ആവേശക്കുതിപ്പില്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് സമാപനം;അമിത് താപ്പയും ഇവാ ക്രിസ്റ്റിന്‍സണും വിജയികള്‍

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞി പുഴയിലുമായി നടന്ന ഒന്‍പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരം സമാപിച്ചു. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിച്ചത്.
കുത്തിയൊഴുകുന്ന പുഴയോരത്ത് പോരാടി അമേരിക്കക്കാരി ഇവാ ക്രിസ്റ്റിന്‍സണ്‍ (20) അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പന്‍ഷിപ്പിന്റെ റാപ്പിഡ് റാണിയായി. ഉത്തരാഖണ്ഡില്‍ നിന്നുള്ള 23കാരന്‍ അമിത് താപ്പയാണ് റാപ്പിഡ് രാജ. ഇരുപതുകാരിയായ ഇവാ ക്രിസ്റ്റിന്‍സണ്‍ കാലിഫോര്‍ണിയ സ്വദേശിയാണ്. പങ്കെടുത്ത ആദ്യത്തെ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ വിജയിക്കാനായി എന്നത് ഇവരുടെ കരിയറിലെ പൊന്‍തൂവലായി.
കയാക്കിങ് ചാമ്പ്യന്‍ഷിപ്പിലെ സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍റിവര്‍ സൂപ്പര്‍ഫൈനല്‍ എന്നിവയിലെ ഒന്നാംസ്ഥാനമാണ് ഇവാ ക്രിസ്റ്റിന്‍സണെയും അമിത് താപ്പയെയും ചാമ്പ്യന്‍ഷിപ്പിന്റെ വിജയികളാക്കിയത് പുരുഷന്‍മാരുടെ എക്‌സ്ട്രീം സ്ലാലോം പ്രോവിഭാഗത്തില്‍ അമിത് താപ്പ ഒന്നാംസ്ഥാനവും മനിഷ് സിങ് റാവത്ത് രണ്ടാംസ്ഥാനവും ദാമന്‍സിങ് മൂന്നാംസ്ഥാനവും നേടി. വനിതകളുടെ എക്‌സ്ട്രീം സ്ലാലോം പ്രോവിഭാഗത്തില്‍ ഇവാ ക്രിസ്റ്റിന്‍സണ്‍ ഒന്നാംസ്ഥാനവും കാനഡയുടെ ഹൈദി വാള്‍സ് രണ്ടാം സ്ഥാനവും ഇന്ത്യയുടെ എലിസബത്ത് റോസ് വിന്‍സന്റ് മൂന്നാം സ്ഥാനവും നേടി.
എക്‌സ്ട്രീം സ്ലാലോം പുരുഷവിഭാഗത്തില്‍ അമിത് താപ്പയ്ക്കാണ് ഒന്നാംസ്ഥാനം. മനിഷ് സിങ് റാവത്ത് രണ്ടാമതും ദാമന്‍ സിങ് മൂന്നാമതുമായി. ഇന്ത്യന്‍ എക്‌സ്ട്രീം സ്ലാലോം വനിതാവിഭാഗത്തില്‍ എലിസബത്ത് റോസ് വിന്‍സന്റ് ഒന്നാംസ്ഥാനവും നൈന അധികാരി രണ്ടാംസ്ഥാനവും പ്രിയങ്ക റാണ മൂന്നാംസ്ഥാനവും നേടി. അണ്ടര്‍ 21 പുരുഷവിഭാഗത്തില്‍ മനീഷ് സിങ് റാവത്ത് ഒന്നാംസ്ഥാനവും അമര്‍ സിങ് രണ്ടാംസ്ഥാനവും നേടി.
അണ്ടര്‍ 21 വനിതാവിഭാഗത്തില്‍ ഇവാ ക്രിസ്റ്റിന്‍സണ്‍ ഒന്നാംസ്ഥാനവും പ്രിയങ്ക റാണ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പുരുഷവിഭാഗം അമേച്വര്‍ മത്സരത്തില്‍ ആദിത്യ ജോഷി ഒന്നാമതും ദ്രുവ് രാജ് ദോള്‍പുരിയ, ആദം മാത്യു സിബി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വനിതാ വിഭാഗം അമെച്ചര്‍ മത്സരത്തില്‍ ഗുന്‍ഗുന്‍ തിവാരി ഒന്നാംസ്ഥാനവും ബബിത ഗോസ്വാമി, കരിഷ്മ ദിവാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
കയാക്കിങ് ഇനിമുതല്‍ ടൂറിസം കലണ്ടറില്‍
അന്തര്‍ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് 2024 മുതല്‍ സംസ്ഥാന ടൂറിസം കലണ്ടറിന്റെ ഭാഗമാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി മൂന്നുദിവസം നീണ്ടുനിന്ന മത്സരത്തിന് സമാപനം കുറിക്കുകയായിരുന്നു അദ്ദേഹം.
കോടഞ്ചേരി പുലിക്കയത്തെ കയാക്കിങ് സെന്റര്‍ വൈറ്റ് വാട്ടര്‍ കയാക്കിങ്, റാഫ്റ്റിങ് എന്നിവയുടെ പരിശീലനകേന്ദ്രമായി മാറ്റും. 2024-ല്‍ പത്തനംതിട്ടയിലെ സീതത്തോട് കയാക്കിങ് ഫെസ്റ്റിവല്‍ നടത്താന്‍ ടൂറിസംവകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സാഹസികവിനോദം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്രക്കിങ്, ഹൈക്കിങ് എന്നിവയ്ക്കായി അമ്പതിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ബേപ്പൂരിലെ സര്‍ഫിങ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പ് വര്‍ക്കലയില്‍ നടത്താന്‍ ആലോചനയുണ്ട്. മൗണ്ടന്‍ സൈക്കിളിങ്ങും പാരാഗ്ലൈഡിങ്ങും വ്യാപിപ്പിക്കും. മുക്കം തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതി പരിഗണിക്കും. പതങ്കയത്ത് തൂക്കുപാലം നിര്‍മിക്കുന്നതിന് ടൂറിസംവകുപ്പ് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ലിന്റോ ജോസഫ് എ.എല്‍.എ. അധ്യക്ഷനായി. ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, കേരള അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ. ബിനു കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നുദിവസം മേഖലയില്‍ ഉത്സവാന്തരീക്ഷത്തില്‍ നടത്തിയ മത്സരത്തില്‍ ഏഴുരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അറുപതിലേറെ ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുത്തു.
Content Highlights: Malabar River Festival 2023 International Kayaking Competition kozhikode