂടി തുടങ്ങുകയാണ്. ഇവിടെ വിദേശ വിനോദസഞ്ചാരികളുടെ സീസണ്‍ ആരംഭിക്കുന്നത് ഒക്ടോബറോടെയാണ്. ഈവര്‍ഷം സെപ്റ്റംബറില്‍ത്തന്നെ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. കോവിഡിനുശേഷം ആദ്യമായി വിനോദസഞ്ചാരികള്‍ ഇവിടേക്കെത്തിത്തുടങ്ങിയത് കഴിഞ്ഞവര്‍ഷമാണ്. ആലപ്പുഴയിലേക്കും വര്‍ക്കലയിലേക്കും കോവളത്തേക്കുമുള്ള യാത്രയ്ക്കിടെ പരീക്ഷണാര്‍ഥം മണ്‍റോത്തുരുത്തില്‍ ഇറങ്ങിയവരായിരുന്നു ഏറെയും.

എത്തിയവര്‍ക്കെല്ലാം മണ്‍റോത്തുരുത്ത് ഏറെ ഇഷ്ടപ്പെട്ടെങ്കിലും ഭൂരിപക്ഷം പേരുടെയും ടൂര്‍ പാക്കേജില്‍ തുരുത്തിന് ഇടമില്ലായിരുന്നു. അതുകൊണ്ട് വേഗം മടങ്ങേണ്ടിയും വന്നു. ഈവര്‍ഷം തുരുത്തിന് ഒരു മുഴുനീള സീസണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഒരു വിനോദസഞ്ചാരമേഖലയായി മണ്‍റോത്തുരുത്ത് പേരെടുത്തുവരുന്നതിനിടെയാണ് കോവിഡ് എത്തിയത്. 

തുരുത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ വിനോദസഞ്ചാരമേഖലയെ ഉപജീവനത്തിനായി തിരഞ്ഞെടുത്ത കാലമായിരുന്നു. പലരും ഉള്ളതെല്ലാം പണയപ്പെടുത്തി വലിയ സംഖ്യകള്‍ കടമെടുത്ത് ഇതില്‍ മുടക്കിയിരുന്നു. വള്ളം വാങ്ങുകയും ഹോം സ്റ്റേ സൗകര്യങ്ങളൊരുക്കുകയും ചെയ്തവര്‍മുതല്‍ വലിയ മുതല്‍മുടക്ക് നടത്തി റിസോര്‍ട്ടുകള്‍ നിര്‍മിച്ചവര്‍വരെ ഉണ്ടായിരുന്നു. അടച്ചുപൂട്ടലിന്റെ കാലത്ത് എന്തുചെയ്യുമെന്നറിയാതെ പതറിപ്പോയവര്‍. ഇന്നും ആശങ്കകളൊഴിയുന്നില്ല. സീസണായപ്പോഴേക്കും കാലംതെറ്റിയെത്തിയ മഴയും നിപയും പ്രതീക്ഷകളില്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്. നിപയെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതും സംരംഭകര്‍ ഭീതിയോടെ കാണുന്നു. താമസം ബുക്ക് ചെയ്തിരുന്ന വിദേശസഞ്ചാരികള്‍ നിപ ഭയത്താല്‍ വരുന്നില്ലെന്ന് അറിയിച്ചതായി ഹോം സ്റ്റേ സംരംഭകന്‍ പറഞ്ഞു.

ഒക്ടോബറോടെ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും നിപ ഭീതി ഒഴിഞ്ഞുപോകുമെന്നുമുള്ള പ്രതീക്ഷയിലാണ് തുരുത്തിലെ സംരംഭകര്‍. ഒക്ടോബര്‍ ഇസ്രയേലില്‍ അവധിമാസമാണ്. നവംബര്‍ തുടങ്ങുന്നതോടെ യൂറോപ്പുകാര്‍ എത്തിത്തുടങ്ങും. പിന്നെ മാര്‍ച്ചുവരെ സീസണ്‍ നീളും. കോവിഡ്കാലത്തിനുശേഷം വിദേശ വിനോദസഞ്ചാരികള്‍ എത്തുന്നതിന് താമസം നേരിട്ടു. എന്നാല്‍ ഉര്‍വശീശാപം ഉപകാരമെന്നതുപോലെയായി കാര്യങ്ങള്‍. കോവിഡ്കാലം ആഭ്യന്തര വിനോദസഞ്ചാരികളെ കൂടുതലായി മണ്‍റോത്തുരുത്തിലേക്ക് ആകര്‍ഷിച്ചു. ഇപ്പോള്‍ വടക്കേയിന്ത്യക്കാരും കേരളീയരുമായ വിനോദസഞ്ചാരികള്‍ ഒട്ടേറെപ്പേര്‍ തുരുത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നുണ്ട്. ശനിയും ഞായറുമാണ് ആഭ്യന്തര വിനോദസഞ്ചാരികള്‍ കൂടുതലായി മണ്‍റോത്തുരുത്തിലെത്തുന്നത്.

പ്രകൃതിസൗന്ദര്യത്തോടൊപ്പം തുരുത്തിലെ ജനങ്ങളുടെ ആതിഥ്യമര്യാദയാണ് വിനോദസഞ്ചാരികളെ കൂടുതലായി ഇവിടേക്ക് അടുപ്പിക്കുന്നത്. ചെറുതോടുകളില്‍ക്കൂടി തുഴഞ്ഞുനീങ്ങുമ്പോഴുള്ള കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകളും ഗ്രാമത്തിന്റെ തുടിപ്പുകളും നാടന്‍ഭക്ഷണത്തിന്റെയും തെങ്ങിന്‍കള്ളിന്റെയും രുചിയുമെല്ലാം സഞ്ചാരികളെ വീണ്ടും വീണ്ടും ഇങ്ങോട്ടുവരുന്നതിന് പ്രേരിപ്പിക്കുന്നു. മണ്‍റോത്തുരുത്തിലെത്തി മടങ്ങിപ്പോകുന്നവര്‍ പിന്നീട് എല്ലാവര്‍ഷവും എത്തുന്നത് സാധാരണയാണ്. മഴയും നിപയും ചതിച്ചില്ലെങ്കില്‍ ഈവര്‍ഷത്തെ സീസണ്‍ ഗംഭീരമാകുമെന്നുതന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

Content Highlights: munroe island