ഇരുവഞ്ഞിപ്പുഴ കീഴടക്കി അമേരിക്കയുടെ ഇവ; 'ഈ സ്‌നേഹം മറക്കില്ല, കയാക്കിങ്ങിനായി വീണ്ടും വരും'

കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് അമേരിക്കയില്‍ നിന്നെത്തി ഇരുവഞ്ഞിപ്പുഴകീഴടക്കി 'വേഗറാണി'യായി മാറിയ ഇവ ക്രിസ്റ്റീന്‍സനിന്റെ ഹൃദയം മലയോരജനതയും കീഴടക്കി. ''ഈ നാട് എത്ര സുന്ദരമാണ്. ഇവിടത്തെ ആള്‍ക്കാര്‍ എത്ര നല്ലവരാണ്''-ഇവ പറയുന്നു.
കൂട്ടുകാരിയും കയാക്കറുമായ ആനി ഹോഡ്ജനൊപ്പമാണ് ഇവയെത്തിയത്. കേരളത്തില്‍ ആദ്യമാണ് ഇവ. ഇന്ത്യയില്‍ പങ്കെടുത്ത ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ത്തന്നെ ഇരുവഞ്ഞിപ്പുഴയെ കീഴടക്കി വേഗറാണിയായി. സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരിയായി.
ആനി ഹോഡ്ജനും നല്ല പ്രകടനം കാഴ്ചവെച്ചു. അപകടം നിറഞ്ഞതെങ്കിലും കയാക്കന്മാര്‍ക്ക് കേരളത്തിലെ പുഴകള്‍ ആവേശഭരിതമാണെന്നാണ് ഇരുവരുടെയും അഭിപ്രായം. ഇത്തരം പുഴകള്‍ ഇക്വഡോറിലും കോസ്റ്ററിക്കയിലും ഇവര്‍ക്ക് പരിചിതമാണ്.
വ്യത്യസ്തങ്ങളായ ഭക്ഷണം വിളമ്പിയ ആതിഥേയര്‍ ഏറെ പരിഗണന നല്‍കിയെന്നും പ്രദേശത്തെ ജനങ്ങള്‍ ഉദാരമനസ്‌കരുമാണെന്നുമാണ് ഇരുവര്‍ക്കും പറയാനുള്ളത്. വരുംവര്‍ഷങ്ങളിലും വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് കൂട്ടുകാരോടൊപ്പമെത്താനാണ് ഇരുവരുടെയും തീരുമാനം.
Content Highlights: malabar river festival, kayaking, ava christensen, iruvanjippuzha, kerala adventure tourism