മൂന്നാറിൽ അൾട്രാ വയലറ്റ് വികിരണ സൂചിക ഉയർന്ന നിലയിൽ; സഞ്ചാരികൾക്ക് ഭീഷണി

മറയൂർ: വേനലവധിക്കാലത്ത് തണുപ്പാസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഭീഷണിയായി ഉയർന്ന അൾട്രാ വയലറ്റ് വികിരണ സൂചിക. നിലവിൽ എട്ടാണ് സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 11-ലെത്തിയാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മൂന്നാറിലെ തോട്ടം തൊഴിലാളികൾ 10 മുതൽ മൂന്നുവരെ ജോലിക്കിറങ്ങരുതെന്നും ഇത് ലംഘിച്ചാൽ തോട്ടം മാനേജ്‌മെന്റുകൾക്കെതിരേ നടപടി എടുക്കുമെന്നും കളക്ടറുടെ അറിയിപ്പിലുണ്ട്.
ഞായറാഴ്ച മൂന്നാറിൽ മഴപെയ്തതിനാൽ ചൂടിന് ചെറിയ ആശ്വാസം ലഭിച്ചു.
കരുതാൻ
- 0- 2 വരെ യു.വി. ഇൻഡക്‌സ് സൂചികയുണ്ടെങ്കിൽ അപകടസാധ്യത കുറവാണ്.
- 3 മുതൽ 5 വരെയാണെകിൽ ഉച്ചസമയത്ത് തണലിൽ നിൽക്കുക.
- 6-7 ആണെങ്കിൽ വെയിലത്ത് തൊപ്പി, കുട, സൺഗ്ലാസ് നിർബന്ധം.
- 8-10 ആണെങ്കിൽ സൂചിക വളരെ ഉയർന്നതാണ്. പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ത്വക്കിൽ പൊള്ളലേൽക്കും.
- 11-ൽ അധികമാണെങ്കിൽ പുറത്തിറങ്ങുന്നത് അത്യന്തം അപകടകരം.
മുൻകരുതലുകൾ വേണം
- രാവിലെ 10 മുതൽ മൂന്നുവരെ വെയിൽ നേരിട്ടുകൊള്ളാതിരിക്കാൻ ശ്രമിക്കുക.
- പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കുക, ഇളം നിറത്തിലുള്ള കോട്ടൺവസ്ത്രം ധരിക്കുക.
- കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക, ധാരാളം വെള്ളംകുടിക്കുക.
മലമ്പ്രദേശങ്ങളിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ, വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നവർ, ബൈക്ക് യാത്രക്കാർ, കുട്ടികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കുക.
Content Highlights: UV index in Munnar has reached a high level of 8., Mandatory work restrictions for plantation workers between 10 AM and 3 PM., Strict safety guidelines issued by the District Collector for tourists and locals., Preventative measures include using umbrellas, hats, sunglasses, and wearing light cotton clothing., High risk of skin damage if the index reaches 11 or above.