ചാലിപ്പുഴയും ഇരുവഴിഞ്ഞിയും കയാക്കിങ് ആവേശത്തിലേക്ക്; മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍

ഇരുവഴിഞ്ഞിപ്പുഴയിലെ കയാക്കിങ്
ഇരുവഴിഞ്ഞിപ്പുഴയിലെ കയാക്കിങ്

ചാലിപ്പുഴയുടെയും ഇരുവഴിഞ്ഞിയുടെയും ജലപ്പരപ്പില്‍ സാഹസികതയുടെ തുഴയെറിയുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷന്‍ ജൂലായ് 25 മുതല്‍.

ദക്ഷിണേന്ത്യയില്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്രശ്രദ്ധ നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഫെസ്റ്റിവല്‍, പ്രീ-ഇവന്റുകള്‍ ഉള്‍പ്പെടെ ഇത്തവണ കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂര്‍, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപാറ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായാണ് നടക്കുക. കോടഞ്ചേരിയിലെ പുലിക്കയത്തിനും തിരുവമ്പാടിയിലെ അരിപ്പയ്ക്കും പുറമേ ചക്കിട്ടപാറയിലെ മീന്‍തുള്ളിപ്പാറയിലും (ഫ്‌ലാറ്റ് വാട്ടര്‍ കയാക്കിങ്) കയാക്കിങ് അരങ്ങേറും.

ഈ വര്‍ഷം 20-ലധികം രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര റൈഡര്‍മാരെയും നൂറിലധികം ദേശീയ കയാക്കര്‍മാരെയുമാണ് പ്രതീക്ഷിക്കുന്നത്. എട്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള 11 അന്താരാഷ്ട്ര കയാക്കര്‍മാര്‍ ഇതിനകംതന്നെ പങ്കാളിത്തം സ്ഥിരീകരിച്ചു.

പ്രീ-ഇവന്റുകള്‍

റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം പ്രീ- ഇവന്റുകള്‍ സംഘടിപ്പിക്കും. ഫ്രിസ്ബീ, എം.ടി.ബി. (മൗണ്ടന്‍ ബൈക്ക്), സൈക്കിള്‍ റാലി, വാട്ടര്‍ പോളോ, നീന്തല്‍, ഓഫ് റോഡ് ദേശീയ -സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍, ചൂണ്ടയിടല്‍, വള്ളംകളി, പര്‍വതാരോഹണത്തില്‍ പരിശീലനം. മഴനടത്തം, റഗ്ബീ, മഡ് ഫുട്‌ബോള്‍, ഓഫ് റോഡ് ജീപ്പ് സഫാരി, മോട്ടോര്‍ സൈക്കിള്‍ റാലി, സൈക്കിള്‍ റാലി എന്നിവയാണ് പ്രധാന പ്രീ-ഇവന്റുകള്‍.

പ്രാദേശിക സംരംഭകപരിശീലനം

പ്രാദേശികസംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി ഏര്‍പ്പെടുത്തുന്ന പരിശീലനപരിപാടി ഇത്തവണത്തെ പുതുമയാണ്. ഹോംസ്റ്റേ പ്രോഗ്രാം, ഫാം ടൂറിസം, ഹോംമെയ്ഡ് ഭക്ഷണം ഉണ്ടാക്കുന്നതില്‍ സ്ത്രീകള്‍ക്ക് പരിശീലനം, സാഹസിക വിനോദസഞ്ചാരം എന്നിവയിലാണ് പരിശീലനം.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഡി.ടി.പി.സി., ജില്ലാപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനാണ് റിവര്‍ ഫെസ്റ്റിന് സാങ്കേതികസഹായം നല്‍കുന്നത്.

Content Highlights: Malabar River Festival to be held from July 25 to 28 in Kozhikode