എയ്ജ് ഈസ് ജെസ്റ്റ് എ നമ്പര്‍; 3080 വയോജനങ്ങള്‍, 80 ബസുകളില്‍ മലപ്പുറത്ത് നിന്ന് വയനാടന്‍ വൈബിന്

മലപ്പുറം: യാത്ര ചെയ്യാന്‍ പ്രായം തടസ്സമേയല്ലെന്ന് തെളിയിക്കുകയാണ് മലപ്പുറത്തെ വയോജനങ്ങള്‍. എല്ലാം മറന്ന് ആര്‍ത്തുല്ലസിക്കാന്‍ വയനാട്ടിലോട്ടാണ് ഇവരുടെ യാത്ര. 3010 വയോജനങ്ങള്‍ 80 ബസുകളിലായി ചൊവ്വാഴ്ച മലപ്പുറത്തുനിന്ന് യാത്ര തിരിച്ചു. 'ഗോള്‍ഡന്‍ വൈബ്' എന്ന പേരിലുള്ള യാത്ര രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതി ഇതിനകം നേടിക്കഴിഞ്ഞു.
മലപ്പുറം നഗരസഭ നടത്തുന്ന സൗജന്യ ഉല്ലാസയാത്രയില്‍ ഓരോ വാര്‍ഡില്‍നിന്നും അതതു വാര്‍ഡംഗങ്ങളും സഹായത്തിനായി കുടുംബശ്രീ ഐസിഡിഎസ് വൊളന്റിയര്‍മാരും ഉണ്ടാകും. മലപ്പുറം, പാണക്കാട്, മേല്‍മുറി വില്ലേജുകള്‍ക്ക് ഓരോ ആംബുലന്‍സ് വീതമെന്ന നിലയില്‍ മൂന്ന് ആംബുലന്‍സുകളും ഒപ്പമുണ്ട്. ഡോക്ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ സംഘവും കൂടെയുണ്ട്.
പുലര്‍ച്ചെ 5.30-ന് പുറപ്പെട്ട വിനോദ യാത്ര സംഘത്തിന് അരീക്കോടുള്ള രണ്ടു ഓഡിറ്റോറിയങ്ങളിലായായിരുന്നു പ്രഭാതഭക്ഷണം. വയനാട്ടിലെ പൂക്കോട് തടാകവും കാരാപ്പുഴ ഡാമുമാണ് സംഘം സന്ദര്‍ശിക്കുക. വയനാട് മുട്ടിലിലെ ഓഡിറ്റോറിയത്തിലാണ് ഉച്ചഭക്ഷണം.
പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളില്‍ രാവിലെ പോകേണ്ട ബാച്ചും ഉച്ചയ്ക്ക് പോകേണ്ട ബാച്ചുകളുമുണ്ട്. എല്ലാവരും ഒരുമിച്ച് ചെന്നാലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ രീതി. മടങ്ങുമ്പോള്‍ വൈകീട്ട് ഏഴുമുതല്‍ അരീക്കോട്ടെ ഓഡിറ്റോറിയത്തില്‍ രാത്രി ഭക്ഷണവും നല്‍കും. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപയാണ് യാത്രയ്ക്കായി വകയിരുത്തിയത്.
യാത്രയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും നഗരസഭയുടെ സ്നേഹോപഹാരവുമുണ്ട്. യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ മുടക്കം വരാതിരിക്കാന്‍ താമരശ്ശേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ബസുകള്‍ ഒരുക്കിനിര്ത്തിയിട്ടുമുണ്ട്.
യാത്രാവിവരങ്ങള്‍
രാവിലെ 5.30-ന് വാഹനങ്ങള്‍ വാര്‍ഡുകളില്‍നിന്ന് കോട്ടക്കുന്നിലേക്ക് പുറപ്പെട്ടു. പിന്നീട് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ മെഗാ ഫ്ലാഗ് ഓഫ്. അതിനുശേഷം മുതല്‍ കോട്ടക്കുന്നില്‍നിന്ന് വാഹനങ്ങള്‍ വയനാട്ടിലേക്ക് യാത്ര ആരംഭിച്ചു. അരീക്കോട് കാവനൂര്‍ മഠത്തില്‍ ഓഡിറ്റോറിയം, അരീക്കോട് സണ്‍ സിറ്റി ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ ഭക്ഷണഹാളുകളില് പ്രഭാതഭക്ഷണം. എട്ടുമുതല്‍ വാഹനങ്ങള്‍ വയനാട് കാരാപ്പുഴ ഡാം, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് പുറപ്പെടും. ഉച്ചഭക്ഷണം 12 മുതല്‍ രണ്ടുവരെ വയനാട് മുട്ടില്‍ എംആര്‍ ഓഡിറ്റോറിയത്തില്‍.
താമരശ്ശേരി മുതല്‍ വൈത്തിരി വരെ ചുരത്തിന്റെ ഓരോ പ്രധാന വളവുകളിലും പ്രത്യേകം പരിശീലനം ലഭിച്ച വൊളന്റിയര്‍മാരുണ്ടാകും. ഇവര്‍ ഗതാഗതക്കുരുക്കുണ്ടെങ്കില്‍ നിയന്ത്രിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകീട്ട് വാഹനങ്ങള്‍ തിരികെ പുറപ്പെട്ട പ്രദേശങ്ങളിലേക്ക് തിരിക്കും. വൈകീട്ട് 7.30 മുതല്‍ ഒന്പതുവരെ പ്രഭാതഭക്ഷണം കഴിച്ച അതേ ഓഡിറ്റോറിയങ്ങളില്‍ രാത്രി ഭക്ഷണം. ഇവിടങ്ങളില്‍ ഓരോ വാര്‍ഡിനും കൗണ്ടറുകളുണ്ട്.
ഞങ്ങളുണ്ട് നിങ്ങളോടൊപ്പം
മലപ്പുറം നഗരസഭ നടത്തുന്നത് വയനാട് കാണുന്നതിനു മാത്രമുള്ള ഒരു ഉല്ലാസയാത്രയല്ല. ജീവിതത്തിന്റെ നല്ലൊരു കാലം നന്മകള് നല്കിയവര്ക്കുള്ള ഞങ്ങളുടെ സ്നേഹത്തിന്റെയും കടപ്പാടിന്റെയും പ്രതീകമാണ് ഈ യാത്ര. നിങ്ങളോടൊപ്പം ഒരു ദിവസം എല്ലാ സൗകര്യങ്ങളുമൊരുക്കി ഞങ്ങളുണ്ട് എന്ന സന്ദേശം കൈമാറാനുകൂടിയാണ് ഈ ഉദ്യമം.
മുജീബ് കാടേരി (മലപ്പുറം നഗരസഭാധ്യക്ഷന്‍)
Content Highlights: Over 3000 seniors from Malappuram enjoy a grand, free excursion to Wayanad, Kerala. Dubbed `Golden Vibe,` it`s hailed as India`s largest senior joyride, showcasing appreciation and care.