ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനാകാനൊരുങ്ങി മൂന്നാർ, പ്രഖ്യാപനം ഡിസംബറിൽ

അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനാകാനൊരുങ്ങി വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാർ. മൂന്നാറിലെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ സുസ്ഥിരവും ഉത്തരവാദിത്വ പൂർണമാക്കാൻ മൂന്നാറിനെ ഒരു നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കും. അതിനായി വിവിധ റെസ്‌പോൺസിബിൾ ടൂറിസം പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി 2025 ഡിസംബർ മാസാവസാനത്തോടെ മൂന്നാറിനെ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കുന്നതിനുള്ള കർമ പദ്ധതി നടപ്പിലാക്കും.
ഇതിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും വിനോദസഞ്ചാരവകുപ്പ് അറിയിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി 'സുസ്ഥിര അതിജീവന വിനോദസഞ്ചാരകേന്ദ്രങ്ങൾ' എന്ന പദ്ധതിയിൽപ്പെടുത്തി പ്രാരംഭപ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു.
ഏതൊരു പ്രദേശത്തെയും പാരിസ്ഥിതികവും സാമൂഹിക സാംസ്‌കാരികവുമായ പ്രത്യേകതകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രാദേശിക സമൂഹത്തിന്റെ ക്ഷേമത്തിനുള്ള ഒരു ഉപാധിയായി ടൂറിസത്തെ മാറ്റും. പ്രദേശവാസികൾക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായി ആ പ്രദേശത്തെ നിലനിർത്തി വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാനുതകുന്ന ഒരു സ്ഥലമായി ആ പ്രദേശത്തെ മാറ്റുകയുമാണ് ഉത്തരവാദിത്വ ടൂറിസം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി യു.എൻ.ഡി.പി.യുടെ ഐ.എച്ച്.ആർ.എം.എൽ. പദ്ധതിയിൽ മൂന്നാറിനും പരിസര പ്രദേശങ്ങൾക്കുമായി മുൻ ഉത്തരവാദിത്ത ടൂറിസം മിഷനായ കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി ഹിൽ ടൂറിസം കേന്ദ്രങ്ങൾക്കുള്ള ഉത്തരവാദിത്ത ടൂറിസം പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ടൂറിസം സ്‌റ്റേക്ക് ഹോൾഡർമാരുടെയും സഹകരണത്തോടെ ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഈ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുക വഴി പ്രദേശത്തെ സുസ്ഥിരവും ഉത്തരവാദിത്ത പൂർണവുമായ ടൂറിസം പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുവാനാകും.
മൂന്നാറിലും സമീപ പഞ്ചായത്തുകളിലും വിവിധ പദ്ധതികൾ വഴി കേരളത്തിലെ റെസ്‌പോൺസിബിൾ ടൂറിസം പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള പദ്ധതികൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടപ്പിലാക്കുക വഴി പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങളെ കൂടുതൽ ക്രമീകരിക്കാനാവും. പദ്ധതിയിലൂടെ മൂന്നാർ ആർ.ടി സ്‌റ്റേക്ക് ഹോൾഡേഴ്‌സ് മീറ്റ്, ട്രെയിനിങ് സ്‌റ്റേക്ക് ഹോൾഡേഴ്‌സ്, ട്രെയിനിംഗ് ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ്, ട്രെയിനിംഗ് ലോക്കൽ ഗൈഡ്‌സ് (കമ്മ്യൂൺറ്റി ടൂർ ലീഡേഴ്‌സ്), സൈനേജസ് അല്ലെങ്കിൽ ബോർഡ്‌സ്, ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ആർ.ടി. സർട്ടിഫിക്കറ്റ്, മൂന്നാർ ആർ.ടി ബ്രൗഷർ, പ്ലാസ്റ്റിക് ഫ്രീ ഡെസ്റ്റിനേഷൻ, യൂണിറ്റ് രജിസ്‌ട്രേഷൻ ഡ്രൈവ്, വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജ് രൂപീകരണം, ഡെസ്റ്റിനേഷൻ ഡിക്ലറേഷൻ പ്രോഗ്രാം, വീഡിയോ ഡോക്കുമെന്റേഷൻ ആൻഡ് മാർക്കറ്റിങ് തുടങ്ങിയ വിവിധ പരിപാടികൾ നടത്തും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക, കാർബൺ രഹിത ടൂറിസം നടപ്പാക്കുക, സ്ത്രീ സൗഹൃദ ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദസഞ്ചാരപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കൂടുതൽ തൊഴിൽ സൃഷ്ടിക്കുവാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൈത്തൊഴിലുകൾ, കലകൾ, കരകൗശല വിദ്യ, നാടൻ ഭക്ഷണം തുടങ്ങിയവയുമായി കോർത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമാക്കും.
കേരളത്തിലെ പ്രധാന ഹിൽ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മൂന്നാർ. നിലവിൽ മൂന്നാറിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗവും ഉപജീവനോപാധിയുമാണ് ടൂറിസം. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ പ്രത്യേകതകളും മനോഹരമായ ഭൂപ്രകൃതിയും ആകർഷകമായ കാലാവസ്ഥയുമാണ് മൂന്നാറിന്റെ ടൂറിസം വികസനത്തിന്റെ അടിസ്ഥാനം. മൂന്നാറും ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളാണ്. കേരളത്തിൽ നിന്നുള്ള ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനും ആഭ്യന്തരടൂറിസ്റ്റുകളും ദേശീയ ടൂറിസ്റ്റുകളും ഏറ്റവുമധികം വന്നുപോകുന്ന ടൂറിസം കേന്ദ്രവും മൂന്നാറാണ്.
Content Highlights: Munnar set to become responsible tourism destination