കോക്പിറ്റ് മുതൽ ക്യാബിൻ വരെ മുഴുവൻ വനിതാ ജീവനക്കാർ; ആകാശത്ത് ചരിത്രംകുറിച്ച് മലേഷ്യൻ എയർലൈൻസ്

photo:Malaysia Airlines/X
photo:Malaysia Airlines/X

പൂർണമായും വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി തങ്ങളുടെ ആദ്യ വിമാന സർവീസ് വിജയകരമായി പൂർത്തിയാക്കി ചരിത്രം കുറിച്ച് മലേഷ്യൻ എയർലൈൻസ്. ക്വാലാലംപുരിൽനിന്ന് കോട്ട കിനബലുവിലേക്ക് പറന്നുയർന്ന MH2610 വിമാനത്തിൽ പൈലറ്റുമാർ, സഹപൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ എന്നിവരുൾപ്പെടെ പൂർണമായും വനിതാ സംഘമായിരുന്നു ഉണ്ടായിരുന്നത്.

ഈ നാഴികക്കല്ല് ഫേസ്ബുക്കിൽ ആഘോഷിച്ച എയർലൈൻസ്, ഇത് വൈവിധ്യത്തെക്കുറിച്ച് മാത്രമല്ല, വിമാന സർവ്വീസ് വിജയകരമാക്കുന്നതിൽ സ്ത്രീകളുടെ കഴിവുകൾ, പ്രൊഫഷണലിസം, നേതൃപാടവം എന്നിവ അംഗീകരിക്കുന്നതിനെക്കുറിച്ചുകൂടിയാണെന്ന് വ്യക്തമാക്കി.

"ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ‘25 by 2025’ എന്ന ലക്ഷ്യം മറികടന്ന്, മലേഷ്യ ഏവിയേഷൻ ഗ്രൂപ്പിന്റെ തൊഴിൽ ശക്തിയുടെ 36 ശതമാനവും ഇപ്പോൾ സ്ത്രീകളാണ്. ഈ നാഴികക്കല്ല് പുരോഗതിയെ മാത്രമല്ല, ആകാശത്തിന് അതിരുകളില്ല എന്ന ശക്തമായ ഓർമപ്പെടുത്തൽ കൂടിയാണ്," മലേഷ്യൻ എയർലൈൻസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ചെക്ക്-ഇൻ കൗണ്ടറുകൾ മുതൽ സുരക്ഷ, മെയിന്റനൻസ്, പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ വരെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും സ്ത്രീകൾക്കായിരുന്നു ചുമതല. "ഞങ്ങളുടെ എല്ലാ സഹപ്രവർത്തകർക്കും ഭാവിയിലെ വൈമാനികർക്കും, ഇന്നത്തെ ഈ യാത്ര നിങ്ങളെ വലുതായി സ്വപ്നം കാണാനും തടസ്സങ്ങൾ ഭേദിക്കാനും പ്രചോദിപ്പിക്കട്ടെ," എയർലൈൻ കൂട്ടിച്ചേർത്തു.

മലേഷ്യൻ എയർലൈൻസ് നൽകുന്ന വിവരമനുസരിച്ച്, ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ 8,200 മണിക്കൂറിലധികം പ്രവർത്തിപരിചയമുള്ള ക്യാപ്റ്റൻ നൂർസസ്‌റീന ബിൻതി സുൽക്കിഫ്‌ലിയും അടുത്തിടെ സർട്ടിഫിക്കേഷൻ ലഭിച്ച യുവ പൈലറ്റായ സെക്കൻഡ് ഓഫീസർ സിതി നൂർ ശ്യാമിറ ബിൻതി ബഹാറുദ്ദീനും ചേർന്നാണ് ബോയിങ് 737-800 വിമാനം പറത്തിയത്. ഇൻ-ഫ്ലൈറ്റ് സൂപ്പർവൈസർ കുലീസിയ അനക് ജിപെമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വനിതാ ജീവനക്കാരാണ് ക്യാബിൻ നിയന്ത്രിച്ചത്.

Content Highlights: Malaysia Airlines operated its first all-female crew flight MH2610, celebrating women`s skills and leadership in aviation.