‘ഗേറ്റ് വേ ടു മലബാർ’; മാതൃഭൂമി ടൂറിസം കോൺക്ലേവ് ഇന്ന്

കോഴിക്കോട്: മലബാറിന്റെ വിനോദസഞ്ചാരസാധ്യതകൾ ലോകത്തിനു മുൻപിൽ അവതരിപ്പിച്ചുകൊണ്ട് മാതൃഭൂമി ഒരുക്കുന്ന 'ഗേറ്റ് വേ ടു മലബാർ ടൂറിസം കോൺക്ലേവ് ' വ്യാഴാഴ്ച ദി റാവിസ് കടവിൽ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടൂറിസം മേഖലയിലെ വിദഗ്ധരും സംരംഭകരും പങ്കെടുക്കുന്ന കോൺക്ലേവ് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ ആമുഖഭാഷണം നടത്തും.
കേന്ദ്ര ടൂറിസംമന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തും. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ ഉപഹാരം സമർപ്പിക്കും.
മികച്ച ടൂറിസത്തിനായി മലബാറിന്റെ വികസനമാതൃക, മലബാർ ഡെസ്റ്റിനേഷൻ വിവാഹങ്ങളുടെ വേദി ,തീരത്തിനപ്പുറം: മലബാറിന്റെ ജല -ഉൾനാടൻ ടൂറിസം, സൗഖ്യമേകുന്ന മലബാർ: ആരോഗ്യ -വെൽനെസ് ടൂറിസം, മലബാറിന്റെ രുചി തുടങ്ങിയ വിഷയങ്ങളിൽ വിവിധ മേഖലയിലെ പ്രമുഖർ സംസാരിക്കും. വിനോദസഞ്ചാരമേഖലകളിലെ പ്രമുഖർക്കൊപ്പം രാജ്യത്തെ പ്രധാന വെഡ്ഡിങ് പ്ലാനർമാരുമുണ്ടാവും.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, ആർ.പി. ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് രവിപിള്ള, ഫിക്കി കേരള ടൂറിസം കമ്മിറ്റി ചെയർമാൻ യു.സി. റിയാസ്, മലബാർ ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ ഡോ. മിലി മണി എന്നിവരും സംസാരിക്കും.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് മുഖ്യ സ്‌പോൺസർ. ദ റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് പവേഡ് ബൈ പാർട്ണറും മലബാർ ഹോസ്പിറ്റൽസ് അസോസിയേറ്റ് പാർട്ണറും ഫിക്കി സാങ്കേതിക പാർട്ണറുമാണ്.
Content Highlights: Mathrubhumi is organizing the 'Gateway to Malabar' Tourism Conclave at The Raviz Kadavu., Tourism Minister P.C. Vishnunath will inaugurate the event., Discussions will focus on Malabar development models, destination weddings, water tourism, wellness tourism, and local cuisine., Industry experts, entrepreneurs, and wedding planners from across the country are participating.