സര്‍ഗാലയ തുറക്കുന്നു, മലബാറിന്റെ ടൂറിസം കവാടം

വടകര: പതിന്നാലുവര്ഷംമുന്പ് സര്‍ഗാലയ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍, കരകൗശലത്തിലൂടെ എന്തുടൂറിസം എന്ന് സംശയിച്ചവരുണ്ട്. മലബാറിന്റെ വിനോദസഞ്ചാരവികസനത്തില്‍ നെടുംതൂണായി മാറിയാണ് സര്‍ഗാലയ അവര്‍ക്ക് ഉത്തരംനല്‍കിയത്. പതിനഞ്ചാംവര്‍ഷത്തില്‍ മലബാറിന്റെ സാംസ്കാരിക-വിനോദസഞ്ചാര ഭൂമികയിലേക്കുള്ള ആഗോളകവാടമായി മാറാനുള്ള ഒരുക്കത്തിലാണ് സര്‍ഗാലയ.
കേന്ദ്ര ടൂറിസം വകുപ്പ് 'ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബള്' പദ്ധതിപ്രകാരം സര്‍ഗാലയയ്ക്ക് അനുവദിച്ച 95.34 കോടി രൂപയുടെ പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഫെബ്രുവരിയോടെ പ്രവൃത്തി പൂര്‍ത്തിയാക്കും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കരകൗശലഗ്രാമം എന്നതിലുപരി കാലം ആവശ്യപ്പെടുന്ന വിനോദസഞ്ചാരവൈവിധ്യത്തിന്റെ കേന്ദ്രമാകും ഇവിടം.
അടിമുടി മാറും
നിലവിലെ കവാടത്തിന് സമീപം പ്രീമിയം റസ്റ്ററന്റ് കോംപ്ലക്സ് ഉയരും. ഇവിടെ കേരളീയ തനതുവിഭവങ്ങളും അന്തര്‍ദേശീയ വിഭവങ്ങളും രുചിയുടെ മേളം തീര്‍ക്കും. ഇതിനുസമീപം എസി കോണ്‍ഫറന്‍സ് ഹാള്‍, വിസിറ്റേഴ്സ് പവിലിയന്. ആര്‍ട്ട് ഗാലറിയാണ് മറ്റൊരു ആകര്‍ഷണം. നിലവിലുള്ള പാറക്കുളത്തിലേക്ക് തള്ളിനില്ക്കുന്ന ചിപ്പിയുടെ മാതൃകയില്‍ ലൈവ് ഷോയ്ക്കായി സ്റ്റേജും ഗാലറിയും ഒരുക്കും.
ഇവിടെ ഇരുന്നുകാണാന്‍ കഴിയുംവിധത്തില്‍ പാറക്കുളത്തില്‍ സംഗീതജലധാരാ ഷോ. ലൈവ് ഷോയില്‍ കടത്തനാടിന്റെ ചരിത്രവും സംസ്കാരവും ഇതള്വിരിയും. കളരി പ്രദര്‍ശനത്തിനായി പ്രത്യേക കേന്ദ്രം, മിനി റസ്റ്ററന്റ്, കുട്ടികള്‍ക്ക് കരകൗശലത്തെ അടിസ്ഥാനമാക്കിയുള്ള വിനോദോപാധികള്‍ എന്നിവയാണ് പദ്ധതിയില്‍ വരുന്ന മറ്റു ഘടകങ്ങള്‍. സര്‍ഗാലയയുടെ ലാന്‍ഡ്സ്കേപ്പ് മൊത്തത്തില്‍ പരിഷ്കരിക്കും. കരകൗശല കുടിലുകളും നവീകരിക്കും.
കണ്‍നിറയെ കരകൗശലം
നൂറോളം കരകൗശലവിദഗ്ധര്‍ സര്‍ഗാലയയിലുണ്ട്. ഇവര്‍ 40 കരകൗശല ഇനങ്ങളിലായി ഒട്ടേറെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു. വിനോദസഞ്ചാരികള്‍ക്ക് ഈ കരകൗശലവൈഭവം തത്സമയം കാണാം, ഉത്പന്നങ്ങള്‍ വാങ്ങാം. മറ്റു മേഖലകളിലേക്ക് വികസിക്കുമ്പോഴും സര്‍ഗാലയയുടെ മുഖമുദ്ര ഇതുതന്നെ. കളിമണ്ണ്, മുള, മെറ്റല്‍, ചൂരല്‍, കൈത്തറി, ചിപ്പി, ചിരട്ട, രാമച്ചം, കയര്‍, പേപ്പര്‍ബാഗ്, ജൂവലറി, പൂരച്ചമയങ്ങള്, ചുമര്‍ച്ചിത്രം, മരം, തെയ്യച്ചമയം, കൈതോല തുടങ്ങിയ ഉത്പന്നങ്ങളില്‍ വിരിയുന്നത് വിസ്മയിപ്പിക്കുന്ന ഉത്പന്നങ്ങളാണ്.
വെഡ്ഡിങ് ഡെസ്റ്റിനേഷന്‍
വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എന്ന നിലയിലേക്കും സര്‍ഗാലയ വളര്‍ന്നു. ഇപ്പോള്‍ വര്‍ഷം അന്‍പതിലേറെ വിവാഹങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. 4000 പേരെ ഉള്‍ക്കൊള്ളുന്ന പൂരം കണ്വെന്ഷന് സെന്റര്‍, 1000 പേര്‍ക്കുള്ള സ്വാതിതിരുനാള്‍ ഹാള്‍, 300 പേര്‍ക്കുളള രാജാരവിവര്‍മ ഹാള്‍ എന്നിവ നിലവിലുണ്ട്. കൂടാതെ, വിശാലമായ ഡൈനിങ് ഏരിയയയും. 18 എസി ഡീലക്സ് മുറികളും 96 പേര്‍ക്കുളള എസി ഡോര്‍മെട്രിയും ഇവിടെയുണ്ട്.
ഒരുവര്‍ഷം, മൂന്നുലക്ഷംസന്ദര്ശകര്...
14 വര്‍ഷത്തിനിടെ കോവിഡ്കാലം ഒഴികെ 12 വര്‍ഷവും സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് വേദിയായിട്ടുണ്ട്. രാജ്യത്തെ വലിയ രണ്ടാമത്തെ കരകൗശലമേളയായി ഇത് വളര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ മേളയില്‍ രണ്ടുലക്ഷത്തോളംപേരെത്തി. മറ്റുള്ള സമയങ്ങളില്‍ ഏതാണ്ട് ഒരു ലക്ഷംപേരും. വിദേശികള്‍ ഇതില്‍ അയ്യായിരത്തോളം വരും.
ഇനി ആഘോഷങ്ങളുടെ കാലം
ഈ ഓണക്കാലം സര്‍ഗാലയയില്‍ പുതുമകളുടെ ആഘോഷത്തിന് വേദിയാകും. സംസ്ഥാന ടൂറിസംവകുപ്പ് കോഴിക്കോട് സംഘടിപ്പിക്കുന്ന മാവേലിക്കസ് ഓണാഘോഷത്തിന്റെ പ്രധാനവേദികളിലൊന്ന് സര്ഗാലയയാണ്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴുവരെ വൈവിധ്യമാര്‍ന്ന സംഗീതപരിപാടികളുണ്ടാകും. പ്രശസ്തരായ ഗായകരും മ്യൂസിക് ബാന്‍ഡും എത്തും. കൂടാതെ, രാജ്യത്തെ കൈത്തറിവൈവിധ്യവും സര്‍ഗാലയയില്‍ വിരുന്നെത്തും. 29 മുതല്‍ ഏഴുവരെയാണ് കൈത്തറി എക്സ്പോ.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓണാഘോഷം നടത്താനുളള പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 26 മുതല്‍ ഇത് തുടങ്ങും. ഹാള്‍, പൂക്കളമിടാനുള്ള സൗകര്യം, കമ്പവലി പോലുള്ള വിനോദങ്ങള്‍, ഓണസദ്യ, സെല്‍ഫി പോയിന്റ് ഉള്‍പ്പെടെയുള്ള പാക്കേജാണിത്. ജലവിനോദങ്ങള്‍, കരകൗശലമേള, ഭക്ഷ്യമേള, കുട്ടികളുടെ ചിത്രരചനാമത്സരം, പുലികളി തുടങ്ങിയവയുമുണ്ടാകും. ഈ വര്‍ഷത്തെ അന്താരാഷ്ട്ര കരകൗശലമേള ഡിസംബര്‍ 23 മുതല്‍ ജനുവരി 11 വരെയാണ്.
20 രാജ്യങ്ങളില്‍നിന്ന് ഇത്തവണ കരകൗശലവിദഗ്ധരെത്തും. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലെ ആര്ട്ടിസാന്മാരുമുണ്ടാകും.
ടൂറിസം സര്‍ക്യൂട്ട് സൃഷ്ടിക്കപ്പെടും
സര്‍ഗാലയയുടെ വികസനത്തോടെ തെക്കന്‍കേരളത്തിന് സമാനമായി വടക്കന്‍കേരളത്തിലും ടൂറിസം സര്‍ക്യൂട്ട് സൃഷ്ടിക്കപ്പെടും. വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളെ കോര്‍ത്തിണക്കി സര്‍ക്യൂട്ട് വരും, സര്‍ക്യൂട്ട് ഉണ്ടാകുമ്പോഴാണ് വിദേശസഞ്ചാരികളുടെ ഒഴുക്കുകൂടുന്നത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ സാമീപ്യവും ദേശീയപാത ആറുവരിയാകുന്നതുമെല്ലാം മലബാറിന്റെ ടൂറിസം വികസനത്തില്‍ വലിയ മാറ്റമുണ്ടാക്കും.
- ടി.കെ. രാജേഷ്
സീനിയര്‍ ജനറല്‍ മാനേജര്‍, സര്‍ഗാലയ
Content Highlights: Sargaalaya Arts & Crafts Village: Malabar`s Global Gateway