നാലര കിലോമീറ്റര്‍ ബീച്ചിലൂടെ ഡ്രൈവ്, എവിടെ നോക്കിയാലും കിടിലന്‍ കാഴ്ച; മുഖംമിനുക്കി മുഴുപ്പിലങ്ങാട്

കണ്ണൂര്‍: ആദ്യഘട്ട നവീകരണം പൂര്‍ത്തിയായ ഏഷ്യയിലെ ഏറ്റവും നീളമേറിയ മുഴപ്പിലങ്ങാട്ടെ ഡ്രൈവ് ഇന്‍ ബീച്ച് ഞായറാഴ്ച സഞ്ചാരികള്‍ക്കായി സമര്‍പ്പിക്കും. യാത്രികരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധനയാണ് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വിനോദസഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കടല്‍ത്തീരം തേടി ആഭ്യന്തര സഞ്ചാരികള്‍ക്കൊപ്പം വിദേശികളുമെത്തും.
കടലിന്റെ സൗന്ദര്യം നേരിട്ട് ആസ്വദിക്കാനാവുന്നതരത്തില്‍ ബീച്ചില്‍ ഇത്തരമൊരു പദ്ധതി കേരളത്തില്‍ ആദ്യമാണ്. നാലര കിലോമീറ്ററിലേറെ ഡ്രൈവ് ചെയ്ത് പോകാവുന്ന ബീച്ചിനോടുചേര്‍ന്ന് ഒരു കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ സൗന്ദര്യവത്കരണം പൂര്‍ത്തിയായത്. ബീച്ച് വിനോദങ്ങള്‍ക്കുള്ള സജ്ജീകരണം, വാട്ടര്‍സ്‌പോര്‍ട്സ് എന്നിവയ്‌ക്കൊപ്പം ധര്‍മടം ബീച്ചും തുരുത്തുമായി ബന്ധിപ്പിച്ചുള്ള സര്‍ക്യൂട്ട്, പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ യാഥാര്‍ഥ്യമാവും.
2026 ഡിസംബറില്‍ നാല് ഘട്ടങ്ങളും പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. 233.71 കോടി രൂപ ചെലവിട്ടാണ് മുഴപ്പിലങ്ങാട്- ധര്‍മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി. 79.5 കോടിയാണ് ആദ്യഘട്ടത്തില്‍ ചെലവഴിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.
റോഡ് വീതികൂട്ടും
ബീച്ചിലേക്കത്താനുള്ള റോഡ് വീതികൂട്ടാന്‍ പദ്ധതിയുണ്ടെന്ന് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജ് എന്നിവര്‍ പറഞ്ഞു. ഭൂമി ഏറ്റെടുത്താവും വീതികൂട്ടുക. റവന്യൂ വകുപ്പുമായി സഹകരിച്ച് സാധ്യതാപഠനം നടത്തും. ഇടുങ്ങിയ റോഡുകളിലൂടെ ബീച്ചിലെത്താനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു.
ആദ്യഘട്ടത്തില്‍ സജ്ജമായത്
1.5 കിലോമീറ്റര്‍ നീളത്തിലുള്ള നടപ്പാത, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ശൗചാലയം, ഇരിപ്പിടങ്ങള്‍, അലങ്കാര വിളക്കുകള്‍ കിയോസ്‌കുകള്‍, ശില്പങ്ങള്‍, ഗസീബോ.
Content Highlights: Muzzappilangad beach -Asia longest drive-in beach-opens to tourists after phase 1 renovation