വയനാട്ടിലെ ദുരന്തഭൂമിയെ ഡാര്‍ക്ക് ടൂറിസത്തിനുള്ള വേദിയാക്കരുത്; കര്‍ശനമായി നേരിടും- മന്ത്രി റിയാസ്

muhamed riyas
muhamed riyas

വയനാട്ടിലെ ദുരന്തഭൂമിയെ ഡാര്‍ക്ക് ടൂറിസത്തിനുള്ള അവസരമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദുരന്തം നടന്ന സ്ഥലം കാണാനായി ചിലര്‍ വരുന്നുണ്ട്. ഇത് ഡാര്‍ക്ക് ടൂറിസമാണ്. അതിനെ എല്ലാ നിലയിലും എതിര്‍ക്കുമെന്നും മന്ത്രി വയനാട്ടില്‍ വ്യക്തമാക്കി.

ഇതില്‍ എല്ലാവരും സഹകരിക്കണം. കര്‍ക്കശ നിലപാട് ഈ വിഷയത്തില്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നല്ല ഉദ്ദേശത്തില്‍ വരുന്നവരും ഇത് മനസ്സലാക്കണം. കേരളത്തിന്റെ പലഭാഗത്തുള്ളവരും ലോകത്തിന്റെ പലഭാഗത്തുള്ളവരും ശരീരം അവിടെയാണെങ്കിലും മനസ് ഇവിടെയാക്കിയാണ് ജീവിക്കുന്നത്. അവരുടെ മനസ്സ് ഈ രക്ഷാദൗത്യത്തിനൊപ്പമാണ്. അത് തന്നെയാണ് ഏറ്റവും വലിയ പങ്കാളിത്തവും. 

രക്ഷാ ദൗത്യത്തിനിടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ വേണ്ടി ആളുകള്‍ ശ്രമിക്കുന്ന സ്ഥിതി നല്ലതല്ല. അപ്പോള്‍ അതിലൊന്നും ഒരു നിലപാട് സ്വീകരിക്കാതെ പോകാന്‍ പറ്റില്ല. പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സ്വയം മാറാന്‍ ജനങ്ങള്‍ തയ്യാറാവണം. ജനപ്രതിനിധികള്‍ വരുന്ന കാര്യമല്ല ഉദ്ദേശിക്കുന്നത്. അവര്‍ വരുന്നത് അവരുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമായതിനാല്‍ കൂടിയാണ്. അനാവശ്യമായി ആളുകള്‍ ഇവിടെ വരുന്ന സ്ഥിതി ഒരു തരത്തിലുമുണ്ടാകരുതെന്നും മന്ത്രി റിയാസ് ഓര്‍മ്മിപ്പിച്ചു.

Content Highlights: muhammed riyas says donot make dark tourism wayanad landslide