‘നവിമുംബൈ’ നാളെ ചിറകുവിരിക്കും; ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം

#എ.എം. ദിവാകരൻ
നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം റൺവേ
നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം റൺവേ

നവിമുംബൈ: ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ പുതിയ ഒരധ്യായം എഴുതിച്ചേർത്ത് മുംബൈ മേഖലയിലെ രണ്ടാം വിമാനത്താവളമായ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്ച ചിറകുവിരിക്കും. പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ബഹുമാതൃക ഹരിതവിമാനത്താവളമായി വികസിപ്പിച്ചിരിക്കുന്ന ഇവിടെ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യവും കുറഞ്ഞനിരക്കിൽ ഭക്ഷണ പദാർഥങ്ങളും ലഭ്യമാകും. 

ഇൻഡിഗോയുടെ ബെംഗളൂരുവിൽനിന്നുള്ള 6 ഇ 460 വിമാനമാണ് രാവിലെ എട്ടോടെ വിമാനത്താവളത്തിൽ വന്നിറങ്ങുക. തുടർന്ന് 8.40 ന് ഇൻഡിഗോയുടെ തന്നെ 6ഇ 882 വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടും.

തുടക്കത്തിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു‌വരെ

തുടക്കത്തിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു‌വരെ മാത്രമാണ് വിമാനത്താവളം പ്രവർത്തിക്കുക. 23ടേക്ക് ഓഫും 23ലാൻഡിങ്ങുമായി 46 സർവീസുകളാണ് ഇപ്പോൾ നടത്തുന്നത്. ഫെബ്രുവരി മുതൽ 24 മണിക്കൂറും പ്രവർത്തനം ആരംഭിക്കും. മാർച്ച് മാസത്തോടെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും. നിലവിൽ എയർ ഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ, ആകാശ എന്നീ വിമാനക്കമ്പനികളാണ് ഇവിടെനിന്ന് സർവീസുകൾ നടത്തുന്നത്.

നവിമുംബൈ വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ സർവീസുകളുടെ ബാഹുല്യംകൊണ്ട് വീർപ്പുമുട്ടുന്ന മുംബൈ വിമാനത്താവളത്തിന് ആശ്വാസമാകും. ഒരു റൺവേ മാത്രമുള്ള മുംബൈ വിമാനത്താവളത്തിൽനിന്ന് മണിക്കൂറിൽ 44 ടേക്ക് ഓഫുകളാണ് നടക്കുന്നത്. ദിവസം 950 സർവീസുകൾ നടത്തുന്ന മുംബൈ വിമാനത്താവളത്തിലെ തിരക്കുപിടിച്ച സമയങ്ങളിൽ ഏതാനും സർവീസുകൾ നവിമുംബൈ വിമാനത്താവളത്തിലേക്ക് മാറ്റാൻ ആലോചന നടക്കുന്നുണ്ട്.

3700 മീറ്റർ ദൈർഘ്യമുള്ള രണ്ട് സമാന്തര റൺവേകളാണ് നവിമുംബൈ വിമാനത്താവളത്തിലുള്ളത്.ഇതിൽ ഒരു റൺവേയും ഒരു ടെർമിനസുമാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 2032ൽ അവസാനഘട്ടം പൂർത്തിയാകുമ്പോൾ നാല് ടെർമിനസുകൾ ഇവിടെ ഉണ്ടാകും. കാർഗോ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക

വിഭാഗം തന്നെ ഇവിടെയുണ്ട്.

1997ൽ സിഡ്‌കോയാണ് നവിമുംബൈ വിമാനത്താവളം എന്ന ആശയം മുന്നോട്ട് വെക്കുന്നത്. 2007ൽ സർക്കാർ അനുമതി നൽകിയെങ്കിലും തറക്കല്ലിട്ടത് 2018ലാണ്. 2014ൽ ആഗോള ടെൻഡർ വിളിച്ച് ജിവികെയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ആദ്യം നിർമാണച്ചുമതല നൽകിയത്.

സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളും കോവിഡും കാരണം നിർമാണം വൈകി. 2021ലാണ് സിഡ്‌കോയും അദാനി എയർപോർട്ട് ഹോൾഡിങ്ങ് ലിമറ്റഡും ചേർന്ന് രൂപവത്കരിച്ച നവിമുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (എൻഎംഐഎഎൽ) ജിവികെയിൽനിന്ന് നിർമാണം ഏറ്റെടുത്തത്.

പൻവേലിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ റായ്ഗഢ് ജില്ലയിൽപ്പെടുന്ന 1160 ഹെക്ടർ സ്ഥലത്താണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വിമാനത്താവളത്തിന്റെ നിർമാണത്തിനായി ഇതുവഴി ഒഴുകുന്ന ഗദ്ധിനദിയെ വഴി തിരിച്ചുവിടുകയും ഉൽവെ കുന്നിനെ ഇടിച്ച് നിരപ്പാക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 5000 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. 16700 കോടി രൂപയാണ് ചെലവ്.

മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് മാത്രമല്ല പുണെ, സോലാപുർ എന്നിവിടങ്ങളിലുള്ളവർക്കും വിമാനത്താവളം പ്രയോജനപ്പെടും. നവിമുംബൈ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ മുംബൈയുടെ മാത്രമല്ല, മഹാരാഷ്ട്രയുടെത്തന്നെ സാമ്പത്തിക രംഗത്ത് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെത്തന്നെ പ്രധാനപ്പെട്ട എയർകാർഗോ ഹബ്ബായി നവിമുംബൈ വിമാനത്താവളം മാറുന്നതോടെ കയറ്റുമതി രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകും. നേരിട്ടും അല്ലാതെയും നാലു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.

എങ്ങനെ എത്തിച്ചേരാം

മുംബൈ ഭാഗത്തുനിന്ന് അടൽ സേതുവഴി മുക്കാൽ മണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്താം. സയേൺ പൻവേൽ ഹൈവേ വഴി വരുന്നവർക്ക് ഉറാൻ ഫാട്ടയിൽനിന്ന് പതിനഞ്ചു മിനിറ്റ് കൊണ്ട് എത്താൻ കഴിയും. പൻവേൽ സ്റ്റേഷനിൽനിന്ന് റിക്ഷയിലോ ടാക്‌സിയിലോ പത്തുമിനിറ്റുകൊണ്ട് എത്തിച്ചേരാൻ കഴിയുന്ന ദൂരമാണ്. നവിമുംബൈ ഭാഗത്തുനിന്നുള്ളവർക്ക് ലോക്കൽട്രെയിനിൽ കയറി തർഘർ സ്റ്റേഷനിലിറങ്ങിയാൽ നടന്നു പേകേണ്ട ദൂരമേയുള്ളൂ.

തർഘർ സ്റ്റേഷനിൽനിന്ന് വിമാനത്താവളത്തിലേക്ക് ഷട്ടിൽ സർവീസുകളും ഏർപ്പെടുത്തുന്നുണ്ട്. നവിമുംബൈയുടെ ഏതു ഭാഗത്തുനിന്നും അരമണിക്കൂറിനുള്ളിൽ വിമാനത്താവളത്താം. പുണെ ഭാഗത്തുനിന്ന് വരുന്നവർക്ക് അതിവേഗ പാതയിലൂടെ ഒന്നര മണിക്കൂറിലെത്താൻ കഴിയും.

Content Highlights: Navi Mumbai International Airport launches, ushering in a new chapter for Indian aviation with digital, green facilities. Get ready for seamless travel and cargo.